ന്യൂയോർക്ക്: ഉപയോക്താക്കളുടെ വ്യക്തിപരമായ നിമിഷങ്ങൾ കൂടുതൽ സർഗ്ഗാത്മകമായി ഓർത്തെടുക്കാനും പങ്കുവെക്കാനും സഹായിക്കുന്നതിനായി പുതിയൊരു എഐ പവേർഡ് ഫീച്ചറുമായി ഫെയ്‌സ്ബുക്ക്. ഉപയോക്താവിന്റെ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകൾക്കും വിഡിയോകൾക്കും ഓട്ടോമാറ്റിക്കായി ഡിറ്റുകളും കൊളാഷുകളും നിർദ്ദേശിക്കാൻ കഴിവുള്ളതാണ് ഈ പുതിയ ടൂൾ.
ചിത്രങ്ങളോ വിഡിയോകളോ ക്ലൗഡിലേക്ക് അപ്‌ലോഡ് ചെയ്യാതെ തന്നെ പ്രവർത്തിക്കുമെന്നതാണ് ഈ ഫീച്ചറിൻ്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ അമേരിക്കയിലും കാനഡയിലുമാണ് ഈ സവിശേഷത ലഭ്യമായിട്ടുള്ളത്.
ഭൂമിയുടെ ഉള്ളിലിറങ്ങിയ യുഎസ് നാവികൻ! ദുരൂഹതകളുയർത്തിയ ‘മിസിങ് ഡയറി’
എന്താണ് ഈ പുതിയ ഫീച്ചർ?
ഫീച്ചർ ഓപ്റ്റ്-ഇൻ (opt-in) ചെയ്ത് എനേബിൾ ചെയ്താൽ, ഉപയോക്താവിന്റെ ക്യാമറ റോളിൽ AI സ്കാൻ ചെയ്യും. സാധാരണ സ്ക്രീൻഷോട്ടുകൾക്കും മറ്റ് ചിത്രങ്ങൾക്കുമിടയിൽ മറഞ്ഞുപോയ ‘ഒളിപ്പിച്ചുവെച്ച രത്നങ്ങളെ’ (hidden gems) കണ്ടെത്തി, മെച്ചപ്പെടുത്തലുകൾ, സ്റ്റൈലൈസ്ഡ് എഡിറ്റുകൾ, കൊളാഷ് നിർദ്ദേശങ്ങൾ എന്നിവയായിരിക്കും ഈ AI ഉപയോക്താവിന് മുന്നിൽ അവതരിപ്പിക്കുക.
ചിത്രങ്ങൾ കൂടുതൽ ആകർഷകമാക്കാനും അതുവഴി അവ ഫെയ്‌സ്ബുക്കിലും മെസഞ്ചറിലും വേഗത്തിൽ പങ്കുവെക്കാനും ഇത് സഹായിക്കും. ഈ നിർദ്ദേശങ്ങൾ ഉപയോക്താവിന് സ്വകാര്യമായിട്ടാണ് ലഭിക്കുക. അവ സേവ് ചെയ്യണോ, പങ്കുവെക്കണോ, അതോ അവഗണിക്കണോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം.
മെറ്റാ (Meta) ഒരു ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കിയത് ഇങ്ങനെ: “നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ ഓർമ്മിക്കുന്നതും പങ്കുവെക്കുന്നതും എളുപ്പവും രസകരവുമാക്കാൻ രൂപകൽപ്പന ചെയ്ത ഒരു പുതിയ ഫെയ്‌സ്ബുക്ക് ഫീച്ചർ ഞങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്. ഓപ്റ്റ്-ഇൻ ചെയ്യാനുള്ള ഈ ഫീച്ചർ നിങ്ങളുടെ ക്യാമറ റോളിലെ മികച്ച ഫോട്ടോകളും വീഡിയോകളും നിർദ്ദേശിക്കുകയും രസകരമായ കൊളാഷുകളും എഡിറ്റുകളും സൃഷ്ടിക്കുകയും ചെയ്യുന്നു. അതുവഴി ഫെയ്‌സ്ബുക്കിലും മെസഞ്ചറിലും തനതായ ഉള്ളടക്കം പങ്കുവെക്കുന്നത് ലളിതമാവുന്നു.”
ക്ലൗഡ് സ്റ്റോറേജിനെ ആശ്രയിക്കാതെ, ഉപയോക്താവിൻ്റെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട് AI ശക്തി ഉപയോഗിച്ച് വ്യക്തിഗത ഫോട്ടോ അനുഭവം മെച്ചപ്പെടുത്താനുള്ള മെറ്റായുടെ ശ്രമമായി ഇതിനെ കാണാം.

