Breaking
6 Feb 2026, Fri

ഇനി അമേരിക്കയ്ക്ക് അത്യാധുനിക ‘ട്രംപ് ക്ലാസ്’ യുദ്ധക്കപ്പലുകൾ, തോക്കുകളല്ല ഇതിൽ ഹൈപ്പർസോണിക് മിസൈലുകൾ! എന്താണ് ‘യുഎസ്എസ് ഡിഫയന്റ്’?

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്ക നിർമ്മിക്കുന്ന ഏറ്റവും വലിയ യുദ്ധക്കപ്പലുകൾ ഉൾപ്പെടുന്ന പുതിയ “ട്രംപ് ക്ലാസ്” പദ്ധതി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, നേവി സെക്രട്ടറി ജോൺ ഫെലാൻ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുടെ സാന്നിധ്യത്തിലാണ് ട്രംപ് ഈ യുദ്ധക്കപ്പലുകളുടെ നിർമാണ പ്രഖ്യാപനം നടത്തിയത്.

എന്താണ് ‘യുഎസ്എസ് ഡിഫയന്റ്’ (USS Defiant)?

ട്രംപ് ക്ലാസിലെ ആദ്യത്തെ കപ്പലിന് ‘യുഎസ്എസ് ഡിഫയന്റ്’ (BBG-1) എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിന്റെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്: 35,000 ടണ്ണിലധികം ഭാരമുള്ള ഈ കപ്പൽ, നിലവിൽ യുഎസ് നാവികസേനയിലുള്ള ഏറ്റവും വലിയ ഡിസ്ട്രോയറായ ‘സുംവാൾട്ട് ക്ലാസിനേക്കാൾ’ (15,000 ടൺ) ഇരട്ടിയിലധികം വലിപ്പമുള്ളതാണ്.

ലേസർ ആയുധങ്ങളും അത്യാധുനിക സംവിധാനങ്ങളും അടങ്ങിയ, ‘സ്ലീക്ക്’ ഡിസൈനാണ് ഇതിനുള്ളതെന്നാണ് പുറത്തെത്തിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. “ഞാൻ സൗന്ദര്യത്തെ സ്നേഹിക്കുന്ന വ്യക്തിയാണ്, അതിനാൽ നാവികസേനയ്‌ക്കൊപ്പം ഈ കപ്പലുകളുടെ രൂപകൽപ്പനയിൽ ഞാനും പങ്കുചേരും,” എന്നാണ് ട്രംപ് പറഞ്ഞത്.

2024-ൽ ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന് ശേഷം അദ്ദേഹം മുഷ്ടി ചുരുട്ടിപ്പിടിച്ച് നിൽക്കുന്ന പ്രശസ്തമായ ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് കപ്പലിന്റെ ലോഗോ.പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, അത്യാധുനിക സാങ്കേതികവിദ്യകളാണ് ഈ കപ്പലിൽ ഉപയോഗിക്കുന്നത്:

ഹൈപ്പർസോണിക് മിസൈലുകൾ (Conventional Prompt Strike missiles).

128 MK-41 വെർട്ടിക്കൽ ലോഞ്ച് സിസ്റ്റം സെല്ലുകൾ.

ന്യൂക്ലിയർ ക്രൂയിസ് മിസൈലുകൾ വഹിക്കാനുള്ള ശേഷി.

ഡോണൾഡ് ട്രംപ് (Photo by ANDREW CABALLERO-REYNOLDS / AFP)

ഭാവിയിൽ 32 മെഗാജൂൾ റെയിൽ ഗണ്ണുകളും ലേസർ ആയുധങ്ങളുംഉൾപ്പെടുത്താനുള്ള സൗകര്യം.

പ്രൊപ്പൽഷൻ: ഗ്യാസ് ടർബൈനുകളും ഡീസൽ എൻജിനുകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഗ്രിഡ് സംവിധാനമാണ് ഇതിലുള്ളത്. ഇത് കപ്പലിന്റെ വേഗത 30 നോട്ടിന് (Knots) മുകളിലെത്തിക്കും.

എയർക്രാഫ്റ്റ്: വി-22 ഓസ്പ്രേ (V-22 Osprey) പോലുള്ള ടിൽറ്റ്-റോട്ടർ വിമാനങ്ങളെയും ഭാവിയിലെ ഹെലികോപ്റ്ററുകളെയും വഹിക്കാൻ ഇതിന് ശേഷിയുണ്ടാകും.

‘ഗോൾഡൻ ഫ്ലീറ്റ്’ (Golden Fleet)

ട്രംപിന്റെ “ഗോൾഡൻ ഫ്ലീറ്റ്” പദ്ധതിയുടെ ഭാഗമായാണ് ഈ കപ്പലുകൾ നിർമ്മിക്കുന്നത്.ആദ്യ ഘട്ടത്തിൽ രണ്ട് കപ്പലുകൾ നിർമ്മിക്കാനാണ് തീരുമാനം. ആകെ 20 മുതൽ 25 വരെ കപ്പലുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു.

ചരിത്രത്തിലെ തന്നെ ഏറ്റവും പ്രഹരശേഷിയുള്ള ഉപരിതല യുദ്ധക്കപ്പലായിരിക്കും ഇത്. നിലവിലുള്ള കപ്പലുകളെക്കാൾ 80 ഇരട്ടി ദൂരത്തിൽ ആക്രമണം നടത്താൻ ഇതിന് സാധിക്കും. ആണവായുധങ്ങളും ഹൈപ്പർസോണിക് മിസൈലുകളും വഹിക്കാൻ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ ഗൈഡഡ് മിസൈൽ ബാറ്റിൽഷിപ്പ് കൂടിയാണിത്.

കരയിലെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളെ തകർക്കാൻ ലാർജ് മിസൈൽ വെർട്ടിക്കൽ ലോഞ്ച് സിസ്റ്റവും (LMVLS), അത്യാധുനിക ഡയറക്ട് എനർജി ആയുധങ്ങളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒറ്റയ്ക്കോ അല്ലെങ്കിൽ ഒരു കൂട്ടം കപ്പലുകളുടെ (Surface Action Group) നേതൃസ്ഥാനത്ത് നിന്നോ പ്രവർത്തിക്കാൻ ഇതിന് കഴിയും.

“ഭാവിയിൽ ഒരു യുദ്ധം ഉണ്ടായാൽ, വിമാനവാഹിനിക്കപ്പൽ എവിടെയെന്ന് ചോദിക്കുന്നതുപോലെ, ഈ ബാറ്റിൽഷിപ്പ് എവിടെയാണെന്നും ലോകം ചോദിക്കും” എന്നാണ് നേവി സെക്രട്ടറി ജോൺ സി. ഫെലാൻ ഇതിനെക്കുറിച്ച് വിശേഷിപ്പിച്ചത്.

ചെലവ്: ഒരു കപ്പലിന് ഏകദേശം 10 ബില്യൺ മുതൽ 15 ബില്യൺ ഡോളർ വരെ (ഏകദേശം 80,000 കോടി – 1.2 ലക്ഷം കോടി രൂപ) ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ചൈനയുമായുള്ള നാവിക മത്സരം മാത്രമല്ല, ലോകമെമ്പാടുമുള്ള ഭീഷണികളെ നേരിടുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. ആഗോള കപ്പൽ നിർമ്മാണത്തിൽ 53 ശതമാനവും ചൈന കൈയ്യടക്കി വെച്ചിരിക്കുമ്പോൾ, അമേരിക്കയുടെ വിഹിതം വെറും 0.1 ശതമാനമാണ്. ഇത് മാറ്റാനാണ് ട്രംപ് ശ്രമിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *