ശബരിമല∙ ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ശബരിമലയ്ക്കു വേണ്ടി സാങ്കേതിക മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. തീർഥാടകർ നിലയ്ക്കൽ എത്തുന്നതു മുതൽ തിരിച്ചു മടങ്ങുന്നതുവരെയുളള സമയക്രമം, സന്നിധാനത്തിലെ അഭിഷേകം, വഴിപാടുകൾ, മുറികൾ ബുക്കു ചെയ്യൽ തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും ഡിജിറ്റലാക്കുകയാണ് ലക്ഷ്യം.
ഇപ്പോൾ ഓൺലൈൻ സംവിധാനത്തിലൂടെ വെർച്വൽ ക്യൂ, വഴിപാട് ബുക്കിങ് തുടങ്ങിയവ മാത്രമാണു നടക്കുന്നത്. ഏതെല്ലാം മേഖലയിൽ സാങ്കേതിക സംവിധാനം വേണമെന്നും ഏതൊക്കെ രീതിയിൽ നടപ്പാക്കണമെന്നും കണ്ടെത്തുന്നതിന് ആർഎഫ്പി (റിക്വസ്റ്റ് ഫോർ പ്രപ്പോസൽ) തയാറാക്കും. വിപ്രോ, ഇൻഫോസിസ് പോലെയുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെയാകും തയാറാക്കുക. ഇതോടൊപ്പം ദേവസ്വം ബോർഡിന്റെ എല്ലാ ഓഫിസുകളും ഡിജിറ്റൽ ആക്കും.
ശബരിമലയിൽ തിരക്കുനിയന്ത്രണത്തിനു ശാസ്ത്രീയ നടപടി വേണമെന്നും അടുത്ത തീർഥാടനത്തിനു മുൻപ് ഇൻഫ്രാസ്ട്രക്ടർ ആൻഡ് ക്രൗഡ് മാനേജ്മെന്റ് എക്സ്പേർട്ട് കമ്മിറ്റി രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പ്രസിഡന്റ് കെ.ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്താണു സാങ്കേതിക മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനിച്ചത്.

