Breaking
5 Feb 2026, Thu

കൊക്കെയ്ൻ സാമ്രാജ്യത്തിലെ ‘സൂര്യന്മാർ’; എന്താണ് അമേരിക്ക പറയുന്ന, വെനസ്വേലയിലെ ‘കാർട്ടൽ ഡെ ലോസ് സോൾസ്’ എന്ന നിഗൂഢ സംഘടന?

ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ നിമിഷങ്ങൾക്കാണ് ന്യൂയോർക്ക് നഗരം സാക്ഷ്യം വഹിക്കുന്നത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സീലിയ ഫ്ലോറെസുംലഹരി മരുന്ന് കടത്ത് കേസിൽ വിചാരണ നേരിടാൻ അമേരിക്കൻ മണ്ണിലെത്തിക്കഴിഞ്ഞു. വെനസ്വേലൻ തലസ്ഥാനമായ കാരക്കസിൽ നിന്ന് അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പിടികൂടിയത്.

‘സീൽ ടീം 6’-ന് തൊട്ടുതാഴെയുള്ള അപകടകാരികളായ കമാൻഡോ വിഭാഗം; മിഡിൽ ഈസ്റ്റിൽ ചോരക്കളങ്ങളുണ്ടാക്കിയ ഡെൽറ്റ ഫോഴ്‌സ്, ഇപ്പോൾ വെനസ്വേലയിൽ!

യുഎസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിലെ അജ്ഞാതമായ സ്ഥലത്തുണ്ടായിരുന്ന വിമാനവാഹിനി കപ്പലിലേക്കും, അവിടെനിന്ന് ഗ്വാണ്ടനാമോയിലെ യുഎസ് നാവിക കേന്ദ്രത്തിലേക്കും മാറ്റിയ മഡുറോയെ ഒടുവിൽ വിമാനമാർഗ്ഗം ന്യൂയോർക്കിൽ എത്തിക്കുകയായിരുന്നു. ഹെലികോപ്റ്ററിൽ മാൻഹട്ടനിലേക്ക് കൊണ്ടുപോകുന്ന ഇവരെ കാത്തിരിക്കുന്നത് ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ലഹരി വിചാരണകളിലൊന്നാണ്. ഇതോടെ ലോകത്തിന്റെ ശ്രദ്ധ വീണ്ടും വെനസ്വേലയിലെ ‘കാർട്ടൽ ഡെ ലോസ് സോൾസ്’ എന്ന നിഗൂഢ സംഘടനയിലേക്ക് തിരിയുകയാണ്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാർത്താസമ്മേളനം (JIM WATSON / AFP), ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട് നിക്കോളാസ് മഡുറോയുടെ ചിത്രം (HANDOUT / US PRESIDENT DONALD TRUMP’S TRUTH SOCIAL ACCOUNT / AFP)

എന്താണ് കാർട്ടൽ ഡെ ലോസ് സോൾസ്?

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ രേഖകളിൽ ഇതൊരു സാധാരണ മാഫിയ സംഘമല്ല, മറിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും അദ്ദേഹത്തിന്റെ സർക്കാരിലെ ഉന്നതരും നേരിട്ട് നയിക്കുന്ന ഒരു ‘ ഭീകര സംഘടന’ആണെന്ന് അമേരിക്ക ആരോപിക്കുന്നു. 1990-കളിൽ വെനസ്വേലൻ ജനറൽമാർ തോളിൽ അണിഞ്ഞിരുന്ന നക്ഷത്രചിഹ്നങ്ങളായ ‘സൂര്യൻ’ എന്നതിൽ നിന്നാണ് ഈ പേര് ഉരിത്തിരിഞ്ഞത്. ഒരുകാലത്ത് രാജ്യസ്‌നേഹത്തിന്റെ അടയാളമായിരുന്ന ആ സൂര്യന്മാർ, ഇന്ന് കൊക്കെയ്ൻ കടത്തിന്റെ മുദ്രകളായി മാറിയെന്നാണ് അമേരിക്കയുടെ വാദം.

‘നാർക്കോ നെവ്യൂസ്’: ലോകം ഞെട്ടലോടെ കേട്ട കഥ

ഈ സാമ്രാജ്യത്തിന്റെ വ്യാപ്തി ലോകം തിരിച്ചറിഞ്ഞത് 2015-ലെ ഒരു സംഭവത്തിലൂടെയാണ്. ഹെയ്ത്തിയിലെ പോർട്ട്-ഓ-പ്രിൻസിലെ ആഡംബര ഹോട്ടലിൽ വെച്ച് മഡുറോയുടെ ഭാര്യയുടെ അനന്തരവന്മാരായ ഫ്രാങ്ക്വി ഫ്ലോറസും എഫ്രെയ്ൻ കാമ്പോയും (നാർക്കോ നെവ്യൂസ്) പിടിയിലാകുന്നു. പ്രസിഡന്റിന്റെ വിമാനത്താവളത്തിലെ വിവിഐപി റൂം ഉപയോഗിച്ച് ടൺ കണക്കിന് ലഹരി കടത്താമെന്ന് വാഗ്ദാനം ചെയ്ത ഇവർ, വേഷം മാറിയെത്തിയ അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് (DEA) ഉദ്യോഗസ്ഥരോടാണ് സംസാരിച്ചിരുന്നത്. 2022-ൽ തടവുകാരുടെ കൈമാറ്റത്തിലൂടെ ഇവർ മോചിപ്പിക്കപ്പെട്ടെങ്കിലും, വെനസ്വേലൻ ഭരണകൂടത്തിന് ലഹരിമാഫിയയുമായുള്ള ബന്ധം വെളിപ്പെടുത്തിയ സംഭവമായിരുന്നു അത്.

അമ്പരപ്പിക്കുന്ന ശാസ്ത്രം; 130 വർഷങ്ങൾക്ക് ശേഷം ടാസ്മാനിയൻ ടൈഗർ ഉയിർത്തെഴുന്നേൽക്കുന്നു!

പെട്രോ-സ്റ്റേറ്റിൽ നിന്ന് നാർക്കോ-സ്റ്റേറ്റിലേക്ക്

എണ്ണസമ്പത്ത് കൊണ്ട് സ്വർഗ്ഗമാകേണ്ടിയിരുന്ന വെനസ്വേല, സാമ്പത്തിക തകർച്ച നേരിട്ടപ്പോൾ കണ്ടെത്തിയ എളുപ്പവഴിയായിരുന്നു ലഹരിക്കടത്ത് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. “ശമ്പളം കൊടുക്കാൻ പണമില്ല, അതിർത്തിയിൽ നിന്ന് നിങ്ങൾക്കുള്ളത് ഉണ്ടാക്കിക്കോളൂ” എന്ന് കാലത്ത് പട്ടാളത്തിന് നൽകിയ മൗനാനുവാദമാണ് ഇതിന്റെ തുടക്കമെന്ന് മെക്സിക്കൻ ക്രൈം എക്സ്പേർട്ട് റൗൾ ബെനിറ്റെസ്-മനൗ പറയുന്നു. –

കൊളംബിയയിലെ ഗറില്ലാ ഗ്രൂപ്പായ FARC-ഉം വെനസ്വേലൻ സൈന്യവും കൈകോർത്തതോടെ അമേരിക്കയിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ ഒഴുകാൻ തുടങ്ങി. വെനസ്വേലൻ വ്യോമസേനയുടെ സഹായത്തോടെയാണ് ഈ ഒഴുക്ക് നടക്കുന്നതെന്ന് മുൻ ഡി.ഇ.എ ഏജന്റായ വെസ്ലി ടാബർ വെളിപ്പെടുത്തുന്നു.

പഴയ ‘ഓട്ടു പാത്രം’ തേടി നടക്കുന്ന നാസ! വിഗ്രഹമോഷണക്കേസിലെ ഇറിഡിയം എന്ന ‘പ്രതിയുടെ’ യാഥാർഥ്യം അറിയാം

അമേരിക്ക ഭയക്കുന്ന ‘നാർക്കോ-ടെററിസം’

വെറും പണമുണ്ടാക്കൽ മാത്രമല്ല മഡുറോയുടെയും സംഘത്തിന്റെയും ലക്ഷ്യമെന്ന് അമേരിക്കൻ ഭരണകൂടം വിശ്വസിക്കുന്നു. ലഹരിപ്പണം ഉപയോഗിച്ച് അമേരിക്കൻ സമൂഹത്തെ തകർക്കുക എന്ന ‘നാർക്കോ-ടെററിസം’ ആണ് ഇവർ നടപ്പിലാക്കുന്നത‌െന്നതാണ് ട്രംപിന്റെ ആരോപണം. മഡുറോയുടെ വലംകൈയ്യായ ഡിയോസ്ഡാഡോ കബെല്ലോയും ഈ കാർട്ടലിലെ പ്രധാന കണ്ണിയാണെന്ന് ആരോപിക്കപ്പെടുന്നു. മഡുറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 15 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചതും ഈ ഭയമാണ്.

കൂടാതെ, വെനസ്വേലയിലെ ‘ആർക്കോ മിനേറോ’ മേഖലയിലെ അനധികൃത സ്വർണ്ണ ഖനനവും (Blood Gold) നിയന്ത്രിക്കുന്നത് ഇതേ കാർട്ടൽ ആണെന്ന് പറയപ്പെടുന്നു.

Image Credit: Canva

അതോ അമേരിക്കൻ തിരക്കഥയോ?

മഡുറോയുടെ അറസ്റ്റോടെ അമേരിക്കൻ വാദങ്ങൾക്ക് ശക്തി പകരുകയാണെങ്കിലും, മറുപക്ഷത്ത് ശക്തമായ എതിർവാദങ്ങളുമുണ്ട്. വെനസ്വേലൻ വിദേശകാര്യ മന്ത്രാലയം ഈ ആരോപണങ്ങളെ “പുതിയതും പരിഹാസ്യവുമായ നുണ” എന്നാണ് വിശേഷിപ്പിക്കുന്നത്. “അമേരിക്കയ്ക്ക് ഇഷ്ടമല്ലാത്തവരെ വേട്ടയാടാൻ അവർ കണ്ടുപിടിച്ച സാങ്കൽപ്പിക കഥാപാത്രമാണ് കാർട്ടൽ ഡെ ലോസ് സോൾസ്” എന്ന് ഡിയോസ്ഡാഡോ കബെല്ലോ പരിഹസിക്കുന്നു.

വെനസ്വേലയുടെ അയൽരാജ്യമായ കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയും ഇതിനെ തള്ളിക്കളയുന്നു. “തങ്ങളെ അനുസരിക്കാത്ത സർക്കാരുകളെ താഴെയിറക്കാൻ തീവ്രവലതുപക്ഷക്കാർ മെനഞ്ഞെടുത്ത തിരക്കഥയാണിത്” എന്നാണ് പെട്രോയുടെ പക്ഷം.

മറ്റത്തൂരിൽ സമവായം; കെപിസിസിക്ക് രാജിക്കത്ത് നൽകി നൂർജഹാൻ, പ്രസിഡന്റ് രാജിവയ്ക്കില്ല

Latest News

ഏതായാലും, ന്യൂയോർക്കിലെ കോടതിമുറിയിൽ മഡുറോ വിചാരണ നേരിടുമ്പോൾ പുറത്തുവരുന്നത് വെറും ലഹരിക്കടത്തിന്റെ കഥകളാകില്ല; മറിച്ച്, ഒരു രാജ്യം തന്നെ മാഫിയയായി മാറിയോ എന്ന ചോദ്യത്തിനുള്ള ഉത്തരമാകും. ‘സൂര്യന്മാരുടെ’ കാർട്ടൽ യഥാർഥമാണോ അതോ സിഐഎയുടെ സൃഷ്ടിയാണോ എന്ന് കാലം തെളിയിക്കും. അതുവരെ, ലോകം ആ വിചാരണയ്ക്കായി കാത്തിരിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *