Breaking
3 Apr 2026, Fri

സെൽഫി മോഹം വേണ്ട, പോളിങ് ബൂത്തിൽ ഇനി മൊബൈൽ ഫോൺ ഔട്ട്; 100 മീറ്റർ പരിധിയിൽ പ്രവേശിക്കണമെങ്കിൽ സ്വിച്ച് ഓഫ് ചെയ്യണം

പാപ്പിനിശ്ശേരി∙ പോളിങ് ബൂത്തിനുള്ളിൽ നിന്നു വോട്ട് ചെയ്യുന്ന പടം, സെൽഫി എന്നിവ മൊബൈൽ ഫോണിൽ ഒന്നു പകർത്താം എന്ന തീരുമാനമുണ്ടെങ്കിൽ ഇനി ഒഴിവാക്കാം. ഇനി ആർക്കും പോളിങ് ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല. പോളിങ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കണമെങ്കിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണം. പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ വോട്ടർ തന്റെ കൈവശമുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വൊളന്റിയർമാർക്ക് കൈമാറി ടോക്കൺ വാങ്ങണം. പോളിങ് ബൂത്തിനു പുറത്ത് മൊബൈൽ ഫോൺ ഡിപ്പോസിറ്റ് ഫെസിലിറ്റി സൗകര്യം ഒരുക്കണമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കർശനനിർദേശം നൽകിയിട്ടുണ്ട്.

ഇതിനായി കൈത്തറി തുണിയിൽ ഫോൺ സൂക്ഷിക്കാൻ കഴിയുന്ന തരത്തിൽ പ്രത്യേകം പോക്കറ്റുകളുള്ള ബാഗ് തയാറാക്കിവയ്ക്കണം എന്നാണു നിർദേശം. എന്നാൽ ചിലയിടങ്ങളിൽ ബിഎൽഒ, വൊളന്റിയർമാർ ഇവരിലാർക്കെങ്കിലും ഫോൺ കൈമാറി ടോക്കൺ വാങ്ങി വോട്ടർമാരെ ബൂത്തിലേക്ക് പ്രവേശിപ്പിക്കാനും നിർദേശം നൽകുന്നുണ്ട്. പ്രിസൈഡിങ് ഓഫിസർ, മൈക്രോ ഒബ്സർവർ എന്നീ 2 പേർക്ക് മാത്രമേ പോളിങ് ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂ. എന്നാൽ ഇവരും ഫോൺ നിർബന്ധമായും സൈലന്റ് മോഡിലാക്കി മാത്രം ഉപയോഗിക്കണം.

പോളിങ് പുരോഗതി അറിയിക്കാൻ പലപ്പോഴും രാഷ്ട്രീയപാർട്ടികളുടെ ഏജന്റുമാർ ബൂത്തിനുള്ളിൽ നിന്നു ഫോൺ ചെയ്യുന്ന പതിവു കൂടി ഇപ്രാവശ്യം ഇല്ലാതാകും. ഇവർ പഴയതു പോലെ കുറിപ്പുകൾ കൈമാറി ബൂത്തിനു പുറത്തേക്ക് സന്ദേശം അയയ്ക്കേണ്ടി വരും.

By admin

Leave a Reply

Your email address will not be published. Required fields are marked *