ഐഫോൺ ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന ‘മൾട്ടി-അക്കൗണ്ട്’ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ വാട്സ്ആപ്പ് അവതരിപ്പിച്ചു. ഇതോടെ വാട്സ്ആപ്പ് ബിസിനസ് ആപ്പോ മറ്റ് അനൗദ്യോഗിക മാർഗങ്ങളോ ആശ്രയിക്കാതെ തന്നെ ഒരേ ഫോണിൽ രണ്ട് വാട്സ്ആപ്പ് നമ്പറുകൾ ഉപയോഗിക്കാൻ സാധിക്കും. ഐഒഎസിനായുള്ള (iOS) വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ‘ടെസ്റ്റ്ഫ്ലൈറ്റ്’ (TestFlight) ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
മെറ്റ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ ഇനി ആമസോണിലും; വമ്പൻ ഓഫറുകളുമായി വിൽപ്പന നവംബർ 21 മുതൽ
പുതിയ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് ഒരേ ആപ്പിൽ തന്നെ രണ്ട് അക്കൗണ്ടുകൾ ചേർക്കാനും അവയ്ക്കിടയിൽ എളുപ്പത്തിൽ മാറാനും (Switch) സാധിക്കും. സെറ്റിംഗ്സിൽ ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓരോ അക്കൗണ്ടിനും വ്യത്യസ്തമായ ചാറ്റ് ഹിസ്റ്ററി, നോട്ടിഫിക്കേഷനുകൾ, പ്രൈവസി സെറ്റിംഗ്സ് എന്നിവ ഉണ്ടായിരിക്കും. വ്യക്തിപരമായ കാര്യങ്ങൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കും വെവ്വേറെ അക്കൗണ്ടുകൾ കൊണ്ടുനടക്കുന്നവർക്ക് ഇത് വലിയ ആശ്വാസമാകും.
നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ ഈ സൗകര്യം ലഭ്യമാണെങ്കിലും, ഐഫോൺ ഉപയോക്താക്കൾക്ക് രണ്ട് നമ്പറുകൾ ഉപയോഗിക്കാൻ വാട്സ്ആപ്പ് ബിസിനസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ അക്കൗണ്ടുകൾ ലോഗ്-ഔട്ട് ചെയ്ത് വീണ്ടും ലോഗിൻ ചെയ്യുകയോ ചെയ്യേണ്ട അവസ്ഥയായിരുന്നു. ഈ പരിമിതികൾക്കാണ് പുതിയ അപ്ഡേറ്റിലൂടെ മാറ്റം വരുന്നത്. ഒരൊറ്റ ഫോണിൽ തന്നെ ജോലിയും വ്യക്തിജീവിതവും വേർതിരിച്ചു കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും.
ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; വാട്സാപ്പിൽ ഇനി ഒരേസമയം രണ്ട് അക്കൗണ്ടുകൾ
നിലവിൽ തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാകുന്നതോടെ വരും ആഴ്ചകളിൽ തന്നെ എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും ഈ അപ്ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. വാട്സ്ആപ്പിന്റെ ഈ നീക്കം ഐഫോൺ ഉപയോഗം കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കാൻ സഹായിക്കുമെന്ന് ടെക് ലോകം വിലയിരുത്തുന്നു.
Technology News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

