2030 പിറക്കുന്നതിനു മുൻപ് ക്വാണ്ടം കംപ്യൂട്ടറുകൾ യാഥാർഥ്യമാകുമെന്ന ശുഭപ്രതീക്ഷയിലാണു ടെക്ലോകത്തെ വമ്പൻ കമ്പനികൾ. ഐബിഎം, ഗൂഗിൾ തുടങ്ങിയ കമ്പനികൾ ഇക്കാര്യത്തിൽ ശുഭപ്രതീക്ഷയിലാണ്. ഗൂഗിളിന്റെ ക്വാണ്ടം റിസർച് ടീം, ക്വാണ്ടം കംപ്യൂട്ടിങ്ങിലെ ശ്രദ്ധേയമായ ഒരു വെല്ലുവിളി കഴിഞ്ഞവർഷം മറികടന്നിരുന്നു. എന്നാൽ മറ്റു ചില കമ്പനികൾക്ക് അത്രയും ശുഭപ്രതീക്ഷയില്ല. ക്വാണ്ടം കംപ്യൂട്ടറുകൾ ഉപയോഗപ്രദമായ നിലയിൽ വരാൻ ഇനിയും 20 വർഷമൊക്കെയെടുക്കുമന്നാണ് അവർ പറയുന്നത്. ഏതായാലും വലിയ ആവേശത്തിലാണു ക്വാണ്ടം ലോകം.
ഐസ് നിറഞ്ഞ ഗോളമായി ഭൂമി മാറിയ ആ കാലം, ഏറ്റവും തീവ്രമായ കാലാവസ്ഥയുടെ രഹസ്യം
‘ക്വാണ്ടം സുപ്രമസി’ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (കാൽടെക്) ഭൗതികശാസ്ത്രജ്ഞൻ ജോൺ പ്രെസ്കില്ലാണ്. ഇതിന്റെ ആശയം ആദ്യമായി നൽകിയത് 1981ൽ ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ റിച്ചഡ് ഫെയ്ൻമാനും.സാദാ കംപ്യൂട്ടറുകൾക്കു സ്വപ്നം കാണാനൊക്കാത്ത സമസ്യകൾ ഞൊടിയിടയിൽ ചെയ്തുതീർക്കുന്ന ബ്രഹ്മാണ്ഡ കംപ്യൂട്ടർ പ്രോസസറുകളാണ് ഇതിന്റെ അടിസ്ഥാനം.
Representative image. Photo Credits:Just_Super/ istock.com
ദീർഘനാളായി ഈ മേഖലയിൽ മത്സരരംഗത്തുള്ള ഐബിഎമ്മും ഗൂഗിളും ക്വാണ്ടം പ്രോസസറുകൾ ഇറക്കിയിട്ടുണ്ട്. ബ്രിസിൽകോൺ, ടെനറിഫ്, യോർക് ടൗൺ തുടങ്ങിയവ ആദ്യകാല ഉദാഹരണങ്ങൾ.സൂപ്പർ കംപ്യൂട്ടറുകൾ 10,000 വർഷമെടുത്തു ചെയ്യുന്ന കണക്കുകൂട്ടൽ വെറും മൂന്നു മിനിറ്റ് കൊണ്ട് ഗൂഗിളിന്റെ സൈക്കാമോർ മെഷീൻ ചെയ്തതോടെയാണു ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ ശേഷി ലോകം ശരിക്കുമറിഞ്ഞത്.
‘ക്വാണ്ടം സുപ്രമസി’
മിത്ത് എന്നു കരുതിയിരുന്ന ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ അപാരശേഷി അഥവാ ‘ക്വാണ്ടം സുപ്രമസി’ യാഥാർഥ്യത്തിലേക്കെന്നതിന്റെ സൂചനയായിരുന്നു ഇത്.എന്താണു ക്വാണ്ടം കംപ്യൂട്ടിങ്ങിനെ ഇത്ര കരുത്തുറ്റതാക്കുന്നത് ? സാധാരണ കംപ്യൂട്ടറുകൾ വൈദ്യുതിയുടെ ഒഴുക്കുമായി ബന്ധപ്പെട്ടാണു പ്രവർത്തിക്കുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തി 0, 1 എന്നീ ഡിജിറ്റൽ മൂല്യങ്ങളുള്ള ബിറ്റുകളാണ് നമ്മൾ ഇന്നു കാണുന്ന ഡിജിറ്റൽ കംപ്യൂട്ടറുകളുടെ അടിസ്ഥാനം.എന്നാൽ ഇലക്ട്രോണുകൾ, ഫോട്ടോണുകൾ തുടങ്ങി ക്വാണ്ടം മെക്കാനിക്സ് നിയമങ്ങൾ അനുസരിക്കുന്ന കണങ്ങളുടെ ഭൗതികനിയമങ്ങൾ ഉപയോഗിച്ചാണു ക്വാണ്ടം കംപ്യൂട്ടിങ് പ്രവർത്തിക്കുന്നത്.
സാധാരണ കംപ്യൂട്ടറുകളിലെ ബിറ്റുകൾക്കു പകരം ഇവിടെ ക്യുബിറ്റുകളാണ്. ഒരു ക്യുബിറ്റിനു സാധാരണ ബിറ്റിനേക്കാൾ പലമടങ്ങു വിവരങ്ങൾ ശേഖരിച്ചുവയ്ക്കാൻ ശേഷിയുണ്ട്. ഇതു പ്രോസസർ ശേഷി വൻരീതിയിൽ കൂട്ടുന്നു. ഫലമോ, സാധാരണ കംപ്യൂട്ടർ വിമാനമാണെങ്കിൽ ക്വാണ്ടം കംപ്യൂട്ടർ റോക്കറ്റാണ്.ഇതൊക്കെയാണെങ്കിലും ക്വാണ്ടം കംപ്യൂട്ടിങ് ഉടനൊന്നും ജനോപകാരപ്രദമായ നിലയിലേക്കു എത്താൻ വഴിയില്ല. ചെലവാണു പ്രധാനകാരണം.
ആകാശ രക്ഷാകവചമായ ‘സുദർശൻ ചക്ര’, എസ് 400 പോലെ ‘കുശ’; ഗോള്ഡൻ ഡോമിന് ഇന്ത്യയുടെ മറുപടി
പ്രത്യേകം ശീതീകരിച്ച സംവിധാനത്തിലേ ക്വാണ്ടം പ്രോസസർ സ്ഥാപിക്കാനാകൂ. ക്വാണ്ടം കംപ്യൂട്ടർ ഓണാക്കാനും ഓഫാക്കാനും ദിവസങ്ങൾ വേണം. ദൈനംദിന ഉപയോഗത്തിനു ക്വാണ്ടം കംപ്യൂട്ടർ ഉപയോഗിക്കാൻ ഇനിയും ഒരു പതിറ്റാണ്ടു വേണ്ടിവരും.

