നെടുമങ്ങാട്∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികത ഉപയോഗിച്ച് കൃഷി കൂടുതൽ ലളിതവും ലാഭകരവുമാക്കാൻ ഒരുങ്ങുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. കാർഷിക രംഗത്ത് എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സ്മാർട്ട് ഫാമിങ് എന്ന നൂതന ആശയം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വിജയം കണ്ടു. കിലയുടെയും സംസ്ഥാന ഹോർട്ടികൾചർ മിഷന്റെയും സഹകരണത്തോടെ പനവൂർ, ആനാട്, അരുവിക്കര, കരകുളം, വെമ്പായം എന്നീ അഞ്ച് പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത 40 കർഷകരാണ് മൊബൈൽ ആപ്പ് ഉപയോഗിച്ച് സ്മാർട്ട് ഫാമിങ് രീതികൾ നടപ്പാക്കിയത്.
ഇ ക്രോപ്പ് ഉപകരണം
ഇതിനായി ഓരോ കർഷകനും ഓരോ സെന്റ് വീതം ഭൂമിയിൽ പരമ്പരാഗത കാർഷിക രീതിയിലും സ്മാർട്ട് ഫാമിങ് രീതിയിലും ഒരേ സമയം കൃഷി ചെയ്തു. സ്മാർട്ട് ഫാമിങ്ങിൽ വിളവ് ഉൽപാദനം 200 ശതമാനത്തിൽ അധികമായിരുന്നെന്ന് അധികൃതർ പറഞ്ഞു. നിർമിത ബുദ്ധി ഉപയോഗിച്ച് മനുഷ്യ പ്രയത്നം ലഘൂകരിച്ച്, കൃഷിയിടങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയാണ് സ്മാർട്ട് ഫാമിങ്.
ഡേറ്റ അനലിറ്റിക്‌സ് വഴി ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് പ്രവചനങ്ങൾ നടത്താനും മികച്ച തീരുമാനങ്ങൾ എടുക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത. സ്മാർട്ട് ഫാമിങ് പരീക്ഷണം വിജയം കണ്ടതോടെ മറ്റ് കർഷകരെ ഇതിലേക്ക് ആകർഷിക്കാൻ ബോധവൽക്കരണ പരിപാടികളും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്നു.
പ്രധാനമായും രണ്ട് ഉപകരണങ്ങളാണ് ഇവിടെ പരീക്ഷിച്ചിട്ടുള്ളത്.
കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനത്തിലെ (സിടിസിആർഐ) പ്രിൻസിപ്പൽ സയന്റിസ്റ്റ് വി.എസ്.സന്തോഷ് മിത്ര വികസിപ്പിച്ചെടുത്തതും സോളാർ പവറിൽ പ്രവർത്തിക്കുന്നതുമായ ഇ-ക്രോപ്പ് ഡിവൈസും സ്മാർട്ട് ഫെർട്ടിഗേഷൻ ഡിവൈസും. ഇതിൽ ഇ-ക്രോപ്പ് ഡിവൈസിലൂടെ 20 കിലോമീറ്റർ ചുറ്റളവിലെ കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ നിശ്ചിത ഇടവേളകളിൽ ലഭ്യമാകുന്നതിന് ഒപ്പം കൃഷി സംബന്ധമായ മികച്ച നിർദേശങ്ങൾ,
കൃഷിക്കാവശ്യമായ മൂലകങ്ങളുടെയും ജലത്തിന്റെയും അളവ്, പരിപാലന രീതി എന്നിവ സംബന്ധിച്ച വിവരങ്ങളും കർഷകരുടെ മൊബൈലിൽ ലഭ്യമാക്കാനാവും. ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റത്തോട് കൂടിയാണ് സ്മാർട്ട് ഫെർട്ടിഗേഷൻ ഡിവൈസ് സ്ഥാപിക്കുക. ഇ-ക്രോപ്പ് ഡിവൈസിൽ നിന്നു ലഭിക്കുന്ന ഡേറ്റ അനുസരിച്ച് സ്വയം നിയന്ത്രിത സംവിധാനത്തിലൂടെ മൂലകങ്ങളുടെയും ജലത്തിന്റെയും അളവ് നിയന്ത്രിച്ച് ആവശ്യമായ രീതിയിൽ വെള്ളവും വളവും നൽകുന്നതിന് ഈ ഉപകരണത്തിന് കഴിയും.

