രണ്ടാം ലോകയുദ്ധകാലം…അനേകം സേനകളും ആയുധങ്ങളും തന്ത്രങ്ങളുമൊക്കെ ഭൂമി നിറഞ്ഞകാലം. അക്കാലത്ത് സോവിയറ്റ് യൂണിയന്റെ 588-ാം നൈറ്റ് ബോംബർ റജിമെന്റ് അറിയപ്പെട്ടിരുന്നത് ‘നൈറ്റ് വിച്ചസ്’ എന്ന പേരിലാണ്. വളരെ അപൂർവമായ ഒരു റജിമെന്റായിരുന്നു ഇത്. 1942ൽ രൂപീകരിച്ച ഇതിലെ പൈലറ്റുമാരും നാവിഗേറ്റർമാരും സാങ്കേതിക വിദഗ്ധരുമെല്ലാം സ്ത്രീകളായിരുന്നു. അക്കാലത്ത് ഇതൊരു വലിയ അപൂർവത തന്നെയാണ്.
ആകാശത്ത് നിന്നും ചുവന്നുപഴുത്ത് വീണ ലോഹവളയം; പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള സൈനിക കേന്ദ്രവുമായി ചൈന, ഭയപ്പെടേണ്ടതുണ്ടോ
കിഴക്കൻ യുദ്ധമുന്നണിയിൽ ജർമൻ സേനയ്ക്കെതിരെ രാത്രികാലങ്ങളിൽ ബോംബാക്രമണം നടത്തുകയായിരുന്നു ഇവരുടെ ദൗത്യം. വിമാനങ്ങളുടെ പരിമിതികളും സേനാവിഭാഗത്തിന്റെ വേറിട്ട ഘടനയും വെല്ലുവിളിയായിരുന്നു. പക്ഷേ പോരാട്ടവീര്യം കൊണ്ടും ധീരതന്ത്രങ്ങൾ കൊണ്ടും സോവിയറ്റ് യൂണിയനിലെ ഏറ്റവും അപകടകാരികളായ സൈനിക വിഭാഗങ്ങളിലൊന്നായി നൈറ്റ്വിച്ചസ് മാറി.
തന്ത്രപരമായ ഒരു ഗുണമുണ്ടായിരുന്നു
സൈനിക പരിശീലനത്തിനും കൃഷിയിടങ്ങളിൽ മരുന്നു തളിക്കുന്നതിനും ഉപയോഗിച്ചിരുന്ന പോളികാർപോവ് പിഒ-2 എന്നറിയപ്പെടുന്ന പഴയതും വേഗം കുറഞ്ഞതുമായ പ്ലെയിനുകളിലായിരുന്നു ‘മന്ത്രവാദിനികൾ’ പറന്നിരുന്നത്. തടികൊണ്ടുള്ള ഘടനയും കുറഞ്ഞ വേഗവുമുള്ള ദുർബലവിമാനങ്ങളായിരുന്നു ഇവ. എന്നാൽ ഇവയ്ക്ക് തന്ത്രപരമായ ഒരു ഗുണമുണ്ടായിരുന്നു. ശബ്ദം കുറവായതിനാൽ റഡാറുകളുടെ കണ്ണുവെട്ടിച്ച് വളരെ താഴ്ന്നു പറക്കാൻ ഈ വിമാനങ്ങൾക്ക് കഴിഞ്ഞു.
ലക്ഷ്യസ്ഥാനത്തിന് മുകളിലെത്തുമ്പോൾ വനിതാ പൈലറ്റുമാർ വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്ത് നിശബ്ദമായി ഊളിയിട്ടിറങ്ങി. പിന്നീട് ബോംബുകൾ വർഷിച്ചു. ശേഷം എൻജിൻ വീണ്ടും പ്രവർത്തിപ്പിച്ച് രക്ഷപ്പെടും. ഈ രഹസ്യ ആക്രമണ തന്ത്രമാണ് ജർമൻ സൈനികർക്കിടയിൽ ഇവർക്ക് ‘രാത്രിയിലെ മന്ത്രവാദിനികൾ’ എന്ന പേര് നേടിക്കൊടുത്തത്.
ഇവരുടെ ദൗത്യങ്ങൾ അപകടം നിറഞ്ഞതായിരുന്നു. കൊടുംതണുപ്പിൽ, രാത്രിയുടെ മറവിൽ, ആധുനിക ഗതിനിർണയ സംവിധാനങ്ങളോ മികച്ച ആയുധങ്ങളോ ഇല്ലാതെ പറന്ന ഇവർക്ക് ശത്രുക്കളുടെ വെടിയുണ്ടകളും കഠിന കാലാവസ്ഥയും നിരന്തരം ഭീഷണിയുയർത്തി. എന്നിട്ടും ആ യുദ്ധകാലത്ത് മുപ്പതിനായിരത്തിലധികം ദൗത്യങ്ങൾ ഇവർ വിജയകരമായി പൂർത്തിയാക്കി. നൈറ്റ് വിച്ചസിൽ പലർക്കും ഉന്നത സൈനിക ബഹുമതികൾ ലഭിച്ചു. ചിലർക്ക് സോവിയറ്റ് യൂണിയന്റെ പരമോന്നത ബഹുമതിയായ ‘ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ’ പദവിയും കിട്ടി.
Image Credit: Gemini AI
‘രാത്രിയിലെ മന്ത്രവാദിനികൾ’
സൈനിക നേട്ടങ്ങൾക്കപ്പുറം ഫാഷിസത്തിനെതിരായ വിശാല പോരാട്ടത്തിലെ സ്ത്രീ സംഭാവനകളുടെ പ്രതീകമായി ‘രാത്രിയിലെ മന്ത്രവാദിനികൾ’ മാറി. പ്രതിസന്ധികളെ അതിജീവിച്ച ഇവരുടെ കഥ, അതിജീവനശേഷി, കഴിവ്, ധീരത എന്നിവയുടെ ഉത്തമ മാതൃകയായി പ്രശംസിക്കപ്പെട്ടു. ഇവരുടെ പോരാട്ടവീര്യം തിരിച്ചറിഞ്ഞ സോവിയറ്റ് ഭരണകൂടം, കൂടുതൽ വനിതാ വ്യോമയാന റജിമെന്റുകൾ രൂപീകരിക്കാൻ തീരുമാനിച്ചു. ഭാവിയിൽ സൈന്യത്തിൽ കൂടുതൽ സ്ത്രീ പങ്കാളിത്തത്തിന് വഴിയൊരുക്കുകയും ചെയ്തു.
സുൽത്താൻ പരിഗണിക്കാത്ത ഡ വീഞ്ചിയുടെ ആ പാലം:5 നൂറ്റാണ്ടിനിപ്പുറം എംഐടിയുടെ അമ്പരപ്പിക്കുന്ന കണ്ടെത്തൽ
പല പുസ്തകങ്ങളും ഡോക്യുമെന്ററികളും ഇവരുടെ കഥ പ്രമേയമാക്കിയിട്ടുണ്ട്. യുദ്ധത്തിലെ ധീരതയുടെ പേരിൽ മാത്രമല്ല, സൈനിക വ്യോമയാന രംഗത്തെ സ്ത്രീ മുന്നേറ്റത്തിന്റെ തുടക്കക്കാർ എന്ന നിലയിലും ഇവർ ഓർമിക്കപ്പെടുന്നു.
Defence Sector
World War II
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

