Breaking
5 Feb 2026, Thu

‘ഇരുട്ടിൽ കേട്ട നിലവിളി, അവൾ എന്നെ കെട്ടിപ്പിടിച്ച് തൂങ്ങിക്കിടന്നു’: പ്രവാസി ‘രക്ഷകന് ‘ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ ആദരം

ഷാർജ ∙ ശാന്തമായ സായാഹ്നം ഹൃദയഭേദകമായ നിലവിളികളിലേക്ക് വഴിമാറിയ നിമിഷങ്ങൾ. ഷാർജ മാംസാർ ബീച്ചിൽ കടലിൽ മുങ്ങിപ്പോയ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ വഴിപോക്കനായി എത്തിയ ഖാസിം മുഹമ്മദ് അൽ സയീദ് എന്ന ഈജിപ്ഷ്യൻ യുവാവിന്റെ ധീരമായ ഇടപെടലിൽ രക്ഷപ്പെട്ടു. ഇരുട്ടിൽ കൈകാലിട്ടടിച്ച് നിലവിളിച്ച കുട്ടികൾക്ക് പുതുജീവൻ നൽകിയ ‘രക്ഷകനെ’ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ആദരിച്ചു.

അബുദാബിയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ ചലനമറ്റ് യാത്രക്കാരൻ; ജീവന്റെ കാവൽക്കാരായി മലയാളികൾ, ആദരം

‘സൗദിയിൽ സ്പോൺസർഷിപ് നിർത്തലാക്കി, പ്രവാസികൾക്ക് റീ എൻട്രി വീസ സ്വയം എടുക്കാം’; സത്യാവസ്ഥ!

വെള്ളിയാഴ്ച രാത്രി 8.30-നാണ് സംഭവം. മഗ് രിബ് നമസ്‌കാരത്തിന് ശേഷം കടൽത്തീരത്ത് ചായകുടിക്കാൻ എത്തിയതായിരുന്നു മൂന്ന് വർഷമായി അയൽക്കാരായി കഴിയുന്ന രണ്ട് കുടുംബങ്ങൾ. കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടം. 9 വയസ്സുകാരിയായ യഖീൻ അബ്ദുൽ അലി നസറുദ്ദീൻ, 4 വയസ്സുകാരി ഉമ്മു കുൽസൂമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും ശക്തമായ തിരമാലയിൽ അകപ്പെടുകയായിരുന്നു.

∙ ഇരുട്ടിൽ കേട്ട നിലവിളി; യുവാവ് ഓടിയെത്തി

കുട്ടികൾ വെള്ളത്തിൽ മുങ്ങുന്നത് കണ്ട അമ്മമാർ ഉടൻ കടലിലേക്ക് ഓടിയിറങ്ങി. എന്നാൽ നീന്തൽ അറിയാത്തതിനാൽ കൂടുതൽ മുന്നോട്ട് പോകാൻ ഇരുവർക്കും കഴിഞ്ഞില്ല. ഗർഭിണിയായ ഉമ്മു കുൽസൂമിന്റെ അമ്മ മകളെ രക്ഷിക്കാൻ ആഴത്തിലേക്ക് പോയെങ്കിലും യഖീനെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. ഉമ്മു കുൽസൂമിനെ കാണാതായി. നിസ്സഹായരായ അമ്മമാരുടെ നിലവിളിയാണ് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന 25-കാരനായ ഖാസിം മുഹമ്മദ് അൽ സയീദിന്റെ ശ്രദ്ധയിൽപ്പെട്ടത്.

Image Credit: Sharjah Civil Defence

മറ്റൊന്നും ആലോചിക്കാതെ ഞാൻ വെള്ളത്തിലേക്ക് ഓടിയിറങ്ങി- ഖാസിം പറഞ്ഞു. ആദ്യം യഖീനെയാണ് കണ്ടെത്തിയത്. അവൾ എന്നെ കെട്ടിപ്പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു. ആ നിമിഷം അഗാധമായ വെള്ളത്തിനടിയിലായിരുന്ന ചെറിയ കുട്ടിയെ എനിക്ക് കാണാൻ കഴിഞ്ഞില്ല. അതിനാൽ ആദ്യം യഖീനെ കരയിലെത്തിച്ച് ഞാൻ വീണ്ടും രണ്ടാമത്തെ കുഞ്ഞിനുവേണ്ടി തിരികെ പോയി. തിരികെ പോയ ഖാസിം, അബോധാവസ്ഥയിലായിരുന്ന ഉമ്മു കുൽസൂം അബുബക്കറിനെ കണ്ടെത്തി. ഈ സമയം തന്നെ വഴിയാത്രക്കാർ അധികൃതരെ വിവരമറിയിച്ചിരുന്നു.

∙ സുരക്ഷിതമായി വീടണഞ്ഞ് കുഞ്ഞുങ്ങൾ

യഖീന് അമ്മ നൽകിയ ഫസ്റ്റ് എയ്ഡ്, സിപിആർ എന്നിവയിലൂടെ ഉടൻതന്നെ ആരോഗ്യം വീണ്ടെടുത്തു. ഉമ്മു കുൽസൂമിൻ്റെ പിതാവ് മുഹമ്മദ് അബുബക്കർ സംഭവ സ്ഥലത്തുണ്ടായിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തിൽ ഒരു ദിവസം ചെലവഴിച്ച ഉമ്മു കുൽസൂമും സുഖം പ്രാപിച്ചു. രണ്ട് പെൺകുട്ടികളെയും ഇന്നലെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. തൻ്റെ മകളെ രക്ഷിച്ച ഈ മനുഷ്യനോട് ഞാൻ എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം ഒരു യഥാർഥ ഹീറോയാണെന്നും മൗറിറ്റാനിയൻ പ്രവാസിയായ അബുബക്കർ പറഞ്ഞു. അധികൃതരുടെ വേഗത്തിലുള്ള പ്രതികരണത്തിനും നന്ദി പറഞ്ഞു. മറ്റൊരാൾ വിഷമിച്ചിരിക്കുന്നത് കണ്ടാലും സഹായിക്കാൻ ഇറങ്ങാത്തവരാണ് പലരും. എന്നാൽ ഖാസിം അങ്ങനെയായിരുന്നില്ല. – യഖീന്റെ പിതാവ് അബ്ദുൽ അലി പറഞ്ഞു.

∙ രക്ഷകനെ ആദരിച്ച് സിവിൽ ഡിഫൻസ്

സംഭവത്തിന് ദിവസങ്ങൾക്കുശേഷം പെൺകുട്ടികൾ സുഖം പ്രാപിച്ച് വീട്ടിലെത്തിയതായി സിവിൽ ഡിഫൻസ് ഖാസിമിനെ അറിയിക്കുകയും അദ്ദേഹത്തെ സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ധീരതയും അടിയന്തര പ്രതികരണവും ഉന്നതമായ സഹകരണത്തെയും സാമൂഹിക ഉത്തരവാദിത്തബോധത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയിലെ കേണൽ യൂസഫ് അൽ ഷംസി പറഞ്ഞു. സമുദ്ര പ്രദേശങ്ങളിലെ സുരക്ഷാ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

∙ നേരത്തെ മുങ്ങി മരിച്ചവരിൽ ഇന്ത്യൻ യുവാവും

കടൽത്തീരങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്. ദുബായ് പൊലീസ് ബീച്ച് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ലൈഫ് ഗാർഡിങ്ങിലും രക്ഷാ ഉപകരണങ്ങളിലും പരിശീലനം നൽകുന്ന പുതിയ വേനൽക്കാല പരിശീലന പരിപാടികൾ അവതരിപ്പിക്കാനും അധികൃതർ ഒരുങ്ങുന്നു.

മാംസാർ ബീച്ചിൽ മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. 2024 നവംബറിൽ ശക്തമായ കടൽ പ്രവാഹത്തിൽ പെട്ട് 15-കാരനായ ഒരു ഇന്ത്യൻ പ്രവാസി ഇവിടെ മുങ്ങി മരിക്കുകയും അതിനു മുൻപ് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു പുരുഷൻ മരിക്കുകയും ചെയ്തിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *