ഉത്തരകൊറിയ എന്ന ഇരുമ്പുമറയ്ക്കുള്ളിൽ എന്താണ് നടക്കുന്നത്? ലോകത്തിലെ ഏറ്റവും നിഗൂഢമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണകൂടം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ ചർച്ചാവിഷയം കിം ജോങ് ഉൻ എന്ന ഏകാധിപതിയല്ല, അദ്ദേഹത്തിന്റെ നിഴലായി കൂടെ നടക്കുന്ന ആ പെൺകുട്ടിയാണ്. ‘പെക്തു’ രക്തബന്ധത്തിന്റെ അടുത്ത അവകാശി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിം ജു എ. ഉത്തരകൊറിയയുടെ അണിയറയിൽ ഒരുങ്ങുന്ന അധികാരമാറ്റത്തിന്റെ തിരക്കഥയും അതിൽ ദക്ഷിണ കൊറിയ ഭയക്കുന്ന ചില യാഥാർത്ഥ്യങ്ങളും പരിശോധിക്കാം.
അമ്പരപ്പിക്കുന്ന ശാസ്ത്രം; 130 വർഷങ്ങൾക്ക് ശേഷം ടാസ്മാനിയൻ ടൈഗർ ഉയിർത്തെഴുന്നേൽക്കുന്നു!
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ മകൾ കിം ജു എ, പിതാവിനൊപ്പം കുംസുസാൻ കൊട്ടാരത്തിൽ എത്തിയത് രാഷ്ട്രീയ നിരീക്ഷകർ അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഉത്തരകൊറിയയുടെ സ്ഥാപകനേതാക്കളുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന ഇടം സന്ദർശിക്കുക എന്നത് കേവലം ഒരു കുടുംബ ചടങ്ങല്ല; മറിച്ച് അത് അധികാര കൈമാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്.
Kumsusan Memorial Palace Image Credit: Mark Scott Johnson from Sydney, Australia, CC BY 2.0
ഈ സാഹചര്യത്തിൽ, എന്താണ് ‘പെക്തു ബ്ലഡ്‌ലൈൻ’ (Paektu bloodline) എന്നും, ഉത്തരകൊറിയൻ നേതൃത്വത്തിന്റെ നിഗൂഢതകളും, ദക്ഷിണ കൊറിയയും ലോകരാജ്യങ്ങളും എന്തുകൊണ്ട് ഇതിനെ ഭയപ്പെടണം എന്നും പരിശോധിക്കാം.
എന്താണ് ‘പെക്തു ബ്ലഡ്‌ലൈൻ’ (Paektu Bloodline)?
ഉത്തരകൊറിയയിലെ കിം കുടുംബത്തിന്റെ ഭരണത്തെ സാധൂകരിക്കുന്ന ഏറ്റവും ശക്തമായ പ്രത്യയശാസ്ത്ര ആയുധമാണ് ‘പെക്തു ബ്ലഡ്‌ലൈൻ’.കൊറിയൻ ജനതയുടെ ഉത്ഭവസ്ഥാനമായി കണക്കാക്കുന്ന പുണ്യപർവ്വതമാണ് ‘മൗണ്ട് പെക്തു’ (Mount Paektu). കിം ജോങ് ഉന്നിന്റെ മുത്തച്ഛനും ഉത്തരകൊറിയയുടെ സ്ഥാപകനുമായ കിം ഇൽ സുങ്, ജപ്പാനെതിരെ ഗറില്ലാ യുദ്ധം നയിച്ചത് ഇവിടെ നിന്നാണെന്നാണ് ഔദ്യോഗിക ഭാഷ്യം.
ഈ പർവ്വതത്തിന്റെ പേരിൽ അറിയപ്പെടുന്ന, രക്തബന്ധം ഉള്ളവർക്ക് മാത്രമേ ഉത്തരകൊറിയയെ ഭരിക്കാൻ അവകാശമുള്ളൂ എന്ന് ഭരണകൂടം പ്രചരിപ്പിക്കുന്നു. കിം ജു എയെ ഈയിടെയായി “പെക്തു വംശത്തിലെ ഉദയനക്ഷത്രം” എന്ന് വിശേഷിപ്പിക്കുന്നത് അവരെ അടുത്ത ഭരണാധികാരിയായി ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമാണ്. സൈനിക പരേഡുകളിലും മിസൈൽ വിക്ഷേപണ സ്ഥലങ്ങളിലും മകളെ ഒപ്പം കൂട്ടുന്നതിലൂടെ, ഈ വംശം തുടരുമെന്ന സന്ദേശമാണ് കിം നൽകുന്നത്.
ഉത്തരകൊറിയൻ നേതാക്കളുടെ ‘രഹസ്യ’ ജീവിതം
പുറംലോകത്തിന് അപ്രാപ്യമായ ഇരുമ്പുമറയ്ക്കുള്ളിലാണ് ഉത്തരകൊറിയൻ നേതാക്കളുടെ ജീവിതം. കിം ജോങ് ഉന്നിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പുറത്തുവരുന്ന പല വിവരങ്ങളും സ്പൈ ഏജൻസികൾ വഴിയുള്ളവയാണ്. ജനങ്ങൾ പട്ടിണിയിലാണെങ്കിലും, കിം കുടുംബം ആഡംബര കാറുകൾ, സ്വകാര്യ ദ്വീപുകൾ, അത്യാധുനിക സ്കൈ റിസോർട്ടുകൾ എന്നിവ ഉപയോഗിക്കുന്നുവെന്നാണ് പുറത്ത് പ്രചരിക്കുന്ന വിവരങ്ങള്‍.
കിം സഞ്ചരിക്കുന്ന ട്രെയിനുകൾ ബുള്ളറ്റ് പ്രൂഫ് ആണ്. സഞ്ചാരപാതകളിൽ അതിശക്തമായ സുരക്ഷാ വിന്യാസവും, ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ‘ബോഡി ഡബിളുകളെ’ (അപരന്മാർ) തയാറാക്കി നിർത്താറുണ്ടെന്നും പറയപ്പെടുന്നു.
കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവ രഹസ്യമാണ്. അദ്ദേഹം വിദേശയാത്രകൾ നടത്തിയിട്ട് തിരികെ വരുമ്പോൾ സ്വന്തം ടോയ്‌ലറ്റ് വരെ കൂടെ കൊണ്ടുപോകുന്നത്, വിസർജ്യത്തിൽ നിന്ന് ആരോഗ്യവിവരങ്ങൾ ചോരാതിരിക്കാനാണെന്ന് റിപ്പോർട്ടുകളുണ്ട്.
ആകാശത്ത് നിന്നും ചുവന്നുപഴുത്ത് വീണ ലോഹവളയം; പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള സൈനിക കേന്ദ്രവുമായി ചൈന, ഭയപ്പെടേണ്ടതുണ്ടോ
ദക്ഷിണ കൊറിയ ഭയപ്പെടേണ്ടതുണ്ടോ?
കിം ജു എയുടെ രംഗപ്രവേശം ദക്ഷിണ കൊറിയയ്ക്ക് നൽകുന്നത് ശുഭസൂചനകളല്ല. ഡിഫൻസ് അനലിസ്റ്റുകൾ ഇതിനെ കാണുന്നത് ഇങ്ങനെയാണ്: കിം ജു എയെ കൂടുതലായും കാണുന്നത് സൈനിക പരേഡുകളിലും ഇന്റർകോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈലുകളുടെ മുന്നിലുമാണ്. ഇത് സൂചിപ്പിക്കുന്നത്, കിമ്മിന് ശേഷവും ഉത്തരകൊറിയയുടെ ആണവനയം തുടരുമെന്നതാണ്.
സമീപകാലത്ത് ഉത്തരകൊറിയ തങ്ങളുടെ ഭരണഘടനയിൽ മാറ്റം വരുത്തി ദക്ഷിണ കൊറിയയെ “നമ്പർ വൺ ശത്രുരാജ്യം” ആയി പ്രഖ്യാപിച്ചിരുന്നു. പത്ത് വയസ്സിൽ താഴെ എന്ന് കരുതപ്പെടുന്ന ഒരു കുട്ടിയെ ജനറൽമാർ വണങ്ങി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവിടുന്നതിലൂടെ, സൈന്യത്തിന് മുകളിലാണ് കിം കുടുംബത്തിന്റെ സ്ഥാനമെന്ന് അവർ അടിവരയിടുന്നു. ഇത് ഭാവിയുടെ അധിപതിയെ വാർത്തെടുക്കലാണ്.
കിം ജു എയുടെ കുംസുസാൻ സന്ദർശനം ഒരു മകൾ പിതാവിനൊപ്പം നടത്തുന്ന വെറുമൊരു സന്ദർശനമല്ല. അനന്തരാവകാശി തയ്യാറായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ വിളംബരമാണ്. എന്നാൽ ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ചരിത്രപരമായി പുരുഷാധിപത്യപരമായിരുന്നുവെന്നും, കിം ജു എയുടെ സ്ഥാനാരോഹണം അസാധ്യമാണെന്നും വാദിക്കുന്നവരുമുണ്ട്.

