Breaking
23 Mar 2026, Mon

കുറ്റവാളികളെ പിടികൂടാൻ ഹൈടെക് കുരുക്ക്; മുഖം നോക്കി തിരിച്ചറിയാൻ യുകെ പൊലീസ്

ലണ്ടൻ∙ കുറ്റവാളികളെയും കോടതി ഉത്തരവുകൾ ലംഘിക്കുന്നവരെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അത്യാധുനികമായ ‘ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ’ (LFR) സാങ്കേതികവിദ്യയുമായി ഹാംഷെയർ പൊലീസ്. സതാംപ്ടൻ സിറ്റി സെന്റർ ഉൾപ്പെടെയുള്ള തിരക്കേറിയ ഇടങ്ങളിലാണ് ഹാംഷെയർ ആൻഡ് ഐൽ ഓഫ് വൈറ്റ് കോൺസ്റ്റാബുലറി ഈ ഹൈടെക് പരിശോധനയ്ക്ക് തുടക്കം കുറിച്ചത്. ക്യാമറയിൽ പതിയുന്ന മുഖങ്ങൾ തത്സമയം വിശകലനം ചെയ്ത് പൊലീസിന്റെ കൈവശമുള്ള കുറ്റവാളികളുടെ പട്ടികയുമായി ഒത്തുനോക്കുന്ന രീതിയാണിത്. ഒരാളുടെ കണ്ണുകൾ തമ്മിലുള്ള അകലം, താടിയെല്ലിന്റെ നീളം തുടങ്ങിയ പ്രത്യേകതകൾ ഡിജിറ്റലായി അളന്നാണ് സിസ്റ്റം വ്യക്തികളെ തിരിച്ചറിയുന്നത്. കുറ്റവാളികളെ പിടികൂടുന്നതിനൊപ്പം തന്നെ കാണാതായവരെ കണ്ടെത്താനും ഈ സംവിധാനം ഏറെ സഹായകരമാകുന്നു.

മകന്റെ കൈപിടിച്ച് മസ്ക്, സാരഥിയായി ഷെയ്ഖ് ഹംദാൻ: കൗതുകമായി ഇരുവരുടെയും ‘ഡ്രൈവ് ‘; ആകാശത്തോളം സ്വപ്നങ്ങളുമായി യുഎഇയുടെ മണ്ണിൽ

ലോകത്തെ മാറ്റുന്നവർക്ക് യുഎഇ കൂട്ട്: മസ്കുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് ഹംദാൻ; ദുബായുടെ ആകാശത്തും മണ്ണിലും ഇനി ‘മസ്ക് വിപ്ലവം’?

അങ്ങേയറ്റം സുതാര്യമായ രീതിയിലാണ് ഈ പരിശോധനകൾ നടത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഒളിച്ചുവെച്ച ക്യാമറകൾക്ക് പകരം വ്യക്തമായി അടയാളപ്പെടുത്തിയ വാനുകളിലാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. സാധാരണക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി, കുറ്റവാളികളുടെ ലിസ്റ്റിൽ ഇല്ലാത്ത ചിത്രങ്ങൾ ഒരു മിനിറ്റിനുള്ളിൽ തന്നെ സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യും. കടകളിൽ നിന്നുള്ള മോഷണം, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ രൂക്ഷമായ ഷേർളി ഹൈ സ്ട്രീറ്റ് പോലുള്ള ഭാഗങ്ങളിൽ ഈ സംവിധാനം വലിയ മാറ്റമുണ്ടാക്കുമെന്ന് സുപ്രണ്ട് അലക്സ് ചാർജ് അറിയിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ലണ്ടനിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് 580 പേരെ പിടികൂടിയ വിജയം മുൻനിർത്തിയാണ് രാജ്യവ്യാപകമായി ഇത്തരം പരിശോധനകൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്. പിടികൂടിയവരിൽ കോടതി ഉത്തരവുകൾ ലംഘിച്ച് പുറത്തിറങ്ങിയ 52 ലൈംഗിക കുറ്റവാളികളും ഉൾപ്പെടുന്നു. നിലവിൽ രണ്ട് വാനുകളാണ് ഹാംഷെയറിലുള്ളതെങ്കിലും വരും മാസങ്ങളിൽ കൂടുതൽ വാനുകൾ വിന്യസിക്കാൻ ഹോം ഓഫീസ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പരിശോധന നടത്തുന്ന സ്ഥലങ്ങളെക്കുറിച്ച് ഒരാഴ്ച മുൻപ് തന്നെ പൊലീസിന്റെ വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ജനങ്ങളെ മുൻകൂട്ടി അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *