മക്കാവുവിലെ (Macau) പാതയിലൂടെ നടക്കുകയായിരുന്ന മുതിർന്ന സ്ത്രീ, പിന്നിലെത്തിയ ഹ്യൂമനോയിഡ് റോബട് കണ്ട് ഭയന്നുവീഴുകയും, തുടർന്ന് ഈ റോബട് പൊലീസിന്റെ ‘അറസ്റ്റിൽ’ ആകുകയും ചെയ്തുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം. സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ലൊക് യെയുങ് ഫാ യുയെൻ (Lok Yeung Fa Yuen) റെസിഡൻഷ്യൽ കോംപ്ലക്സിന് മുന്നിലായിരുന്നു സംഭവം. ലോകത്ത് ആദ്യമായി ഒരു റോബട് അറസ്റ്റിലാകുന്ന സന്ദർഭമാണോ ഇതെന്ന ചോദ്യവുമായി ഇന്റർനെറ്റ് ലോകവും രംഗത്തെത്തിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടിയ ഈ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം:
ചെറുതെങ്കിലും വളരെ പവർഫുൾ! കടലിലെ അപകടകാരികളായ കുള്ളൻ അന്തർവാഹിനികൾ
എന്താണ് സംഭവിച്ചത്?
ഏകദേശം 70 വയസ്സ് പ്രായമുള്ള സ്ത്രീ തന്റെ ഫോണിൽ നോക്കി നിൽക്കുന്ന സമയത്താണ് തൊട്ടടുത്ത് റോബട് എത്തിയത്. പെട്ടെന്ന് തിരിഞ്ഞുനോക്കിയ ഇവർ റോബടിനെ കണ്ട് ഭയന്ന് നിലവിളിക്കുകയായിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ സഹായത്തിന് എത്തുന്നതിന് മുൻപ് തന്നെ സ്ത്രീ റോബടിനോട് തട്ടിക്കയറുന്നത് വിഡിയോയിൽ കാണാം. തുടർന്ന് ഒരു മുൻകരുതലെന്ന നിലയിൽ സ്ത്രീയെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇവർക്ക് പരുക്കുകളൊന്നും ഏറ്റിട്ടില്ലാത്തതിനാൽ പൊലീസിൽ പരാതി നൽകാൻ തയാറായില്ല.
ADVERTISEMENT
അറസ്റ്റ് കഥ വന്നതെങ്ങനെ?
സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ റോബടിന്റെ തോളിൽ കൈവച്ച് അതിനെ കൂട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ വിഡിയോയിലുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ‘റോബട് അറസ്റ്റിലായി’ എന്ന തരത്തിലുള്ള കമന്റുകളും പ്രചാരണങ്ങളും വ്യാപകമായത്. മറ്റൊരു മനുഷ്യനെ കൊണ്ടുപോകുന്നത് പോലെ പൊലീസ് റോബടിനെ കൊണ്ടുപോകുന്ന കാഴ്ച ഇതിനുമുൻപ് ലോകം കണ്ടിരിക്കാനിടയില്ല എന്നതാണ് ഈ കൗതുകത്തിന് കാരണം.
റോബടിനെ തിരിച്ച് ഉടമയെ ഏൽപ്പിച്ചു
ADVERTISEMENT
സംഭവത്തിന് ശേഷം റോബടിനെ പൊലീസ് അതിന്റെ ഉടമയുടെ അടുത്ത് തിരിച്ചെത്തിച്ചു. കൂടുതൽ ശ്രദ്ധയോടെ മാത്രമേ ഇതിനെ പ്രവർത്തിപ്പിക്കാവൂ എന്ന കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് അപകടം ഉണ്ടാകാനോ അവർ ഭയപ്പെടാനോ പാടില്ലെന്നും അധികൃതർ നിർദേശിച്ചു. ഒരു പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യത്തിനായാണ് റോബടിനെ നിരത്തിലിറക്കിയത്. യൂണിട്രീ റോബട്ടിക്സ് (Unitree Robotics) 2024-ൽ പുറത്തിറക്കിയ മോഡലാണിത്. റോബട് പുറപ്പെടുവിച്ച പ്രകാശമായിരിക്കാം സ്ത്രീയെ ഭയപ്പെടുത്തിയതെന്ന് ഇത് പ്രവർത്തിപ്പിച്ച സ്ഥാപനം പറയുന്നു.
ചരിത്രത്തിലാദ്യമായി റോബട് അറസ്റ്റിലോ? സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?
ലോകത്തിലെ ആദ്യത്തെ റോബട് അറസ്റ്റോ?
ലോകത്തിലെ ആദ്യത്തെ റോബട് അറസ്റ്റ് എന്ന വിവരണം സമൂഹമാധ്യമങ്ങളിലെ ഒരു തമാശ മാത്രമാണ്. നിയമപരമായി അറസ്റ്റ് നടന്നിട്ടില്ല. റോബടിനെ കരുതൽ തടങ്കലിൽ (Detained) വെച്ചുവെന്ന് ഉദ്യോഗസ്ഥർ തമാശരൂപേണ പറഞ്ഞതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ഈ സംഭവത്തിൽ ഔദ്യോഗികമായി റോബടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. റോബടുകൾ അറസ്റ്റിലായ ചരിത്രം രേഖപ്പെടുത്തപ്പെട്ട ആഗോള റജിസ്ട്രികളൊന്നും നിലവിലില്ല. മാധ്യമങ്ങളുടെയും ഇന്റർനെറ്റ് ഉപയോക്താക്കളുടെയും ആവേശമാണ് ഈ പ്രചാരണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. എങ്കിലും, ഭാവിയിൽ ‘പൊലീസ് പിടിച്ചുകൊണ്ടുപോയ ആദ്യത്തെ റോബട്’ എന്ന കൗതുകകരമായ വിശേഷണം ഒരുപക്ഷേ ഇതിന് ലഭിച്ചേക്കാം.
ADVERTISEMENT

