അമേരിക്കയുടെ ചാറ്റ്ജിപിറ്റിയും, ചൈനയുടെ ഡീപ്‌സീക്കും അടക്കമുള്ള നിര്‍മ്മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സേവനങ്ങള്‍ക്ക് നേരിട്ടു വെല്ലുവിളി ഉയര്‍ത്താന്‍ എത്തുകയാണ് ഇന്ത്യയില്‍ വികസിപ്പിച്ച വെബ്എനോയിഡ് (WebEnoid). പ്രാഥമിക ടെസ്റ്റുകളില്‍ മറ്റ് എഐ സേര്‍ച്ച് സംവിധാനങ്ങളെക്കാള്‍ മികവു പുലര്‍ത്തുന്നു എന്നാണ് കാണാന്‍ സാധിച്ചിരിക്കുന്നത്. ഈ സംവിധാനത്തിന്റെ മാറ്റ് നേരിട്ട് പരീക്ഷിച്ചറിയാന്‍ ആഗ്രഹമുളളവര്‍ക്ക് ഇതാ അഡ്രസ്: https://webenoid.com/
ഭൂമിയിലല്ലാതെ മറ്റ് ചില ഗ്രഹങ്ങളിലെത്തിയാൽ മനുഷ്യനെ കാത്തിരിക്കുന്ന അപകടങ്ങള്‍, അറിയാം
ആഗോള തലത്തില്‍ പേരെടുത്ത മറ്റ് പ്രമുഖ എഐ സേര്‍ച്ച് സംവിധാനങ്ങളിലും വെബ്എനോയിഡിലും ഒരേ കാര്യം തന്നെ സേര്‍ച്ച് നടത്തി ടെക്‌നോളജി പ്രേമികള്‍ക്ക് വിലയിരുത്താവുന്നതാണ്. വിഷമം പിടിച്ച ആശയങ്ങളോ, കാര്യങ്ങളോ പോലും സേര്‍ച്ച് ചെയ്താലും വിശദവും, ലളിതവുമായ മറുപടികള്‍ തന്ന് അമ്പരപ്പിക്കുകയാണ് വെബ്എനോയിഡ് ഇപ്പോള്‍.
കേരളത്തിന് ഇത് ഇരട്ടി മധുരം!
പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ച്, ആഗോള തലത്തില്‍ ചിറകുവിരിച്ചുയരാന്‍ ആഗ്രഹിക്കുന്ന എഐ സംവിധാനത്തിനു പിന്നില്‍ ആലപ്പുഴയില്‍ നിന്നുള്ള മലയാളി ബിസിനസുകാരനായ ജോയല്‍ ഇമ്മാനുവലിന്റെ ബുദ്ധിയാണ് ഉള്ളത് എന്നത് കേരളത്തിന് ഇരട്ടി മധുരം സമ്മാനിക്കുന്നു. ഇനിയുള്ള കാലത്ത് സ്വന്തം കാലില്‍ നില്‍ക്കാനായി രാജ്യം പ്രാപ്തമാകണം എന്ന തന്റെ ”മെയിക്ക് ഇന്‍ ഇന്ത്യാ” സ്വപ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോട് യോജിച്ചു പോകുന്ന രീതിയിലാണ് തങ്ങള്‍ വെബ്എനോയിഡ് വികസിപ്പിച്ചതെന്ന് ജോയല്‍ മനോരമ ഓണ്‍ലൈനിന് തന്ന പ്രത്യേക ഇന്റര്‍വ്യൂവില്‍ പറഞ്ഞു.
Representative Image: Photo Credit: TZIDO SUN/shutterstock
ഐഐ സെവനം ഇന്ത്യന്‍ ടെക്‌നോളജിയുടെ ചരിത്രത്തില്‍ പുതിയ ചരിത്രം കുറിക്കുകയാണെന്ന് ബെംഗളൂരു കേന്ദ്രമായി ആരംഭിച്ച വെബ്എനോയിഡിന്റെ മേധാവി ജോയല്‍ അവകാശപ്പെട്ടു. പ്രാദേശികമായി ഇത്തരത്തിലൊരു സംവിധാനം വികസിപ്പിക്കുക എന്നത് അസാധ്യമാണ് എന്ന് പലരും കരുതിപ്പോരുകയായിരുന്നു.
ഒട്ടനവധി സേവനങ്ങള്‍ നല്‍കാന്‍ വെബ്എനോയിഡ്
ചാറ്റ്ജിപിറ്റിയും പെര്‍പ്ലക്‌സിറ്റിയും പോലെ വിവരങ്ങള്‍ ആരായാനുള്ള ഉപാധി എന്നതിനപ്പുറത്ത് പല സേവനങ്ങളും നല്‍കാനും കമ്പനി ഉദ്ദേശിക്കുന്നു. എതൊരു വെബ്‌സൈറ്റിലും ഒരു വരി കോഡ് ചേര്‍ക്കുക വഴി അതിനെ സമൂലം പരിഷ്‌കരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ലാര്‍ജ് ലാംഗ്വെജ് മോഡലുകളില്‍ (എല്‍എല്‍എം) അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ആഗോള ഭീമന്മാരുടേതിനേക്കാള്‍ മികവാര്‍ന്ന് പ്രകടനം നല്‍കാന്‍ ഇപ്പോള്‍ സജ്ജമാണ് വെബ്എനോയിഡ് എന്ന് കമ്പനി പറയുന്നു.
ഏതൊരു വെബ്‌സൈറ്റിലും തങ്ങളുടെ കോഡ് ഉള്‍ക്കൊള്ളിക്കുക വഴി തങ്ങളുടെ കസ്റ്റമര്‍ മാരെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി അറിയാനാകും. ആ കോഡ് വെബ്‌സൈറ്റ് ഉടമയുടെ ഒരു ജോലിക്കാരനെ പോലെ പ്രവര്‍ത്തിക്കും. ഇങ്ങനെ വെബ്‌സൈറ്റുകളെ പുതുക്കാന്‍ ആര്‍ക്കും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിന് ടെക്‌നോളജി അറിയേണ്ട ആവശ്യംപോലും ഇല്ല. വെബ്എനോയിഡ് വെബ്‌സൈറ്റിലെത്തി തങ്ങളുടെ വെബ്‌സൈറ്റ് ഇത്തരത്തില്‍ പരിവര്‍ത്തനം ചെയ്യണമെന്ന് ടൈപ് ചെയ്തു നല്‍കിയാല്‍ മാത്രം മതി ആ കോഡ് ലഭിക്കാന്‍. അതു ചെയ്യുന്ന മാത്രയില്‍ തന്നെ വെബ്‌സൈറ്റിനെ എഐ ശക്തിപകരുന്ന, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഇന്ററാക്ടിവ് സംവിധാനമായി മാറ്റാമെന്ന് കമ്പനി പറയുന്നു.
Image Credit: Canva AI
ബെഞ്ച്മാര്‍ക്ക് ടെസ്റ്റുകളില്‍ മികച്ച പ്രകടനം
അമേരിക്കന്‍ കമ്പനികളായ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിറ്റി, ഗൂഗിളിന്റെ ജെമിനൈ, എക്‌സ്എഐ പ്രവര്‍ത്തിപ്പിക്കുന്ന ഗ്രോക്ക്, പെര്‍പ്ലക്‌സിറ്റി തുടങ്ങിയ എഐ സംവിധാനങ്ങളുമായി നടത്തിയ സ്വതന്ത്ര താരതമ്യ പഠനങ്ങള്‍ വെബ്എനോയിഡിന്റെ മികവ് എടുത്തു കാണിക്കുന്നു. ഇത് ഇപ്പോള്‍ ആര്‍ക്കും പരീക്ഷിച്ചു വിലയിരുത്തുകയും ചെയ്യാം. സന്ദര്‍ഭോചിതമായ മറുപടികളും, സംസ്‌കാരത്തിനു യോജിച്ച മറുപടിയും നല്‍കുന്ന കാര്യത്തില്‍ 95 ശതമാനം റേറ്റിങ്ങാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് കമ്പനി ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ഉത്തരങ്ങള്‍ നല്‍കുന്ന കാര്യത്തിലും, പ്രോബ്ലം സോള്‍വിങ്ങിലും മറ്റു കമ്പനികളെക്കാള്‍ കൃത്യതയും കണ്ടെത്തിയെന്നും കമ്പനി പറയുന്നു.
ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾ വ്യത്യസ്തം, രാജ്യത്തെ വിശ്വസിക്കണമെന്നും യുവാക്കളോട് പ്രശാന്ത് ബി നായർ
ബിസിനസ് സ്ഥാപനങ്ങളും മറ്റും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ആഴത്തില്‍ മനസിലാക്കി ഉത്തരം നല്‍കുന്ന കാര്യത്തില്‍ വെബ്എനോയിഡ് മറ്റ് എഐ സംവിധാനങ്ങളെ പിന്നിലാക്കുന്നു എന്ന് ജോയല്‍ അവകാശപ്പെട്ടു. സംസ്‌കാരം അറിഞ്ഞ്, അതായത് ഇന്ത്യയില്‍ നിന്നുള്ള സേര്‍ച്ചുകളും ആഗോള സെര്‍ച്ചുകളും തിരിച്ചറിഞ്ഞ് ഉത്തരം നല്‍കുന്നതിലും തങ്ങളാണ് മുന്നിലെന്നും വെബ്എനോയിഡ് ടീം അവകാശപ്പെട്ടു.
പ്രൊഫഷണലുകള്‍ക്കും ജോലിയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒപ്പം കൂട്ടാവുന്ന എഐ ചങ്ങാതിയുമാണ് വെബ്എനോയിഡ്. പുതിയ സ്‌കില്ലുകള്‍ പഠിച്ചെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താം. ജോലി അന്വേഷകര്‍ക്ക് വിവരങ്ങള്‍ ആരായാം. നെറ്റ്‌വര്‍ക്കിങ് സപ്പോര്‍ട്ട്, പെര്‍ഫോര്‍മന്‍സ് എന്‍ഹാന്‍സ്‌മെന്റ് തുടങ്ങിയവയ്ക്കും ആശ്രയിക്കാവുന്ന ടൂളായി മാറുകയാണ് വെബ്എനോയിഡ്.
ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കസ്റ്റമര്‍മാരുടെ അന്വേഷണങ്ങള്‍ക്കും മറ്റും മറുപടി പറയാനും വെബ്എനോഡ് ഉള്‍ക്കൊള്ളിക്കാം. വെബ്‌സൈറ്റ് ഡിവലപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍, സെയില്‍സ് ഒപ്റ്റിമൈസേഷന്‍, ടീം ട്രെയിനിങ് തുടങ്ങിയ കാര്യങ്ങളും വെബ്എനോയിഡിന്റെ സേവനങ്ങളുടെ പട്ടികയില്‍ വരും. വിവിധ ഭാഷകള്‍ വശപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ ഏറ്റവും ഉചിതമായ എഐ സംവിധാനമായിരിക്കാം ഇതെന്ന് കമ്പനി പറയുന്നു.
കോണ്‍വര്‍സേഷണല്‍ എഐക്ക് അപ്പുറത്ത്
സംഭാഷണം നടത്തി മറുപടി പറയുന്ന പരമ്പരാഗത എഐ സംവിധാനങ്ങള്‍ക്ക് അപ്പുറത്തേക്കും വെബ്എനോയിഡ് കടക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും, തൊഴിലന്വേഷകര്‍ക്കും, പ്രൊഫഷണലുകള്‍ക്കും, ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഗൗരവത്തിലെടുക്കേണ്ട ടൂളായി മാറുന്നു എന്ന സൂചന നല്‍കുന്നു. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ കണ്ടെത്താനും, വില പരിശോധിക്കാനും, റിവ്യുകള്‍ പരിശോധിച്ച് വിശ്വസിക്കാവുന്ന സെല്ലര്‍ ആണോ എന്നൊക്കെ പറഞ്ഞു തരാനുള്ള ശേഷിയും വെബ്എനോയിഡിന് കിട്ടും.
ഇനി മുതൽ പൂര്‍ണമായും തദ്ദേശീയമായ 5ജി റെഡി 4ജി, കേരളത്തിൽ 6,880 ടവറുകൾ; 28 ലക്ഷം ഉപയോക്താക്കൾക്ക് നേട്ടം
വെറുതെ എഐ വികസിപ്പിക്കുകയല്ല ചെയ്യുന്നത്, മറിച്ച് അതിനെ ജനാധിപത്യവല്‍ക്കരിക്കുകയാണ് എന്ന് ജോയല്‍ പറയുന്നു. ഓരോ വെബ്‌സൈറ്റിനും എഐ ഉള്‍ക്കൊള്ളിച്ച് ബുദ്ധിയോടെ പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഇത്തരം പരിവര്‍ത്തനം ലളിതമായിരിക്കണം താനും, എന്നതാണ് തന്റെ സ്വപ്‌നമാണ് വെബ്എനോയിഡ് പ്രാവര്‍ത്തികമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ വെബ്എനോയിഡ് ലൈവ് വാര്‍ത്തകള്‍ പോലെയുള്ള സംവിധാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു നല്‍കാന്‍ ആരംഭിച്ചിട്ടില്ല. എന്നാല്‍, കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ അതും ആരംഭിക്കുമെന്നും ജോയല്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
Artificial Intelligence
Technology News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

