യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ ദുരിതം ലോകമാകെ അനുഭവിക്കുകയാണ്. യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടക്കുകയെന്ന തന്ത്രപ്രധാന നീക്കം ഇറാന്‍ നടത്തിയതോടെ ഇന്ധനവില വര്‍ധനയും ക്ഷാമവും ലോകരാജ്യങ്ങളുടെയാകെ ആശങ്കയായി മാറിയിരിക്കുകയാണ്. ഇത് വൈദ്യുത വാഹനങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപില്‍ യൂസ്ഡ് കാര്‍ വിപണി വലിയ കുതിപ്പിലാണെന്നാണ് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഇറാനു നേരെ അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യ യുദ്ധഭൂമിയാവുന്നത്. രാജ്യാന്തര എണ്ണ വിതരണത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് ഇതിനു പിന്നാലെ ഇറാന്‍ അടച്ചു. ഇതിന്റെ ഫലമായി യൂറോപില്‍ എണ്ണവില ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 16 വരെയുള്ള കണക്കെടുത്താല്‍ 12 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇന്ധനവില ഉയരുന്നതിന് ആനുപാതികമായി വൈദ്യുത കാറുകളുടെ യൂസ്ഡ് കാര്‍ വിപണിയും ഉഷാറായിരിക്കുകയാണ്. പഴയ വൈദ്യുത കാറുകളുടെ വില്‍പന ആകെ വില്‍പനയുടെ 6.5 ശതമാനത്തില്‍ നിന്നും 12.7 ശതമാനത്തിലേക്ക് കുതിച്ചുവെന്നാണ് ഫ്രാന്‍സിലെ ഓണ്‍ലൈന്‍ യൂസ്ഡ് കാര്‍ കമ്പനിയായ അറാമിസ്ഓട്ടോ അറിയിക്കുന്നത്. മാര്‍ച്ച് ഒമ്പതു വരെയുള്ള കണക്ക് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സമാനമായ രീതിയില്‍ ഇവിയിലേക്കുള്ള വലിയ മാറ്റം റഷ്യ ഉക്രെയ്‌നു നേരെ ആക്രമണം നടത്തിയ സമയത്തും സംഭവിച്ചിരുന്നു.
അറാമിസ്ഓട്ടോയുടെ കണക്കുകള്‍ പ്രകാരം പെട്രോള്‍ മോഡലുകളുടെ വില്‍പന 34 ശതമാനത്തില്‍ നിന്നും 28 ശതമാനത്തിലേക്ക് കുറയുകയും ചെയ്തിട്ടുണ്ട്. ഡീസല്‍ വാഹനങ്ങളുടെ വില്‍പന ആകെ വില്‍പനയുടെ 14 ശതമാനത്തില്‍ നിന്നും 10 ശതമാനമായാണ് കുറഞ്ഞത്. അമേരിക്കയിലേയും യൂറോപിലേയും ഇന്ധനവില വര്‍ധിക്കുന്നത് തുടരുകയാണെങ്കില്‍ അത് ഇവി, ഹൈബ്രിഡ് വാഹന വിപണിക്ക് കൂടുതല്‍ ഉണര്‍വാകുമെന്നാണ് കരുതപ്പെടുന്നത്.
ADVERTISEMENT
അവസരം മുതലെടുക്കാന്‍ വൈദ്യുത കാര്‍ കമ്പനികള്‍ രംഗത്തെത്തിയിട്ടുമുണ്ട്. ചൈനീസ് കമ്പനിയായ എംജി ഫ്രാന്‍സിലെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മാറി ചിന്തിക്കാന്‍ സമയമായെന്ന രീതിയിലുള്ള പരസ്യങ്ങള്‍ വ്യാപകമായി നല്‍കുന്നുണ്ട്. ഇവികള്‍ക്കായുള്ള അന്വേഷണങ്ങളില്‍ വലിയ കുതിപ്പുണ്ടായിട്ടുണ്ടെന്ന് ഒഎല്‍എക്‌സും അറിയിക്കുന്നു. ഫ്രാന്‍സ്(50%), പോര്‍ച്ചുഗല്‍(54%), പോളണ്ട്(39%) എന്നിവിടങ്ങളിലാണ് കഴിഞ്ഞ ആഴ്ച്ചകളില്‍ വൈദ്യുത കാറുകള്‍ക്കായുള്ള അന്വേഷണങ്ങളില്‍ വലിയ കുതിപ്പുണ്ടായത്. നേരത്തെ തന്നെ വൈദ്യുത കാറുകളിലേക്ക് വലിയൊരു വിഭാഗം ആകര്‍ഷിക്കപ്പെട്ടിരുന്നു. ഇതിന്റെ തോത് വര്‍ധിപ്പിക്കുകയാണ് പുതിയ യുദ്ധ സാഹചര്യം ചെയ്തിരിക്കുന്നതെന്നാണ് ഒഎല്‍എക്‌സ് സിഇഒ പ്രതികരിച്ചത്.
പുതിയ വൈദ്യുത കാറുകളെ അപേക്ഷിച്ച് യൂസ്ഡ് വാഹനങ്ങള്‍ക്ക് 40% വരെ വിലക്കുറവുണ്ടെന്നതാണ് പലരേയും ആകര്‍ഷിക്കുന്നത്. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ആഴ്ച്ചകളും മാസങ്ങളും വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. അതേസമയം സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളാണെങ്കില്‍ ഉടന്‍ തന്നെ സ്വന്തമാക്കാനും സാധിക്കും. ഇന്ധനവിലയിലുള്ള ആശങ്കയില്‍ പെട്ടെന്ന് വാഹനം മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുകൊണ്ടു തന്നെ ഇവി മികച്ച സാധ്യതയായി മാറുകയാണ്. രാജ്യാന്തര സംഭവ വികാസങ്ങള്‍ വിപണിയെ സ്വാധീനിച്ചു തുടങ്ങിയിട്ടേയുള്ളൂവെന്നും വരുംമാസങ്ങളിലും വൈദ്യുത കാര്‍ വിപണി കുതിപ്പ് തുടരുമെന്നുമാണ് ബ്രിട്ടീഷ് ഓട്ടമോട്ടീവ് ഡാറ്റാ സ്ഥാപനമായ മാര്‍ക്കറ്റ് ചെക്ക് വൈസ് പ്രസിഡന്റ് പ്രതികരിച്ചത്.
ADVERTISEMENT
നോര്‍വെ ആസ്ഥാനമായുള്ള വെന്‍ഡ് ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ കാര്‍ പ്ലാറ്റ്‌ഫോമുകളിലും ഇവികളുടെ വില്‍പനയില്‍ വലിയ വര്‍ധനവുണ്ട്. സ്വീഡനിലെ മാര്‍ച്ചിലെ ആധ്യ രണ്ടാഴ്ച്ചകളില്‍ വൈദ്യുത കാര്‍ വില്‍പന 11 ശതമാനമാണ് വര്‍ധിച്ചത്. വൈദ്യുത കാറുകള്‍ക്കായുള്ള അന്വേഷണം 17 ശതമാനം കൂടിയിട്ടുണ്ട്. ജര്‍മ്മനിയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ കാര്‍ വില്‍പന കേന്ദ്രമായ mobile.deയില്‍ മാര്‍ച്ചില്‍ ഇവികള്‍ക്കായുള്ള അന്വേഷണങ്ങളില്‍ മൂന്നിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. യൂസ്ഡ് കാറുകളെക്കുറിച്ചുള്ള അന്വേഷണം 66 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.

