ദുബായ്∙ നഗരത്തിലെ ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. ഇ-സ്കൂട്ടർ ഡ്രൈവിങ് പെർമിറ്റുകൾക്കായി ഇനി ആർടിഎ ദുബായ് ആപ്പ് (RTA Dubai app), ദുബായ് നൗ ആപ്പ് (Dubai Now app) എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി എളുപ്പത്തിൽ അപേക്ഷിക്കാം.
90 കോടിയുടെ തട്ടിപ്പ്: 11 അംഗ സംഘത്തിന് 155 വർഷം തടവ്; വനിതകളിൽ ഒരാൾക്ക് യാത്രാ നിരോധനവും മറ്റൊരാൾക്ക് നാടുകടത്തലുമായി സൗദി
‘കണ്ണീരോടെ വിട’: യുഎഇയിൽ പ്രവാസിയായ മലയാളി വിദ്യാർഥി നാട്ടിൽ അന്തരിച്ചു
ചെറിയ ദൂരങ്ങളിലേക്കുള്ള യാത്രകൾക്കായി ഇ-സ്കൂട്ടറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. അംഗീകൃത ട്രാക്കുകളിലൂടെ മാത്രം യാത്ര ചെയ്യുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്നിവ ഉറപ്പാക്കാനാണ് പെർമിറ്റ് നിർബന്ധമാക്കിയത്. ഹെൽമറ്റ് ധരിക്കാത്തവർക്കും നിശ്ചിത പ്രായപരിധി പാലിക്കാത്തവർക്കും എതിരെ കർശന നടപടിയുണ്ടാകും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുബായ് പൊലീസും ആർടിഎയും സംയുക്തമായി ഇ-സ്കൂട്ടർ യാത്രികർക്കിടയിൽ പരിശോധന ശക്തമാക്കിയിരുന്നു. കൈറ്റ് ബീച്ച് പരിസരത്ത് സ്പോർട്സ് ട്രാക്കുകളിലും നടപ്പാതകളിലും അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ച 90 പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു.
മണിക്കൂറിൽ 120 കിലോമീറ്ററിലേറെ വേഗത്തിൽ ഇ- സ്കൂട്ടർ ഓടിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ മേയ് വരെയുള്ള കണക്കനുസരിച്ച് ഇ-സ്കൂട്ടർ അപകടങ്ങളിലും റോഡ് മുറിച്ചുകടക്കുന്നതിനിടയിലുണ്ടായ വീഴ്ചകളിലും പെട്ട് 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി വ്യക്തമാക്കുന്നു. നിയമലംഘനങ്ങൾ വർധിച്ചതോടെ വിക്ടറി ഹൈറ്റ്സ്, ജുമൈറ ബീച്ച് റസിഡൻസ് തുടങ്ങിയ ജനവാസ മേഖലകളിൽ ഇ-സ്കൂട്ടറുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ ഈ യാത്രാമാർഗം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്ന് അധികൃതർ വീണ്ടും ഓർമിപ്പിച്ചു.

