Breaking
5 Feb 2026, Thu

കമ്പനി തന്ന ‘അധികാരത്തിൽ’ ഒപ്പിട്ടു, മലയാളി ജയിലിൽ: പാസ്പോർട്ട് കൊടുത്താൽ ‘പണി’; നിയമക്കുരുക്കുകളിൽ കുടുങ്ങി മലയാളികൾ, നിസ്സാരമല്ല പ്രവാസം

ദുബായ് ∙ ജോലിയുടെയും സാമ്പത്തിക ഭദ്രതയുടെയും ആഗ്രഹത്തോടെ ഗൾഫ് രാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ നിയമത്തെക്കുറിച്ചുള്ള അജ്ഞതയിലും തെറ്റായ ധാരണകളിലുംപ്പെട്ട് വലിയ ബാധ്യതകളിലേക്ക് അതുവഴി തടവ്, പിഴ അടക്കമുള്ള ശിക്ഷകളിലേക്കും തുടർന്ന് നാടുകടത്തലിലേക്കും തള്ളപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നു.

ജീവനെടുത്ത് കയർ! ഒമാനിൽ തിമിംഗലം തീരത്ത് അടിഞ്ഞു

കാട്ടുതീയിൽ നടുങ്ങി കലിഫോർണിയ: 800 ലധികം വീടുകൾ ഭീഷണിയിൽ; വിഡിയോ

പ്രവാസലോകം സമൃദ്ധിയുടെ വാതായനം മാത്രമല്ലെന്ന് ഓർമപ്പെടുത്തുന്ന ഒട്ടേറെ സംഭവങ്ങൾ യുഎഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സാധാരണക്കാരായ തൊഴിലന്വേഷകർ ഏജന്റുമാരെയും പരിചയക്കാരെയും കണ്ണടച്ച് വിശ്വസിക്കുകയും അതിന്റെ വില വഹിക്കേണ്ടിവരികയും ചെയ്യുന്നു. അടുത്തിടെയുണ്ടായ ഇത്തരം ചില അനുഭവങ്ങളിലൂടെ നിയമക്കുരുക്കളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് യുഎഇയിലെ പ്രമുഖ അഭിഭാഷകയും സാമൂഹിക ആക്ടിവിസ്റ്റുമായ പ്രീത ശ്രീറാം മാധവ്.

∙ നിയമമറിയാതെ ‘ഒപ്പിട്ട്’ ജോസഫ് ജയിലിലായി

2018 ൽ നടന്ന സംഭവമാണ്. കാര്യമറിയാതെയും നിയമവശമറിയാതെയും കമ്പനി ചെക്കുകളിൽ ഒപ്പിട്ട മലയാളിക്ക് സംഭവിച്ച ദുരിതം മറ്റുള്ളവർക്ക് പാഠമാകുന്നു. കോട്ടയം സ്വദേശിയായ ജോസഫ് യുഎഇയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടിങ് ജോലിയിൽ പ്രവേശിച്ചു. പയ്യപ്പയ്യെ ജോലി കൂടി, വലിയ ഉത്തരവാദിത്തങ്ങളിലേക്ക് നീങ്ങി. കമ്പനി ചെക്കുകളിൽ ഒപ്പിടാനുള്ള അധികാരം കൂടി വന്നതോടെ പാവം വിചാരിച്ചത്, താൻ കമ്പനിയുടെ ഉന്നത തലങ്ങളിലെത്തി എന്നായിരുന്നു.

പണം നാട്ടിലെ അക്കൗണ്ടിലേക്ക് അയച്ചുതരാം എന്ന് പറഞ്ഞു കമ്പനിയുടമ വഞ്ചിക്കുന്നു. Representative Image. Image Credit: stockbusters/istockphoto.com

എല്ലാം തന്റെ ഭാഗ്യമാണെന്നാണ് ഇദ്ദേഹം കരുതിയത്. എന്നാൽ ജോസഫ് ഒപ്പിട്ട ചെക്കുകൾ പിന്നീട് ഫണ്ട് ഇല്ലാത്തതിനെ തുടർന്ന് മടങ്ങിയതോടെ(ബൗൺസ്) കേസുകൾ വന്നുതുടങ്ങി. വിവിധ എമിറേറ്റുകളിൽ നിന്നുള്ള പൊലീസ് കേസുകളും ട്രാവൽ ബാനും(യാത്രാ വിലക്ക്) വന്നപ്പോഴാണ് നടന്നതെല്ലാം ചതിയാണെന്ന് ജോസഫിന് മനസ്സിലായത്.

പിന്നീട് 7 ചെക്ക് കേസുകൾ തീർക്കാൻ നല്ലവരായ അദ്ദേഹത്തിന്റെ നാട്ടുകാർ സഹായിച്ചതിനാൽ മാത്രം ജോസഫ് രക്ഷപ്പെട്ടു. എന്നാൽ ഇനി ഒരിക്കലും ജോസഫിന് യുഎഇയിലേക്ക് തിരികെ വരാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. 2018ൽ ചെക്ക് ബൗൺസ് കേസുകൾ ക്രമിനൽ കേസായിട്ടാണ് പരിഗണിച്ചിരുന്നത്. പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ റജിസ്റ്റർ ചെയ്തുകൊണ്ടിരുന്നത്.

അതിനാൽ നിസ്സാര പിഴയടച്ച് എല്ലാ കേസുകളും റദ്ദാക്കി പുതിയ കേസ് വരുന്നതിന് മുൻപ് അതേ രാത്രി തന്നെ ജോസഫിനെ നാട്ടിലേക്ക് കയറ്റിയയക്കുകയായിരുന്നു. പാസ്പോർട്ട് ജോസഫിന്റെ കയ്യിൽ തന്നെ ഉണ്ടായതാണ് ഗുണകരമായത്. അതുകൊണ്ട് കമ്പനി അറിയാതെ തന്നെ അയാളെ നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞു. എന്നാൽ ഇതുപോലുള്ള കേസ് ഇപ്പോൾ വരികയാണെങ്കിൽ സിവിൽ കേസ് ആയതുകൊണ്ട് പിഴയടച്ച് തീർപ്പാക്കാൻ സാധ്യമല്ലാത്തതുകൊണ്ട് ജോസഫിനെ ഇതുപോലെ രക്ഷപ്പെടാൻ സാധിക്കുമായിരുന്നില്ല. സിവിൽ കേസ് വന്നാൽ മുഴുവൻ തുകയും അടച്ചാൽ മാത്രമേ യാത്രാവിലക്ക് ഒഴിവാകുകയുള്ളൂ.

രാജേഷ്. ചിത്രം: മനോരമ (ഫയൽ)

∙ ‘ജാമ്യപാസ്പോർട്ടിന്റെ’ പാഠം: രാജേഷിന്റെ ദുഃഖകഥ

യുഎഇയിൽ 17 വർഷമായി നല്ല രീതിയിൽ ജോലി ചെയ്തു ജീവിച്ചുവരികയായിരുന്നു മലയാളി യുവാവ് രാജേഷ്. കോവിഡ് 19 സമയത്ത് ജോലി നഷ്ടപ്പെട്ട് ജീവിതം പ്രതിസന്ധിയിലായ അനേകം പ്രവാസികളിലൊരുവൻ. എന്നാൽ, ഇതിനിടയ്ക്ക് ഒരു കാര്യം കൂടി നടന്നിരുന്നു. പുതിയ ജോലി വാഗ്ദാനം ചെയ്ത കമ്പനി ഉടമയുടെ നിർബന്ധത്തിൽ തന്റെ പാസ്പോർട്ട് രണ്ട് കേസ് ജാമ്യത്തിന് നൽകിയതാണത്. പിന്നീട് ആ ഉടമ മുങ്ങിയപ്പോൾ രാജേഷ് ആ കേസുകളുടെ നൂലാമാലകളിൽപ്പെട്ടു. നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇയാൾ നാട്ടിലേക്ക് മടങ്ങി. വീസ ഇല്ലാത്തതിനാൽ ചികിത്സാസൗകര്യങ്ങളും നഷ്ടമായി.

നാട്ടിൽ നിന്ന് ഒരു യുവാവ് ജോലി അന്വേഷിച്ച് യുഎഇയിലോ മറ്റേതെങ്കിലും ഗൾഫ് രാജ്യത്തോ എത്തുന്നു എന്നിരിക്കട്ടെ, കുറേ കാലം അലഞ്ഞ ശേഷമായിരിക്കാം ഇയാള്‍ക്ക് ഒരിടത്ത് നിയമനം ലഭിക്കുന്നത്. പെട്ടെന്ന് തന്നെ തൊഴിൽവീസ പാസ്പോർട്ടിൽ പതിക്കുകയും ചെയ്തു. എന്നാൽ, ഏതെങ്കിലും കേസിൽപ്പെട്ടു കിടക്കുന്ന കമ്പനിയുടമ ഒരുക്കുന്ന കെണിയാണിതെന്ന് അയാൾ തിരിച്ചറിയുന്നില്ല. സ്നേഹവും സൗഹാർദവും നടിച്ച് യുവാവിന്റെ പാസ്പോർട്ട് ജാമ്യം വയ്ക്കാനുള്ള അനുമതി തേടുന്നു. ജോലി നഷ്ടപ്പെടുമോ എന്ന ഭയവും ഉടമയുമായി നല്ല ബന്ധം സ്ഥാപിക്കുക ഗുണകരമാകുമെന്ന് കരുതുകയും ചെയ്യുന്നത് വഴി യഥാർഥത്തിൽ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്.

ഉടമ പിന്നീട് മുങ്ങുന്നതോടെ കേസുകൾ പാസ്പോർട്ട് ഉടമസ്ഥനായ യുവാവിന്റെ തലയിലാകുന്നു. പാസ്പോർട്ട് ജാമ്യം വച്ചു കഴിഞ്ഞ ശേഷം കുറ്റക്കാരൻ ഹാജരാകാതിരുന്നാൽ കേസിന്റെ പൂർണ ഉത്തരവാദിത്തം പാസ്പോർട്ട് ഉടമസ്ഥന്റേതായിരിക്കും. റാഷിദിയ്യ പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രാ വിലക്ക് നേരിട്ടിരുന്ന രാജേഷിന്റെ പരിതാപകരമായ അവസ്ഥ മനസ്സിലായതിനാലാണ് കേസുകൾ യഥാർഥ കുറ്റവാളിയുടെ പേരിൽ തന്നെയാക്കാനും പാസ്പോർട്ട് തിരിച്ചുകൊടുക്കാനും ഇടയായത്. ഇതിനായി 20 ദിവസം തുടർച്ചയായി പൊലീസ് സ്റ്റേഷനെ സമീപിക്കേണ്ടി വന്നു. ഇല്ലായിരുന്നെങ്കിൽ രാജേഷിന് വീൽചെയറിൽ തന്നെ ഇവിടെ തുടരേണ്ടി വന്നേനെ. തൊഴിലുടമ മാത്രമല്ല, സുഹൃത്തുക്കളും ബന്ധുക്കളും കാണിക്കുന്ന ഇത്തരം ചതിയിൽപ്പെട്ട് ജീവിതം തുലച്ച ഒട്ടേറെ പേർ ഗൾഫിലുണ്ട്. പാസ്പോർട്ട് ജാമ്യത്തിന് ആര് ചോദിച്ചാലും നൽകാതിരിക്കൽ തന്നെയാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള പോംവഴി.

റയീസ് തന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞ് ജിം ഉടമയുടെ ഭാര്യ കേസ് ഫയൽ ചെയ്തു.Representative Image. Image Credit: Filmstax/istockphoto.com

∙ ‘ഹണി ട്രാപ്പ്’ എന്ന കെണി: റയീസിന്റെ അനുഭവപാഠം

ദുബായിൽ ജനിച്ചുവളർന്ന റയീസ് ജോലി മാറാനിറങ്ങിയപ്പോൾ ജിം ഉടമയുടെ ഭാര്യയുമായി സൗഹൃദത്തിലായി. പിന്നീട് പീഡനക്കേസിൽ കുടുങ്ങുകയായിരുന്നു. അന്യായമായി ‘ട്രാപ്പ്’ ചെയ്ത് ജീവനക്കാരെ കുറ്റവാളിയാക്കുന്ന പുതിയ രീതി പ്രവാസലോകത്ത് വ്യാപകമായി മാറുന്നുണ്ട്. ജിമ്മിൽ ജോലി ചെയ്തിരുന്ന റയീസ് ഇതോടൊപ്പം കോളജ് പഠനവും മുന്നോട്ടുകൊണ്ടുപോയിരുന്നു.

റയീസിന്റെ ആത്മാർഥമായ പ്രവൃത്തികൾ ജമ്മിനെ ഉയരങ്ങളിലെത്തിച്ചു. ഒടുവിൽ തന്റെ വീസാ കാലാവധി കഴിയാറായപ്പോൾ ഈ യുവാവ് തന്റെ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. ഇതിനിടെ ജിം ഉടമയുടെ ഭാര്യ റയീസുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും വാട്സാപ്പ് ചാറ്റുകൾ നടത്തുകയും ചെയ്തു. പതുക്കെ, റയീസ് ജിം വിട്ട് പോകരുതെന്ന് അഭ്യർഥിച്ചു. എന്നാൽ യുവാവ് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നതോടെയാണ് ജിം ഉടമയുടെ സൗഹൃദത്തിന്റെ കെണി മനസ്സിലായത്. റയീസ് തന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞ് ജിം ഉടമയുടെ ഭാര്യ കേസ് ഫയൽ ചെയ്തു. ഒടുവിൽ ഈ കെണിയിൽ നിന്ന് മകനെ രക്ഷപ്പെടുത്താൻ മാതാപിതാക്കൾക്ക് ഏറെ പ്രയത്നിക്കേണ്ടി വന്നു.

പാസ്പോർട്ട് ജാമ്യം വച്ചു കഴിഞ്ഞ ശേഷം കുറ്റക്കാരൻ ഹാജരാകാതിരുന്നാൽ കേസിന്റെ പൂർണ ഉത്തരവാദിത്തം പാസ്പോർട്ട് ഉടമസ്ഥന്റേതായിരിക്കും.Representative Image. Image Credit: fizkes/istockphoto.com

∙ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവർ ജാഗ്രതൈ!

ഏതൊരു കമ്പനിയിലും സെയിൽസിൽ ജോലി ചെയ്യുന്നവർക്ക് പലപ്പോഴും ക്ലൈന്റിന്റെ കയ്യിൽ നിന്ന് ക്യാഷ് വാങ്ങേണ്ടതായി വരാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന കാശിന് കമ്പനിയുടെ റെസീപ്റ്റ് അവർ കൊടുക്കുന്നതാണ്. അക്കൗണ്ടിനെ ആ പണം ഏൽപ്പിക്കുമ്പോൾ നിങ്ങൾ പണംനൽകി എന്ന രേഖ കൈപ്പറ്റാറില്ല.

പലപ്പോഴും കമ്പനി ഉടമയുമായി പല കാരണങ്ങളാൽ പിണങ്ങേണ്ടി വരുമ്പോൾ (പുതിയ ജോലി തേടി പോവുകയോ, സ്വന്തം ബിസിനസ് തുടങ്ങുകയോ ചെയ്യുമ്പോൾ) പലപ്പോഴും കമ്പനി ഉടമ കമ്പനിയുടെ പണം ദുരുപയോഗിച്ചു എന്നു പറഞ്ഞു ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യാറുണ്ട്. അതേപോലെ കമ്പനിയുടെ അക്കൗണ്ട് ക്ലോസ് ആയിരിക്കുന്ന സമയത്ത് കമ്പനി ഉടമയുടെ അനുവാദത്തോടെ തന്നെ പലരും പേഴ്സണൽ അക്കൗണ്ടിലേക്ക് ക്ലൈന്റിന്റെ കയ്യിൽ നിന്ന് പണം വാങ്ങുന്നു. ഇങ്ങനെ വാങ്ങുന്നതും നാളെ കേസ് നൽകാനുള്ള സാധ്യത ഏറുന്നു.

കമ്പനി നഷ്ടത്തിലാകുമ്പോഴും കമ്പനിക്ക് പലവിധ ബാധ്യതകൾ വരുമ്പോഴും അത് ജീവനക്കാരുടെ തലയിലിട്ട് ഒഴിയുന്നു. Representative Image. Image Credit: FluxFactory/istockphoto.com

കമ്പനിയോടുള്ള ആത്മാർഥതയും കമ്പനി ഉടമയോടുള്ള സ്നേഹക്കൂടുതലും കൊണ്ട് പലപ്പോഴും സ്വന്തം ക്രെഡിറ്റ് കാർഡ് കമ്പനി ആവശ്യങ്ങൾക്ക് ഉപയോഗിച്ച് പ്രശ്നത്തിൽ കുടുങ്ങിയവരും ധാരാളം. ക്രെഡിറ്റ് കാർഡിൽ നിന്നും ബാങ്കിൽനിന്നു വായ്പ എടുത്ത് കൊടുക്കുന്ന പണം കമ്പനി ഉടമ തിരിച്ചു തന്നില്ലെങ്കിൽ ആ പണം കമ്പനിക്കാണ് ഉപയോഗിച്ചതെന്ന് തെളിയിക്കാനുള്ള രേഖയെങ്കിലും കയ്യിൽ കരുതണം. വളരെയധികം ആൾക്കാർ ഇങ്ങനെ കമ്പനിയെ സഹായിച്ച വഴിയാധാരമായിട്ടുണ്ട്.

ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ആ തസ്തികയുടെ വീസയിൽ തന്നെ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പലപ്പോഴും കമ്പനിയിൽ ക്വാട്ട അവൈലബിൾ ആകാത്ത കാരണം വീസയും ജോലിയും വേറെ വേറെ ആയിരിക്കും. പലപ്പോഴും ഇതെല്ലാം എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധിക്ക് കാരണമാകും. സെയിൽസിൽ ജോലി ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ അപകടം, കൊണ്ടുവരുന്ന ബിസിനസിന്റെ പണം മാർക്കറ്റിൽ നിന്ന് തിരിച്ചു പിടിക്കുക എന്നതാണ്.

അല്ലാതെ, അവർക്ക് തങ്ങളുടെ വീസ ക്യാൻസൽ ചെയ്യാൻ പല തൊഴിലുടമകളും സമ്മതിക്കാറില്ല. അല്ലെങ്കിൽ ക്യാൻസൽ ചെയ്യുന്ന സമയത്ത് കമ്പനി ഉടമ സെയിൽസ്മാന്റെ പേഴ്സനൽ ചെക്ക് വാങ്ങി വയ്ക്കുന്ന പ്രവണതയുമുണ്ട്. ആരോടെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന് ഒരിക്കലും വഴങ്ങിക്കൊടുക്കരുത്. തൊഴിൽ വിഭാഗത്തിൽ ഇതിനെതിരെ പരാതി നൽകാവുന്നതാണ്.

പണം ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സ്വഭാവമുള്ള ജോലികളിലാണ് കമ്പനി ഉടമകൾ മുൻകൂറായി ചെക്ക് വാങ്ങി വയ്ക്കുന്നത്. എന്നാൽ അടിയന്തരമായി ജോലി ലഭിക്കേണ്ട സാഹചര്യത്തിൽ പലപ്പോഴും സംഖ്യ എഴുതാത്ത ചെക്കുകൾ കമ്പനി ഉടമയ്ക്ക് നൽകാറുണ്ട്. ബ്ലാങ്ക് ചെക്ക് കമ്പനിയിൽ ഉള്ള ഒറ്റ കാരണം കൊണ്ട് അതേ കമ്പനിയിൽ തുടരുന്ന സെയിൽസ് ജോലി ചെയ്യുന്നവരെ എനിക്കറിയാം. അതേപോലെ ചെക്ക് ബൗൺസ് ആക്കി കമ്പനി കേസിൽ പെടുത്താറുമുണ്ട്.

സ്നേഹവും സൗഹാർദവും നടിച്ച് യുവാവിന്റെ പാസ്പോർട്ട് ജാമ്യം വയ്ക്കാനുള്ള അനുമതി തേടുന്നു. Represenatational Image. Image Credit:TZIDO SUN/Shutterstockphoto.com

∙ ദീർഘകാലം ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

20-30 വർഷം ഒരേ കമ്പനിയിൽ ജോലി ചെയ്തിട്ടും‘ഗ്രാറ്റുവിറ്റി’ അടക്കമുള്ള ആനുകൂല്യങ്ങൾ കിട്ടാതെ പോകുന്നത് പ്രവാസികൾക്കിടയിൽ പതിവ് സംഭവം. കമ്പനിയോടും ഉടമയോടുമുള്ള അമിത അടുപ്പം കാരണമാണ് ഇത് മിക്കപ്പോഴും സംഭവിക്കുന്നത്. ഇന്ത്യക്കാരിൽ, ഭൂരിഭാഗം മലയാളികളിൽ ഇത്തരം സംഭവം കൂടുതലാണ്. ഇത്തരക്കാർക്ക് കിട്ടുന്ന ‘എട്ടിന്റെ പണി’യാണ് ഗ്രാറ്റുവിറ്റി കിട്ടാതെ വരിക. ദീർഘകാലലം ഒരേ കമ്പനി ജോലി ചെയ്യുന്നവർക്ക് ഗ്രാറ്റുവിറ്റി തുക വളരെ വലുതായിരിക്കും. പല കാരണങ്ങളാൽ ഈ തുക ലഭിക്കാതെ വരാറുണ്ട്.

യുഎഇയിൽ പുതുതായി ജോലിക്ക് വന്നവരും കാലങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരും കുടുങ്ങുന്ന ഒരു വലിയ ട്രാപ്പാണ് കമ്പനി ഓണർഷിപ്പ് ട്രാൻസ്ഫർ. Representative Image. Image Credit: EyeEm Mobile GmbH/istockphoto.com

∙ ആനുകൂല്യങ്ങൾ നൽകാതിരിക്കാനുള്ള തന്ത്രങ്ങൾ

പിരിഞ്ഞുപോകുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കാനുള്ള തന്ത്രങ്ങൾ പലതും തൊഴിലുടമകൾ പയറ്റാണ്ട്. അവയിൽ ചിലത് ഇതാ:

∙ കമ്പനി നഷ്ടത്തിലാകുമ്പോഴും കമ്പനിക്ക് പലവിധ ബാധ്യതകൾ വരുമ്പോഴും അത് ജീവനക്കാരുടെ തലയിലിട്ട് ഒഴിയുന്നു.

∙ ജീവനക്കാരന് കൊടുക്കേണ്ട തുക വളരെ വലുതായ കാരണം എന്തെങ്കിലും കാരണമുണ്ടാക്കി ക്രിമിനൽ കേസ് കൊടുക്കുകയും പിന്നീട് ഗ്രാറ്റുവിറ്റി കൊടുക്കാതെ സെറ്റിൽമെന്റ് ചെയ്തു വെറുംകയ്യോടെ ജീവനക്കാരനെ പറഞ്ഞയക്കുകയും ചെയ്യുന്നു.

∙ പണം നാട്ടിലെ അക്കൗണ്ടിലേക്ക് അയച്ചുതരാം എന്ന് പറഞ്ഞു കമ്പനിയുടമ വഞ്ചിക്കുന്നു

ജീവനക്കാരെ മർദിക്കാനോ നിർബന്ധമായി വ്യാജ ബാധ്യതകളുണ്ടാക്കി ഒപ്പുവയ്പ്പിക്കാനോ തൊഴിലുടമയ്ക്ക് അവകാശമില്ല. Representative Image. Image Credit: rai /istockphoto.com

∙ ജീവനക്കാരെ തൊഴിലുടമ മർദിക്കുമ്പോൾ

ജീവനക്കാരെ മർദിക്കാനോ നിർബന്ധമായി വ്യാജ ബാധ്യതകളുണ്ടാക്കി ഒപ്പുവയ്പ്പിക്കാനോ തൊഴിലുടമയ്ക്ക് അവകാശമില്ല ഇത്, ക്രിമിനൽ കുറ്റമാണ്. ജീവനക്കാരൻ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് അല്ലെങ്കിൽ പണമിടപാടിൽ ക്രമക്കേടുകൾ വരുത്തിയിട്ടുണ്ട് എങ്കിൽ കമ്പനി ഉടമയ്ക്ക് നിയമപരമായി കേസ് റജിസ്റ്റർ ചെയ്യാവുന്നതാണ്.

എന്നാൽ പലപ്പോഴും കമ്പനി ഉടമ നിയമം കൈയിലെടുക്കുന്നു. സിസിടിവി ഓഫാക്കി അവരെ മർദിക്കുകയും നിർബന്ധമായി ബാധ്യതയുടെ കണക്ക് ഒരു പേപ്പറിൽ എഴുതി ജീവനക്കാരന്റെ ഒപ്പ് വാങ്ങിക്കുകയും കുറ്റം സമ്മതിപ്പിക്കുകയും ചെയ്യുന്നു. അത് റെക്കോർഡ് ചെയ്തു ജീവനക്കാരന്റെ ബന്ധുക്കൾക്കും ഭാര്യക്കും അമ്മയ്ക്കും വരെ പലർക്കും അയച്ചു കൊടുക്കുന്നു.

പലപ്പോഴും നിരപരാധികൾ ഇതിൽ ക്രൂശിക്കപ്പെടുന്നു. നിർബന്ധപൂർവ്വം തൊഴിലുടമ മർദ്ദിച്ച് ബാധ്യതാ പേപ്പറിൽ ഒപ്പിടുവിച്ചാൽ ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കണം. അതേപോലെ മർദനമേറ്റിട്ടുണ്ടെങ്കിൽ ആശുപത്രിയിൽ ചെന്ന് ആരോഗ്യ പരിശോധന നടത്തിയശേഷം പൊലീസിൽ പരാതിപ്പെടാവുന്നതാണ്.

പക്ഷേ അധികം പേരും ബാധ്യത എഴുതിയ പേപ്പറിൽ ഒപ്പിട്ടു എന്ന് കാരണം കൊണ്ട് പൊലീസിൽ പരാതിപ്പെടാറില്ല. പിന്നെ അവർക്ക് സിവിൽ കേസ് വരുമ്പോൾ മാത്രമാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നത്. അപ്പോഴേക്കും സമയം അധികരിച്ചിരിക്കും. തൊഴിലുടമയ്ക്ക് ലേബറിലും പൊലീസ് സ്റ്റേഷനിലും തെളിവോടെ കംപ്ലൈന്റ്റ് ചെയ്യാവുന്നതാണ്. അല്ലാതെ അവരെ ശിക്ഷിക്കാൻ അവകാശമില്ല.

∙ ​ഉടമസ്ഥാവകാശ കൈമാറ്റത്തിലെ ചതി

യുഎഇയിൽ പുതുതായി ജോലിക്ക് വന്നവരും കാലങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരും കുടുങ്ങുന്ന ഒരു വലിയ ട്രാപ്പാണ് കമ്പനി ഓണർഷിപ്പ് ട്രാൻസ്ഫർ. കമ്പനി ഉടമ കടക്കെണിയിലായ കമ്പനി ഏതെങ്കിലും ഒരു വ്യക്തിയുടെ പേരിൽ ട്രാൻസ്ഫർ ചെയ്യുന്നു. അധികവും നാട്ടിൽ നിന്ന് പുതുതായി വന്നവരാണ് ഈ ട്രാപ്പിൽ പെടാറുള്ളത്. ഇതുപോലെ ഇത്തരം കമ്പനികൾ കടബാധ്യതകളുടെ കാര്യം മറച്ചുവച്ച് കമ്പനി വിൽക്കുന്നതും പതിവാണ്.

∙ ബാങ്ക് വായ്പയ്ക്ക് ഗ്യാരന്റി നിൽക്കുമ്പോൾ സൂക്ഷിക്കുക

തൊഴിലുടമകൾ ബാങ്കിൽ വലിയ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ഗ്യാരന്റി ചോദിക്കാറുണ്ട്. പലപ്പോഴും കമ്പനിയുടെ പാർട്ണർ, ജീവനക്കാർ, വീസയ്ക്ക് വേണ്ടി മാത്രം പാർട്ണർഷിപ്പ് എടുക്കുന്ന ആൾക്കാർ എന്നിവർ ഇതിന് ഗ്യാരന്റി നിന്ന് കുടുക്കിലാകുന്നു. തൊഴിലുടമയോടുള്ള സ്നേഹവും ജോലി നഷ്ടപ്പെടുമോ എന്നുള്ളത് ഭീതിയും കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഒരു കാര്യം കൂടി ഓർമിക്കുക, കമ്പനിക്ക് വൻ ലാഭവും പുരോഗതിയുമുണ്ടായാൽ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളത്തിൽ മാറ്റമുണ്ടാവുക അപൂർവമാണ്. അതുകൊണ്ട് കമ്പനി നഷ്ടത്തിലാവുകയും മറ്റും സംഭവിക്കുമ്പോൾ പുനരാലോചനകൾ നടത്താതെ എന്തെങ്കിലും സഹായിച്ച് ബാധ്യതയിൽപ്പെടാതിരിക്കുക.

വിവരങ്ങൾക്ക്: +971 52 731 8377 അഡ്വ. പ്രതീ ശ്രീറാം മാധവ്

By admin

Leave a Reply

Your email address will not be published. Required fields are marked *