Breaking
5 Feb 2026, Thu

ഇന്റര്‍നെറ്റും നെറ്റ്‌വര്‍ക്കും വേണ്ട!വാട്‌സാപ് കോള്‍ ലഭിക്കുന്ന ആദ്യ ഫോണായി പിക്‌സല്‍ 10; ആപ്പിളും സാംസങും വഴിമാറൂ..

ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ്‌വര്‍ക്കും പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വാട്‌സാപ് വഴി ഫോണ്‍ കോള്‍ നടത്താന്‍ അനുവദിക്കുന്ന ലോകത്തെ ആദ്യ ഫോണ്‍ സീരിസായി മാറുകയാണ് ഗൂഗിള്‍ അവതരിപ്പിച്ച പിക്‌സല്‍ 10 ശ്രേണി. വമ്പന്‍ മാറ്റങ്ങള്‍ക്ക് വഴിവച്ചേക്കാവുന്ന നീക്കങ്ങളിലൊന്നായേക്കാം ഇത്. ഇതുവരെ ഇറങ്ങിയിരിക്കുന്ന ഫോണുകളിലെല്ലാം സാറ്റലൈറ്റ് വഴി അടിയന്തര ഘട്ടങ്ങളില്‍ രക്ഷ അഭ്യര്‍ത്ഥിക്കുന്ന എസ്ഓഎസ് (SOS) എസ്എംഎസുകളോ, ലൊക്കേഷന്‍ ഷെയറിങോ മാത്രമേ സാധ്യമായിരുന്നുള്ളു. അതിന് ഒരു മാറ്റം വരുത്തിയിരിക്കുകയാണ് ഗൂഗിള്‍.

ചൈനയുടെ ബഹിരാകാശ നിലയത്തിലേക്കെത്താൻ ഒരു പാക്കിസ്ഥാനി സഞ്ചാരി; ഇസ്രോ നേട്ടങ്ങളുടെ ആകാശത്തിലെത്തുമ്പോൾ, സുപാർകോ ഇപ്പോഴും പിന്നിൽ

കിടുങ്ങുമോ മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍?

പിക്‌സല്‍ ഫോണുകളില്‍ വാട്‌സാപ് ഉപയോഗിച്ച് വോയിസ് കോളോ, വിഡിയോ കോളോ പോലും നടത്താമെന്നതാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന ശ്രദ്ധേയമായ മാറ്റം. പിക്‌സല്‍ 10 സീരിസിലെ ഏതെങ്കിലും ഫോണ്‍ വാങ്ങുന്നവര്‍ക്കെല്ലാം ഈ ഫീച്ചര്‍ ഓഗസ്റ്റ് 28 മുതല്‍ ലഭിക്കും. അന്നു മുതലാണ് ഗൂഗിള്‍ പിക്‌സല്‍ 10 സീരിസ് വില്‍പ്പനയ്‌ക്കെത്തുന്നത്. കമ്പനി എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇട്ട വിഡിയോയില്‍ പിക്‌സല്‍ 10 ഫോണ്‍ ഉപയോഗിച്ച് സാറ്റലൈറ്റ് കോള്‍ സ്വീകരിക്കുന്നതു കാണാം.

കോള്‍ വരുമ്പോള്‍ സാറ്റലൈറ്റിന്റെ ഐക്കണും ഫോണില്‍ പ്രത്യക്ഷപ്പെടും. ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ്‌വര്‍ക്കും ഇല്ലെങ്കിലും വാട്‌സാപ് കോള്‍ സ്വീകരിക്കാമെന്നതിനപ്പുറമുള്ളതായിരിക്കും ഇതിന്റെ ആഘാതം-അടിയന്തര ഘട്ടത്തില്‍ മാത്രമല്ല എപ്പോഴും സാറ്റലൈറ്റ് കോള്‍ നടത്താം എന്നതാണ് പുതിയ ടെക്‌നോളജിയുടെ സവിശേഷത. ലോകമെമ്പാടുമുള്ള മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും ഇതൊരു മുന്നറിയിപ്പ് ആയേക്കാം.

‘പൂത്തുമ്പീ കുർള മമ്മീ’യുമായി വീണ്ടും ടിക്ടോക് തിരിച്ചുവന്നോ? അറിയാം, യാഥാർഥ്യം

തുടക്കത്തില്‍ പ്രശ്‌നമായേക്കില്ല

പുതിയ സാങ്കേതികവിദ്യ ടെലകോം കമ്പനികള്‍ക്ക് ഈ തുടക്ക ഘട്ടത്തില്‍ ഭീഷണിയായേക്കില്ല. ഓരോ രാജ്യത്തും ഫോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട നിബന്ധനകള്‍ തന്നെയാണ് ടെലികം ഭീമന്മാര്‍ക്ക് തല്‍ക്കാലം തുണയാകുക. പക്ഷെ, ഇത്തരം സാങ്കേതികവിദ്യകള്‍ സാധ്യമാണ് എന്ന കാര്യം തന്നെ ടെലികോം ഭീമന്മാരെ ഇരുത്തി ചിന്തിപ്പിച്ചേക്കും.

ഫോണുകള്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുമ്പോള്‍

നിരവധി സാറ്റലൈറ്റ് ഫീച്ചറുകള്‍ പിക്‌സല്‍ 10 സീരിസില്‍ എത്തിക്കുകയാണ് ഗൂഗിള്‍. മാപ്പ്‌സ്, ഫൈന്‍ഡ് മൈ ഹബ്, ലൈവ ലൊക്കേഷന്‍ ഷെയറിങ്, അടിയന്തര ഘട്ടങ്ങളില്‍ രക്ഷ അഭ്യര്‍ത്ഥിക്കുന്ന എസ്ഓഎസ് സന്ദേശങ്ങള്‍ തുടങ്ങിയവ സാറ്റലൈറ്റ് വഴി നടത്താവുന്ന രീതിയിലേക്ക് പുതിയ സ്മാര്‍ട്ട്‌ഫോണുകളെ പരിഷ്‌കരിച്ചിരിക്കുകയാണ് കമ്പനി. അവയ്‌ക്കൊപ്പം വാട്‌സാപ് കോളും കൂടെ നല്‍കുക വഴി വേണമെങ്കില്‍ സാറ്റലൈറ്റ് വഴി പ്രവര്‍ത്തിപ്പിക്കാവുന്ന കരുത്തുറ്റ ഒരു ഉപകരണമായി മാറ്റിയിരിക്കുകയാണ് പിക്‌സല്‍ 10 സീരിസിനെ.

ആപ്പിളും സാംസങും ഒന്നു വഴി മാറൂ

നിലവിലെ സാഹചര്യത്തില്‍ പിക്‌സല്‍ 10 സീരിസിലെത്തിച്ചിരിക്കുന്ന പുതിയ ഫീച്ചറുകള്‍ പരിഗണിച്ചാല്‍ ആപ്പിളിനും സാംസങിനും അപ്പുറത്തേക്ക് സ്മാര്‍ട്ട്‌ഫോണ്‍ സീരിസിനെ ഗൂഗിള്‍ പരിഷ്‌കരിച്ചു എന്നു വേണമെങ്കില്‍ പറയാം. അതേസമയം, ദിവസങ്ങള്‍ക്കുള്ളില്‍ ആപ്പിള്‍ പുറത്തിറക്കാന്‍ പോകുന്ന ഐഫോണ്‍ 17 സീരിസില്‍ ഇതിനെയൊക്കെ വെല്ലുന്ന ഫീച്ചറുകള്‍ ഉണ്ടാകുമോ എന്നു പറയാനുമാവില്ല.

ഐഫോണ്‍ 16 സീരിസില്‍ സാറ്റലൈറ്റ് വഴി അടിയന്തര ഘട്ടങ്ങളില്‍ രക്ഷ അഭ്യര്‍ത്ഥിക്കുന്ന എസ്ഓഎസ് സന്ദേശങ്ങള്‍ കൈമാറാന്‍ മാത്രമെ സാധിക്കൂ. സാംസങിന്റെ ഗ്യാലക്‌സി എസ്25ല്‍ സ്‌നാപ്ഡ്രാഗണ്‍ സാറ്റലൈറ്റ് വഴിയുള്ള സന്ദേശക്കൈമാറ്റം മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. വാട്‌സാപ്പ് വഴിയുള്ള സാറ്റലൈറ്റ് കോള്‍ എന്നത് ഭാവിയിലേക്കുള്ള ഒരു എടുത്തുചാട്ടമായി വിലയിരുത്തപ്പെടുന്നു.

പരിമിതികള്‍

പിക്‌സല്‍ 10 സീരിസിന് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സേവനങ്ങള്‍ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കുന്ന ഒരു ഫോണിനും സാധ്യമല്ലാത്ത രീതിയില്‍ നടത്താനാകും. എന്നാല്‍, അതിന് ചില പരിമിതികളും ഉണ്ടാകും. ഒന്ന്, വാട്‌സാപ് കോള്‍ എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരും സപ്പോര്‍ട്ട് ചെയ്‌തേക്കില്ല എന്നതാണ്. രണ്ട് ഇത് പ്രോത്സാഹിപ്പിക്കാതിരിക്കാനായി അതിന് അധിക ചാര്‍ജ് ഈടാക്കിയേക്കും. അതേസമയം, കോളുകള്‍ക്കു പുറമെ വാട്‌സാപ് സന്ദേശങ്ങളും സാറ്റലൈറ്റ് വഴി തൊടുക്കുകയും സ്വീകരിക്കുകയും ചെയ്യാവുന്ന ഫീച്ചറും വരുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പില്ല താനും.

എന്തായാലും, വളരെക്കാലമായി പറഞ്ഞു കേട്ടിരുന്ന, നേരിട്ട് സാറ്റലൈറ്റ് വഴി കോള്‍ നടത്താവുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് ഗൂഗിള്‍ ഇപ്പോള്‍ മാര്‍ക്കറ്റിലത്തിക്കാന്‍ പോകുന്നത്. മറ്റു ഫോണ്‍ നിര്‍മ്മാതാക്കളും ഈ ഫീച്ചറുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരായേക്കും. നാടെങ്ങും നാട്ടി നിറുത്തിയിരിക്കുന്ന ടവറുകള്‍ക്കപ്പുറത്തേക്കുളള കമ്യൂണിക്കേഷന്‍ സംവിധാനങ്ങളേക്ക് രാജ്യങ്ങള്‍ക്ക് ഇനി ചിന്തിക്കാന്‍ തുടങ്ങുകയെങ്കിലുമാകാം.

ഗൂഗിളേ രക്ഷിക്കൂ..സിരിക്കായി ജെമിനി ചോദിച്ചു ആപ്പിൾ; വിചാരിച്ചപോലെ വിജയിക്കുന്നില്ല എഐ

പിക്‌സല്‍ വാച്ചുകള്‍ക്കും സാറ്റലൈറ്റ് ബന്ധം

പിക്‌സല്‍ 10 ഫോണുകള്‍ക്കൊപ്പം ഗൂഗിള്‍ പുറത്തെടുത്ത പിക്‌സല്‍ വാച്ച് 4 എല്‍ടിഇ വാച്ചിനും സാറ്റലൈറ്റ് കണക്ടിവിറ്റി ഉണ്ട്. സ്‌നാപ്ഡ്രഗണ്‍ w5 ജെന്‍2 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ വാച്ചിന് ജിയോസ്‌റ്റേഷണറി സാറ്റലൈറ്റ് നെറ്റ്‌വര്‍ക്കുകളുമായി ബന്ധപ്പെട്ട അടിയന്തര ഘട്ടങ്ങളില്‍ രക്ഷ അഭ്യര്‍ത്ഥിക്കാന്‍ സാധിക്കും. നേരിട്ട് സാറ്റലൈറ്റ് കണക്ടിവിറ്റി ഉള്ള ലോകത്തെ ആദ്യത്തെ വെയറബിള്‍ ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *