എക്‌സ് പ്ലാറ്റ്‌ഫോമിലെ എഐ ടൂളായ ‘ഗ്രോക്ക്’ ഉപയോഗിച്ച് അശ്ലീലമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കം നിർമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉടമ ഇലോൺ മസ്‌ക് വ്യക്തമാക്കി. ഇത്തരത്തിൽ എഐ വഴി നിർമിക്കുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങൾ, നേരിട്ട് അപ്‌ലോഡ് ചെയ്യുന്ന കുറ്റകൃത്യത്തിന് തുല്യമായി കണക്കാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്ത്രീകളുടെ ചിത്രങ്ങൾ വികൃതമാക്കുന്ന തരത്തിലുള്ള എഐ നിർമ്മിത ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം എക്‌സിന് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് മസ്‌കിന്റെ പ്രതികരണം.
മുള്ളില്ലാത്ത മീൻ! ലോകത്തെ അമ്പരപ്പിച്ച് ചൈനയുടെ പുതിയ കണ്ടുപിടിത്തം ഇങ്ങനെ
വിവാദത്തിന്റെ തുടക്കം
ഡിസംബർ അവസാന വാരമാണ് എക്‌സിൽ ഗ്രോക്ക് എഐ ഉപയോഗിച്ച് ഫോട്ടോകൾ എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ചത്. മസ്‌കിന്റെ എഐ ടൂളിന് ഒരു ഫോട്ടോ നൽകി “ഗ്രോക്ക്, വസ്ത്രമുരിഞ്ഞ് ബിക്കീനിയിൽ ആക്കൂ” എന്നതടക്കമുള്ള നിർദ്ദേശങ്ങൾ നൽകി ചിത്രങ്ങൾ നിർമിക്കാനാകുമെന്ന് കണ്ടെത്തിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ഇതൊരു തമാശയായി തുടങ്ങിയെങ്കിലും പിന്നീട് സാധാരണക്കാരായ സ്ത്രീകളുടെ ചിത്രങ്ങൾ പോലും അനുവാദമില്ലാതെ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന, സ്വകാര്യതയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി മാറി.പല ഉപയോക്താക്കളും ഈ ഫീച്ചറിനെ ‘അരോചകം’ എന്നാണ് വിശേഷിപ്പിച്ചത്.
വീട് വാങ്ങിക്കൂട്ടുന്നതിന് പിന്നാലെ ഇന്ത്യയിൽ നിറഞ്ഞ് ജപ്പാന്റെ പണം, കേരളത്തിന്റെ അയലത്ത് 40,000 കോടി
Business News
ഇന്ത്യയിൽ നിന്നുള്ള ശക്തമായ പ്രതിഷേധം
ഈ ഫീച്ചർ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെ ചിത്രങ്ങൾ മോശമായി ചിത്രീകരിക്കുന്നതിനെതിരെ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി കേന്ദ്ര ഐടി മന്ത്രിക്ക് പരാതി നൽകി.
“വമ്പൻ ടെക്നോളജി കമ്പനികൾ സ്ത്രീകളുടെ അഭിമാനത്തിന് വില കൽപ്പിക്കണം. ഇത്തരം പ്രവണതകൾക്കെതിരെ പ്രതിരോധം ആവശ്യമാണ്,” – പ്രിയങ്ക ചതുർവേദി എക്‌സിൽ കുറിച്ചു.
പ്രിയങ്കയുടെ പോസ്റ്റിനും പൊതുജനാഭിപ്രായത്തിനും പിന്നാലെയാണ് കുറ്റകരമായ ഉള്ളടക്കങ്ങൾക്കും അക്കൗണ്ടുകൾക്കുമെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ എക്‌സിന് നിർദ്ദേശം നൽകിയത്.
മസ്‌കിന്റെ ‘പേന’ സിദ്ധാന്തവും തിരിച്ചടിയും
വിവാദങ്ങളോട് പ്രതികരിക്കവെ മസ്‌ക് ഒരു വിചിത്രമായ വാദമാണ് ഉന്നയിച്ചത്: “ഗ്രോക്ക് മോശം ചിത്രങ്ങൾ ഉണ്ടാക്കുന്നു എന്ന് പറയുന്നത്, ഒരു പേന ഉപയോഗിച്ച് മോശമായത് എഴുതിയതിന് പേനയെ കുറ്റപ്പെടുത്തുന്നതുപോലെയാണ്. പേനയല്ല, അത് പിടിച്ചിരിക്കുന്ന വ്യക്തിയാണ് എന്ത് എഴുതണമെന്ന് തീരുമാനിക്കുന്നത്. ഗ്രോക്കിന്റെ കാര്യത്തിലും അങ്ങനെ തന്നെ.”
ഈ വിവാദങ്ങൾക്കിടയിൽ മസ്‌ക് തന്നെ സ്വന്തം ചിത്രം എഐ ഉപയോഗിച്ച് ബിക്കീനിയിലാക്കി പോസ്റ്റ് ചെയ്തത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഇതൊരു ‘ട്രെൻഡ്’ ആയി മാറുകയും ബിൽ ഗേറ്റ്‌സ്, ഹോളിവുഡ് താരങ്ങൾ എന്നിവർക്ക് പുറമെ സാധാരണക്കാരുടെ ചിത്രങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനും ഇത് കാരണമായി.
പഴയ ‘ഓട്ടു പാത്രം’ തേടി നടക്കുന്ന നാസ! വിഗ്രഹമോഷണക്കേസിലെ ഇറിഡിയം എന്ന ‘പ്രതിയുടെ’ യാഥാർഥ്യം അറിയാം
നിയമപരവും ധാർമ്മികവുമായ ചോദ്യങ്ങൾ
ഈ സംഭവം ഇന്റർനെറ്റ് ലോകത്തെ തന്നെ രണ്ടു തട്ടിലാക്കിയിരിക്കുകയാണ്. ഒരു വ്യക്തിയുടെ ചിത്രം, അയാലുടെ അനുവാദമില്ലാതെ എഐ ഉപയോഗിച്ച് വികൃതമാക്കുന്നത് സ്വകാര്യതയുടെ ലംഘനമാണ്. ഇതിനെതിരെ കൃത്യമായ നിയമം വരണമെന്ന് ഒരു വിഭാഗം വാദിക്കുന്നു.
തമാശയോ അതിക്രമമോ?: ചിലർ ഇതിനെ വെറും തമാശയായി കാണുമ്പോൾ, അപ്രതീക്ഷിതമായി സ്വന്തം ചിത്രം വികൃതമായി കാണേണ്ടി വരുന്നവരുടെ മാനസികാവസ്ഥ പരിഗണിക്കണമെന്ന് മറുവിഭാഗം ഓർമ്മിപ്പിക്കുന്നു.
വീട് വാങ്ങിക്കൂട്ടുന്നതിന് പിന്നാലെ ഇന്ത്യയിൽ നിറഞ്ഞ് ജപ്പാന്റെ പണം, കേരളത്തിന്റെ അയലത്ത് 40,000 കോടി
Business News
പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തം: ‘ന്യൂഡിഫൈ’ (Nudify) ആപ്പുകൾ വർഷങ്ങളായി നിലവിലുണ്ടെങ്കിലും, എക്‌സ് പോലെ കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഒരു മുഖ്യധാരാ പ്ലാറ്റ്‌ഫോമിൽ ഇത്തരം ഫീച്ചറുകൾ നിയന്ത്രണമില്ലാതെ നൽകുന്നത് അപകടകരമാണ്.
എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം പ്രശസ്തമായ ഫോട്ടോകളും കലാസൃഷ്ടികളും വികലമാക്കപ്പെടാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓൺലൈൻ പെരുമാറ്റച്ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങളും, എഐ ടൂളുകൾക്ക് കടിഞ്ഞാണിടാനുള്ള നിയമനിർമ്മാണവും അത്യാവശ്യമാണെന്ന വാദത്തിന് ഈ സംഭവം ശക്തിപകർന്നിരിക്കുകയാണ്.

