അബുദാബി ∙ സ്മാർട്ട് ഗതാഗത രംഗത്തെ യുഎഇയുടെ കുതിപ്പിന് വേഗം കൂട്ടി അബുദാബി ഓട്ടോണമസ് വീക്കിന് യാസ് മറീന സർക്യൂട്ടിൽ തുടക്കമായി. സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഭാവിയും വെല്ലുവിളികളും സാധ്യതകളും ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ നൂതന സാങ്കേതിക വിദ്യകളാൽ രൂപപ്പെടുത്തിയ ഏറ്റവും പുതിയ സ്മാർട്ട് വാഹനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിലേക്കു സൂചന നൽകുന്ന വാരാചരണം 15 വരെ നീണ്ടുനിൽക്കും.
അമേരിക്കയെ മറികടന്ന് കേരളം കുതിക്കുന്നു: മുഖ്യമന്ത്രി
ബാഗേജിൽ ഈ വസ്തുക്കൾക്ക് നിരോധനം; പുതിയ മാർഗ നിർദേശവുമായ് യുഎഇ വിമാനക്കമ്പനികൾ, നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
സ്വയം നിയന്ത്രിത വാഹനങ്ങളുടെയും എയർ ടാക്സികളുടെയും വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം 2026ൽ ആരംഭിക്കാനിരിക്കെ സമ്മേളനത്തിന് വൻ പ്രാധാന്യമുണ്ട്. ഉദ്ഘാടന ചടങ്ങിൽ പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷൽ അഫയേഴ്സ് ഡപ്യൂട്ടി ചെയർമാനും ഓട്ടോണമസ് സിസ്റ്റംസ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് സായിദ് ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ മന്ത്രിമാരും ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
നിർമിത ബുദ്ധി, റോബട്ടിക്സ് ആപ്ലിക്കേഷൻ, ഗതാഗത മേഖലയുടെ ഭാവി എന്നിവയെക്കുറിച്ചായിരുന്നു ആദ്യദിന ചർച്ച. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പ്രധാന കേന്ദ്രമായി മാറിയ അബുദാബി നൂതന ഗതാഗത മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയാണെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഡ്രൈവറില്ലാതെ സ്വയം നിയന്തിക്കുന്ന വാഹനങ്ങളുടെ അത്യാധുനിക സാങ്കേതികവിദ്യകൾ, നിയന്ത്രണം, നവീന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവ സമന്വയിപ്പിക്കുന്ന സ്മാർട്ട് മൊബിലിറ്റി നവീകരണത്തിൽ ലോകത്ത് അബുദാബിയുടെ സ്ഥാനം ഉയർന്നുനിൽക്കുന്നു.
2022 മുതൽ ഓട്ടോണമസ് വാഹനങ്ങൾ അബുദാബിയുടെ വിവിധ മേഖലകളിൽ പരീക്ഷണയോട്ടം നടത്തിവരുന്നു. ഈ വാഹനങ്ങൾ ഇതിനകം 40,000 ട്രിപ്പുകളിലായി 6 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചു. ഇപ്പോൾ അൽറീം, അൽമരിയ ഐലൻഡിലേക്കും അബുദാബി എയർപോർട്ടിലേക്കും സ്വയം നിയന്ത്രിത വാഹന സർവീസ് നടത്തുന്നു. സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനങ്ങളുടെ നയരൂപീകരണത്തിനും നിയമനിർമാണത്തിനും ഓട്ടോണമസ് സിസ്റ്റംസ് കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.
2040ഓടെ കര, നാവിക, വ്യോമ മേഖലയിലെ 25% സ്വയം നിയന്ത്രിത വാഹനങ്ങളാക്കുക എന്നതാണ് കൗൺസിലിന്റെ ലക്ഷ്യം. ഇലക്ട്രിക് കാർ, എയർ ടാക്സി, ബോട്ട് തുടങ്ങി കര, വ്യോമ, നാവിക മേഖലകളിലെല്ലാം ഓട്ടോണമസ് വാഹനങ്ങൾ സജ്ജമാക്കിവരികയാണ് അബുദാബി. ഇതിലൂടെ 2045 ആകുമ്പോഴേക്കും അബുദാബിയുടെ ജിഡിപിയിലേക്ക് 2200 കോടി ദിർഹം സംഭാവന ചെയ്യുന്നതിനു പുറമെ 16,000 വിദഗ്ധർക്ക് ജോലി ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

