ചന്ദ്രന്റെ വിദൂരവശം ലക്ഷ്യമാക്കിയുള്ള സവിശേഷ റോവർ ദൗത്യമായ റാഷിദ് 2ന്റെ വികസനം പൂർത്തിയാക്കിയതായി യുഎഇ അറിയിച്ചു. ഇതിന്റെ അടുത്ത ഘട്ടങ്ങൾക്കായി യുഎസിലേക്ക് അയച്ചിട്ടുണ്ട്. അടുത്തവർഷം റോവർ വിക്ഷേപിക്കപ്പെടും. യുഎഇയിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലാണ് റോവറിന്റെ വികസനം. ഗൾഫ് മേഖലയിലെ സാമ്പത്തിക ശക്തികളിലൊന്നായ യുഎഇ ബഹിരാകാശ സാങ്കേതിക വിദ്യയ്ക്ക് അടുത്ത കാലത്തായി വലിയ ശ്രദ്ധ കൊടുക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണു മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ സ്ഥാപിച്ചത്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും വിവിധ ദൗത്യങ്ങൾ യുഎഇ നടത്തിയിരുന്നു.
ബഹിരാകാശ നിലയം പ്രവർത്തനം നിർത്തും, സമുദ്രത്തിലേക്ക് പതിക്കും! എവിടെയെന്നും എപ്പോഴെന്നും അറിയാം
ചന്ദ്രന്റെ വിദൂര വശം ഭൂമിയിൽ നിന്ന് നമുക്ക് കാണാനാകില്ല. ഭൂമിയും ചന്ദ്രനുമായി ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഈ വശം എന്നുമെന്നും നമുക്ക് മുഖം തരാതെയാണിരിക്കുന്നത്. അതിനാൽ തന്നെ ശാസ്ത്രജ്ഞർ ഈ വശത്തെ വിദൂരവശം അഥവാ ഫാർ സൈഡ് എന്നു വിളിച്ചു. ചന്ദ്രൻ ഭൂമിയെ ഭ്രമണം ചെയ്യാനെടുക്കുന്ന സമയവും അതു സ്വന്തം അച്ചുതണ്ടിൽ ചുറ്റിത്തിരിയുന്ന സമയം ഏകദേശം ഒന്നുതന്നെയായതാണ് ടൈഡൽ ലോക്കിങ്ങിനു വഴിവച്ചത്.
Image Credit: Shutterstock
ഇരുണ്ടവശമെന്ന തെറ്റിദ്ധാരണ
തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇരുണ്ട വശമെന്നും ഈ വശം അറിയപ്പെടാറുണ്ട്. പേരു കേൾക്കുമ്പോൾ ഈ ഭാഗം മുഴുവൻ ഇരുട്ടാണെന്നു നമുക്ക് തോന്നാം, എന്നാലിത് തെറ്റാണ്. വിദൂരവശത്തും സൂര്യപ്രകാശം നമ്മെ അഭിമുഖീകരിക്കുന്ന വശത്തിൽ പ്രകാശം വീഴുന്നതിന്‌റെ അതേ തോതിൽ വീഴാറുണ്ട്.
നമ്മെ അഭിമുഖീകരിക്കുന്ന ചാന്ദ്രമുഖത്തിൽ നിന്നു തീർത്തും വ്യത്യസ്തമാണ് വിദൂരവശം. നമ്മെ അഭിമുഖീകരിക്കുന്ന വശത്തെ അപേക്ഷിച്ച് കൂടുതൽ പടുകുഴികളും ഗർത്തങ്ങളും വിദൂരവശത്തുണ്ട്. അഗ്നിപർവത പ്രവാഹങ്ങളാൽ സൃഷ്ടിക്കപ്പെട്ട ഇരുണ്ട സമതലങ്ങൾ ഈ വശത്ത് വളരെ കുറവാണ്.
ആദിമകാലത്ത് ഭൂമിയിലേക്ക് തിയ എന്ന മറ്റൊരു ഗ്രഹം വന്നിടിച്ചതിനെത്തുടർന്നുണ്ടായ പ്രത്യാഘാതങ്ങളിലാണ് ചന്ദ്രൻ പിറവിയെടുത്തതെന്നാണ് ചന്ദ്രന്‌റെ ജനനം സംബന്ധിച്ചുള്ള പ്രബലമായ സിദ്ധാന്തം.

