Breaking
5 Feb 2026, Thu

ആദ്യ ഫോള്‍ഡബിള്‍ ഐഫോണിന്റെ വില എന്തായിരിക്കും, രണ്ടരലക്ഷം രൂപയ്ക്ക് ആരാധകർ ഫോൺ വാങ്ങുമോ?

2026ല്‍ ആദ്യത്തെ മടക്കാവുന്ന ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കും എന്ന അഭ്യൂഹം പരന്നതോടെ അതിന് എന്തു വിലയായിരിക്കും എന്ന ചര്‍ച്ചയും ഇന്റര്‍നെറ്റില്‍ ആരംഭിച്ചിരുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള രൂപകല്‍പ്പനാ രീതിയായിരിക്കും അതിന് എന്ന കാര്യത്തില്‍ സംശയമില്ല. അതിന്റെ ഫീച്ചറുകളെക്കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, അടുത്തിടെ ചോര്‍ന്നുവന്ന ഒരു കേട്ടുകേള്‍വി ഐഫോണ്‍ ഫോള്‍ഡിന്റെ വിലയെക്കുറിച്ച് ഒരു ഏകദേശ ധാരണ നല്‍കുന്നതാണ്. ആപ്പിളിന് മറ്റ് ഐഫോണുകള്‍ ഉണ്ടാക്കാന്‍ വരുന്ന ചെലവും അവയ്ക്ക് കമ്പനിയിടുന്ന വിലയും ഫോള്‍ഡിന്റെ ഏകദേശ നിര്‍മ്മാണച്ചെലവും കണക്കിലെടുത്താണ് പുതിയ ഊഹം പ്രചരിക്കുന്നത്.

ആൻഡ്രോയിഡിൽ ഇനി എയർഡ്രോപ് ലഭിക്കും, ആപ്പിൾ സഹകരണമില്ലാതെ ഗൂഗിൾ സാധിച്ചത് ഇങ്ങനെ

എന്തായാലും, ഇതുവരെ വിറ്റുവന്ന എല്ലാ ഐഫോണുകളെക്കാളും വില വന്നേക്കും ഫോള്‍ഡിന് എന്ന കാര്യത്തില്‍ അധികമാര്‍ക്കും തര്‍ക്കമില്ല. ഫ്യൂബോണ്‍ റീസേര്‍ച്ചലെ (Fubon Research) വിശകലന വിദഗ്ധന്‍ ആര്‍തര്‍ ലിയഓ (Liao) ആണ് പുതിയ ഫോണിന്റെ വില ഊഹിച്ചെടുത്തിരിക്കുന്നത്. അദ്ദേഹം കരുതുന്നത് ഐഫോണ്‍ ഫോള്‍ഡിന് 1,800 ഡോളര്‍ മുതല്‍ 2,500 ഡോളര്‍ വരെ വില വന്നേക്കാമെന്നാണ്. വിലയേറിയ ഐഫോണില്‍ നിലവാരമുള്ള ഘടകഭാഗങ്ങളും ഉള്‍പ്പെടുത്തിയേക്കുമെന്നും അദ്ദേഹം കരുതുന്നു. ഉദാഹരണത്തിന് പല തവണ മടക്കുമ്പോള്‍ കേടുപറ്റാത്ത ഹിഞ്ജ് അതിലൊന്നായിരിക്കും.

വിലയെക്കുറിച്ചുള്ള ചര്‍ച്ച പോലെയാണ് അത് എങ്ങനെ വിറ്റുപോകും എന്ന കാര്യത്തിലുമുള്ള ആകാംക്ഷ. വില്‍പ്പന വിലയെ ആശ്രയിച്ചായിരിക്കുമെന്നാണ് പൊതുവെയുള്ള വാദം. എന്തായാലും 2026ല്‍ ആപ്പിള്‍ ഏകദേശം 55 ലക്ഷം ഫോള്‍ഡബിള്‍ ഐഫോണ്‍ വിറ്റേക്കുമെന്നാണ് ഒരു പ്രവചനം. വില കൂടുതലാണെങ്കിലും ധാരാളം പേര്‍ ഫോണ്‍ വാങ്ങാന്‍ തയാറാകുമെന്നാണ് കരുതപ്പെടുന്നത്. ഐഫോണ്‍ 18 പ്രോ മോഡലുകള്‍ക്കും സ്വീകാര്യത ഉണ്ടായിരിക്കുമെന്നും പറയപ്പെടുന്നു.

സെപ്റ്റംബര്‍ 2026ല്‍ നടക്കുന്ന അവതരണ ചടങ്ങില്‍ ഐഫോണ്‍ 18 പ്രോ മോഡലുകള്‍ക്കൊപ്പം ആപ്പിള്‍ ഐഫോണ്‍ ഫോള്‍ഡും പുറത്തിറക്കിയേക്കുമെന്നാണ് ഇതുവരെയുള്ള പ്രതീക്ഷ. എന്നാല്‍ തുടക്ക ശ്രേണിയിലുള്ള ഐഫോണ്‍ 18, 18ഇ, എയര്‍ 2 എന്നിവ 2027ലേ പുറത്തിറക്കാന്‍ വഴിയുള്ളു എന്നും കേട്ടുകേള്‍വികളുണ്ട്. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കാനുമാവില്ല.

വിൻഡോസിനും മാക്കിനും വെല്ലുവിളിയാകുമോ ഗൂഗിളിന്റെ ‘അലുമിനിയം’; എന്താണ് വൈറലായ ഈ വാക്ക്?

ഐഓഎസ് 27ല്‍ സടകുടഞ്ഞുണരുമോ എഐ?

നിര്‍മിത ബുദ്ധിയുടെ (എഐ) പ്രവര്‍ത്തനത്തില്‍ ആപ്പിള്‍ കമ്പനി താരതമ്യേന പിന്നിലാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഐഓഎസ് 26 ആണ് ഇപ്പോള്‍ ഐഫോണുകളില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അടുത്ത അപ്‌ഡേറ്റായ ഐഓഎസ് 27ല്‍ എഐയുടെ പ്രവര്‍ത്തനം സമൂലം പരിഷ്‌കരിക്കാനാകുമെന്ന് ആപ്പിള്‍ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക്ക് ഗുര്‍മന്റെ പുതിയ ന്യൂസ് ലെറ്ററില്‍ പറയുന്നത് ഐഓഎസ് 27ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ക്ക് അര്‍ത്ഥവത്തായ മാറ്റംകൊണ്ടുവരാന്‍ ആപ്പിളിന് സാധിക്കുമെന്നാണ്. കമ്പനി തങ്ങളുടെ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായിരുന്ന സ്‌നോ ലെപ്പേഡിന് 2009ല്‍ കൊണ്ടുവന്ന തരത്തിലുള്ള മാറ്റമാണ് അടുത്ത ഐഓഎസ് 27നില്‍ കാണാനാകുക എന്ന് ഗുര്‍മന്‍ പറയുന്നു. പുതിയ യൂസര്‍ എക്‌സ്പീരിയന്‍സും, ബഗ് ഫിക്‌സുകളും അടക്കം അതില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

Image Credit: husayno/Istock

ഐഓഎസ് 26ല്‍ ഇതുവരെ കാര്യമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പട്ടിട്ടില്ല. എന്നാല്‍ ചില ഉപയോക്താക്കള്‍ തങ്ങളുടെ ഐഫോണുകള്‍ ചൂടാകുന്നു എന്നും ബാറ്ററി പെട്ടെന്ന് തീരുന്നുവെന്നുമൊക്കെ പരാതിപ്പെട്ടിട്ടുമുണ്ട്. എന്തായാലും, ഐഓഎസ് 27ല്‍ പ്രകടനമികവിന് ആയിരിക്കും ഉന്നല്‍ നല്‍കുക എന്ന് ഗുര്‍മന്‍ പറയുന്നു. ഐഓഎസ് 26ന്റെ തന്ന വരും അപ്‌ഡേറ്റുകളില്‍ എഐ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമം കാണാനായേക്കും. എന്നാല്‍, അതൊന്നും തങ്ങളുടെ വൈരിയായ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം ഫോണുകളോട് കിടപിടിക്കത്തക്കതായിരിക്കില്ലെന്ന് പലരും കരുതുന്നു.

ഐഓഎസ് 27ല്‍ ആരോഗ്യപരിപാലനത്തിനായി പുതിയ എഐ എജന്റും, എഐ ശക്തിപകരുന്ന ഇന്റര്‍നെറ്റ് സേര്‍ച്ചും ഉള്‍ക്കൊള്ളിച്ചേക്കുമെന്ന് പറയപ്പെടുന്നു. അതിനൊപ്പം തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണിനായി ഐഓഎസ് പരുവപ്പെടുത്തുന്ന തിരിക്കിലുമാണ് കമ്പനി എന്നും പറയപ്പെടുന്നു.

തുർക്കി നിർമിത ഡ്രോണുകളുമായി പാക്കിസ്ഥാനെത്തിയാൽ ഇനി അതിർത്തിയിൽ കാണാം ഇന്ത്യയുടെ ‘ഇന്ദ്രജാലം’

ആന്‍സര്‍ എൻജിന്‍

ചാറ്റ്ജിപിറ്റിക്കും, ജെമിനൈയ്ക്കും സമാനമായ ഒരു എഐ ചാറ്റ്‌ബോട്ടും ഐഓഎസ് 27ല്‍ കണ്ടേക്കും. ഇതിന്റെ പേര് ആന്‍സര്‍ എൻജിന്‍ എന്ന് ആയിരിക്കാം. ആപ്പിള്‍ കമ്പനിയില്‍ പുതിയൊരു വിഭാഗം ആരംഭിച്ചു. അതിന്റെ പേര് ‘ആന്‍സേഴ്‌സ്, നോളജ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍’ എന്നാണ്. ഈ വിഭാഗത്തിനായിരിക്കും ആന്‍സര്‍ എൻജിന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ചുമതല എന്നും പറയപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ ഐഓഎസ് 27 പരിചയപ്പെടുത്തും എന്നു കരുതപ്പെടുന്ന ഡബ്ല്യുഡബ്ല്യൂഡിസി 27 ജൂണില്‍ പ്രതീക്ഷിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *