പുനർജന്മം എന്നത് നൂറ്റാണ്ടുകളായി വിശ്വാസികളുടെയും ആത്മീയാന്വേഷകരുടെയും ലോകത്ത് മാത്രമായി ഒതുങ്ങിനിന്നിരുന്ന ഒരു സങ്കൽപ്പമാണ്. എന്നാൽ, ബ്രസീലിൽ നിന്നുള്ള സ്വയം പ്രഖ്യാപിത പ്രവാചകനായ അഥോസ് സലോമി അഥവാ ‘ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ്’ എന്നറിയപ്പെടുന്നയാൾ പറയുന്നത്, ശാസ്ത്രം ഇപ്പോൾ ഈ രഹസ്യങ്ങൾക്ക് പിന്നാലെയാണെന്നാണ്. മൈക്രോസോഫ്റ്റ് ആഗോളതലത്തിൽ പ്രവർത്തനരഹിതമായതും, കൊറോണ വൈറസ് മഹാമാരിയും ഉൾപ്പെടെ നിരവധി ലോകസംഭവങ്ങൾ കൃത്യമായി പ്രവചിച്ചെന്ന അവകാശ വാദവുമായി ശ്രദ്ധ നേടിയ ആളാണ് സലോമി.
പടുകൂറ്റൻ തുരങ്കം നിർമ്മിക്കാൻ ചൈന; ആ പരീക്ഷണം എന്താണെന്നത് രഹസ്യം, ലോകം ആകാംക്ഷയിൽ!
മുജ്ജന്മ രഹസ്യങ്ങൾ ഉടൻ തന്നെ ചുരുളഴിയുമെന്നും, സാങ്കേതികവിദ്യ ആത്മാവിനെ വ്യാഖ്യാനിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് ലോകം പ്രവേശിക്കുകയാണെന്നും അദ്ദേഹം പറയുന്നു. സ്വപ്‌നങ്ങൾ ഒരു ഹാർഡ് ഡ്രൈവിൽ ഫയലുകൾ പോലെ സംഭരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സലോമി വിശ്വസിക്കുന്നു.ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത വലിയ അവകാശവാദങ്ങൾ ഇത്തരത്തിൽ പുറത്തെത്താറുണ്ട്. കേൾക്കുമ്പോൾ ശാസ്ത്ര രഹസ്യങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ഇത്തര സംഭവങ്ങൾ വഴിയായി മാറുമെങ്കിലുംകാര്യങ്ങൾ വസ്തുതാപരമായി വിലയിരുത്താൻ ശ്രമിക്കണം. ഈ അവകാശ വാദങ്ങളിലെ കൗതുകങ്ങൾ ഒന്നു പരിശോധിക്കാം.
മരണാനന്തര ജീവിതം: പഠനം
അഥോസ് സലോമി ചൂണ്ടിക്കാട്ടുന്നത്, മരണാനുഭവങ്ങളെക്കുറിച്ച് നടന്ന ഏറ്റവും വലിയ പഠനങ്ങളിലൊന്നായ AWARE-II-വിലെ കണ്ടെത്തലുകളാണ്. ഹൃദയാഘാതത്തെ തുടർന്ന് ഹൃദയമിടിപ്പ് നിലച്ച രോഗികളിൽ പോലും അവർ പിന്നീട് കൃത്യമായ ഓർമ്മകളും, ജീവസ്സുറ്റ ദൃശ്യങ്ങളും, സമയബോധവും രേഖപ്പെടുത്തിയതായി ഗവേഷകർ കണ്ടെത്തി.
ഏറെ അത്ഭുതകരമായ കാര്യം, ഇവർക്ക് തലച്ചോറിന് കേടുപാടുകൾ സംഭവിച്ചില്ല എന്നതായിരുന്നു. മരണം സംഭവിച്ചെന്ന് തോന്നിപ്പിക്കുന്ന അവസ്ഥയിലും ബോധം നിലനിൽക്കുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. “ഇതൊരു മരണാനന്തര ജീവിതത്തിന് തെളിവല്ല, പക്ഷേ നമ്മുടെ മനസ്സ് നമ്മൾ ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സംഭരിക്കുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. മറ്റ് ജന്മങ്ങളിലെ ഓർമ്മകളെക്കുറിച്ച് സംസാരിക്കാൻ ഇത് ഇടം നൽകുന്നു,” സലോമി പറഞ്ഞു.
സ്വപ്‌നങ്ങൾ ഡിജിറ്റൽ ഫയലുകളാകുമോ?
സ്വപ്‌നങ്ങൾ വിഡിയോ ഫയലുകളായി രേഖപ്പെടുത്തുന്ന ഒരു യന്ത്രം ജപ്പാൻ കണ്ടുപിടിച്ചുവെന്ന വാർത്ത അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ പ്രചാരണങ്ങളിൽ അതിശയോക്തിയുണ്ടെങ്കിലും, ശാസ്ത്രജ്ഞർ ഈ വിഷയത്തിൽ കാര്യമായ പുരോഗതി നേടിയിട്ടുണ്ട്.
2013- ജാപ്പനീസ് ഗവേഷകർ ലളിതമായ സ്വപ്നദൃശ്യങ്ങൾ ഡീകോഡ് ചെയ്യാൻ തുടങ്ങിയിരുന്നു. തലച്ചോറിന്റെ സ്കാനുകളും വ്യക്തികളുടെ ഓർമ്മകളും താരതമ്യം ചെയ്ത് വീടുകൾ, ആളുകൾ തുടങ്ങിയ ചിത്രങ്ങൾ അവർ തിരിച്ചറിഞ്ഞു. 2023-ഓടെ അവർ കൂടുതൽ മുന്നോട്ട് പോയി, എഐ മോഡലുകൾ ഉപയോഗിച്ച് മനസ്സിലെ ചിത്രങ്ങൾ പുനഃസൃഷ്ടിച്ചു.
ഈ ആപ്പുകളെല്ലാം നിരോധിച്ച് കേന്ദ്രസർക്കാർ: പണം നിക്ഷേപിച്ചവർക്ക് എന്ത് സംഭവിക്കും?
“സ്വപ്‌നങ്ങൾ ഡിജിറ്റൽ ഫയലുകളായി മാറും. അത് സംഭവിക്കുമ്പോൾ, മറ്റ് ജീവിതങ്ങളിലെ ഓർമ്മകളും ഈ പ്രക്രിയയിലൂടെ പുറത്തുവരുന്നത് അനിവാര്യമാകും,” സലോമി പറയുന്നു. പക്ഷേ എഫ്എംആർഐയും എഐയും ഉപയോഗിച്ച് നിലവിൽ ചില വസ്തുക്കളെ ഓർമിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. സലോമിയുടെ വാദം പോലെ ഡിജിറ്റൽ ഫയലുകളാക്കാനുള്ള സാങ്കേതിക ശേഷം ആർജിച്ചിട്ടില്ല.
ഓർമകൾക്ക് പുതിയ സാധ്യത
മറന്നുപോയ കാര്യങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് യുഎസ്. ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസി (DARPA) ധനസഹായം നൽകുന്ന RAM (Restoring Active Memory) പ്രോഗ്രാം. ഈ പ്രോഗ്രാമിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ചെറിയ ഇംപ്ലാന്റബിൾ മെമ്മറി പ്രോസ്‌തീസുകൾ, 2024-ൽ നടന്ന പരീക്ഷണങ്ങളിൽ രോഗികളുടെ ഓർമ്മശക്തി 54% വരെ വർദ്ധിപ്പിക്കാൻ സഹായിച്ചു.
“നമ്മൾ മറന്നുപോയ കാര്യങ്ങൾ ഓർത്തെടുക്കുന്നതിനപ്പുറം, നമ്മൾ അനുഭവിച്ചിട്ടുണ്ടെന്ന് പോലും അറിയാത്ത കാര്യങ്ങളിലേക്ക് കടന്നുചെല്ലാൻ ഇത് സഹായിക്കുന്നു. കൃത്രിമ ഓർമ്മകൾ ജീവിതങ്ങൾക്കിടയിലുള്ള പാലമായി മാറും,” സലോമി കൂട്ടിച്ചേർത്തു.
ശക്തിയേറിയ വ്യോമസേനയുള്ള റഷ്യ; ആകാശവും കടലും പ്രതിരോധിച്ച യുക്രെയ്ന്റെ ആ തന്ത്രം ഇങ്ങനെ
മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാണ് ബ്ലൈൻഡ്‌സൈറ്റ് പ്രോജക്റ്റ്. ഇത് വിഷ്വൽ കോർട്ടെക്സിനെ ഉത്തേജിപ്പിച്ച് കാഴ്ച വീണ്ടെടുക്കാൻ സഹായിക്കുമെന്ന് അവകാശപ്പെടുന്നു.
ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി ഈ മേഖലയിലെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും, മസ്ക് ഈ രംഗത്തെ വലിയൊരു പ്രോജക്റ്റിന്റെ വെറും പോസ്റ്റർ ബോയ് മാത്രമാണെന്ന് സലോമി മുന്നറിയിപ്പ് നൽകുന്നു. സൈനിക ഗവേഷണ സ്ഥാപനങ്ങളും അക്കാദമിക് ലബോറട്ടറികളും ഇതിനകം തന്നെ മനുഷ്യ മനസ്സിനെ ഡിഎൻഎ പോലെ മാപ്പ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
സാങ്കേതികവിദ്യയുടെ അടുത്ത ചുവട്
ഈ വർഷം മാത്രം രണ്ട് സുപ്രധാന മുന്നേറ്റങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. ഒന്ന്, തലച്ചോറിന്റെ സ്കാനുകളിൽ നിന്ന് ഒറ്റപ്പെട്ട ചിത്രങ്ങൾ മാത്രമല്ല, സ്വപ്നങ്ങളിലെ മുഴുവൻ കഥകളും പുനഃസൃഷ്ടിക്കാൻ ഇപ്പോൾ ശാസ്ത്രജ്ഞർക്ക് സാധിക്കുന്നു. രണ്ട്, തലച്ചോറിൽ സംഭരിച്ചിരിക്കുന്ന ഓർമ്മകളെ മാറ്റാൻ കഴിയുന്ന മെമ്മറി ഇംപ്ലാന്റുകൾ പെരുമാറ്റം നിയന്ത്രിക്കാൻ ഉപയോഗിക്കാനാകുമോ എന്ന് പരിശോധിച്ചു വരുന്നു.
“വ്യക്തിപരമായ അനുഭവങ്ങളുടെ മുഴുവൻ ഭാഗങ്ങളും രേഖപ്പെടുത്താനും വീണ്ടെടുക്കാനും വീണ്ടും അവതരിപ്പിക്കാനും കഴിയുന്ന ഒരു കാലഘട്ടത്തിലേക്ക് നമ്മൾ പ്രവേശിക്കാൻ പോകുകയാണ്. ഇത് വെറും തുടക്കം മാത്രമാണ്,” സലോമി പറയുന്നു.
ശക്തിയേറിയ വ്യോമസേനയുള്ള റഷ്യ; ആകാശവും കടലും പ്രതിരോധിച്ച യുക്രെയ്ന്റെ ആ തന്ത്രം ഇങ്ങനെ
അഞ്ചു വർഷത്തിനുള്ളിൽ, മുൻജന്മങ്ങളിലെ ഓർമ്മകൾ വീണ്ടെടുക്കാൻ കഴിയുമെന്നും, ഇത് ‘ബോധത്തിന്റെ ഡിജിറ്റൽ ആർക്കൈവ്’ നിർമ്മിക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. “ഈ സാങ്കേതികവിദ്യ എല്ലാവർക്കും ലഭ്യമാകില്ല. തുടക്കത്തിൽ ഇത് ശാസ്ത്രജ്ഞരുടെയും സാമ്പത്തിക വരേണ്യരുടെയും കൈകളിൽ മാത്രമായിരിക്കും. ബാക്കി ലോകം പിന്നീട് മാത്രമേ ഇത് അറിയുകയുള്ളൂ.”

