Breaking
11 Apr 2026, Sat

വൈറലായി‘പൂച്ച സർ’! പ്രവാസി മലയാളിയുടെ ജീവിതം മാറ്റിമറിച്ചത് ഒരൊറ്റ ‘ക്ലിക്ക്’; ‘ആപ്പിൾ പാർട്ണർ’ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ

ആലപ്പുഴയിൽ നിന്ന് ഖത്തറിലെ മണലാരണ്യത്തിലേക്ക് ഒരു സാധാരണ പ്രവാസിയായി വിമാനം കയറുമ്പോൾ റാഷിദ് ഷെരീഫ് കരുതിയിരുന്നില്ല, ലോകത്തിലെ ഏറ്റവും വലിയ ടെക് ഭീമനായ ‘ആപ്പിളിന്റെ’ ഔദ്യോഗിക പേജുകളിൽ തന്റെ പേരും പതിക്കുമെന്ന്. ജീവിതം കരുപിടിപ്പിക്കാൻ ഓട്ടോ ഇലക്ട്രീഷ്യനായി ജോലി നോക്കുന്നതിനിടയിൽ റാഷിദ് കണ്ടെത്തിയ വിനോദം ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ഒരു കലയായി മാറിയിരിക്കുകയാണ്.

What you should read next

കുടുങ്ങിക്കിടക്കുന്നത് 2000 കപ്പലുകൾ, ഇറാന്റേത് നിർണായക നീക്കം! ടോൾ നൽകി ചൈന; ലോകം ആശങ്കയിൽ

∙ പ്രവാസത്തിൽ വിരിഞ്ഞ ക്യാമറക്കണ്ണുകൾ

2008ലാണ് ഒരു മികച്ച ജീവിതം സ്വപ്നം കണ്ട് റാഷിദ് ഖത്തറിലെത്തുന്നത്. അവിടെ ഒരു ഓട്ടോ ഇലക്ട്രീഷ്യനായി ജോലി ആരംഭിച്ച അദ്ദേഹം, തന്റെ ജോലിത്തിരക്കുകൾക്കിടയിലും ഉള്ളിലെ ഫൊട്ടോഗ്രാഫറെ കൈവിട്ടില്ല. സ്കൂൾ കാലം മുതൽ ഫോട്ടോകൾ എടുക്കുമായിരുന്നെങ്കിലും 2016ഓടെയാണ് റാഷിദ് മൊബൈൽ ഫൊട്ടോഗ്രഫിയിലേക്ക് ഗൗരവമായി ശ്രദ്ധ തിരിക്കുന്നത്. തന്റെ ഈ വിജയയാത്രയിൽ ഭാര്യ മുഹ്സിനയും ഖത്തറിലെ സുഹൃത്ത് ഷമീറും നാട്ടിലെ സുഹൃത്ത് സിജിയും നൽകുന്ന പിന്തുണ വലുതാണെന്ന് റാഷിദ് പറയുന്നു.

1. റാഷിദ് ഷെരീഫ്, 2. Image Credit: Instagram/rashid_bin__

കോവിഡ് കാലത്തെ ഏകാന്തതയാണ് റാഷിദിന്റെ പാഷനെ കൂടുതൽ കരുത്തുറ്റതാക്കിയത്. ഈ സമയത്താണ് ആപ്പിളിന്റെ ‌‌ ‘ഷൂട്ട് ഓൺ ഐഫോൺ’ (Shot on iPhone) ക്യാംപെയ്നിനെക്കുറിച്ച് റാഷിദ് അറിയുന്നത്. തുടർന്ന് മൂന്ന് വർഷത്തോളം ആവേശത്തോടെ ഇതിൽ പങ്കെടുത്തു. ഒടുവിൽ 2022ൽ റാഷിദ് പകർത്തിയ ചിത്രം ആദ്യമായി ആപ്പിളിന്റെ ഔദ്യോഗിക പേജിൽ ഫീച്ചർ ചെയ്യപ്പെട്ടു.

ADVERTISEMENT

ഷൂട്ട് ഓൺ ഐഫോൺ എന്ന ക്യംപെയിനിന്റെ ഭാഗമായി ആകെ മൂന്ന് പ്രവശ്യമാണ് റാഷിദിന്റെ ഫോട്ടോകൾ ഫീച്ചർ ചെയ്തത്. ഇതിന് ശേഷം ആപ്പിൾ നേരിട്ട് ഫോട്ടോകൾ വാങ്ങുകയാണ് ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും പശ്ചാത്തലവും കമ്പനിയുടെ ടീം ചോദിച്ചറിയും. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇൻസ്റ്റഗ്രാമിലേക്കുള്ള ക്യാപഷനുകൾ ആപ്പിൾ തയാറാക്കുന്നത്.

Image Credit: Instagram/rashid_bin__

∙ വൻ ഹിറ്റായ ‘പൂച്ച സർ’

റാഷിദിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവായത് 2023ൽ അദ്ദേഹം പകർത്തിയ ഒരു പൂച്ചയുടെ ചിത്രമാണ്. റാഷിദ് തന്റെ ഐഫോണിൽ പകർത്തിയ ഈ ചിത്രം ആപ്പിൾ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. വെറും 5 ദിവസത്തിനുള്ളിൽ 1 മില്യൻ ലൈക്കുകൾ നേടിയ ഈ ചിത്രം ‘പൂച്ച സർ’ എന്ന പേരിൽ സമൂഹമാധ്യമത്തിൽ വൈറലായി. അക്കാലത്ത് ആപ്പിളിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ ചിത്രം എന്ന ബഹുമതിയും ഈ ക്ലിക്ക് സ്വന്തമാക്കി. ഇതിനുപുറമെ ഗൂഗിളും റാഷിദിന്റെ ചിത്രങ്ങൾ മുൻപ് പങ്കുവച്ചിട്ടുണ്ട്. 2022 മുതൽ 13 തവണയാണ് ആപ്പിൾ റാഷിദിന്റെ ചിത്രങ്ങൾ ഫീച്ചർ ചെയ്തത്.

∙ ആപ്പിൾ പാർട്ണറും ‘ഐഫോൺ 17 പ്രോ’യും

ആപ്പിളിന്റെ ‘ഷൂട്ട് ഓൺ ഐഫോൺ ഡ്രോ ഓൺ ഐഫോൺ’ ക്യാംപെയ്നിലേക്ക് ലോകമെമ്പാടുമുള്ള 12 ഫൊട്ടോഗ്രഫർമാർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിലെ ഒരേയൊരു ഇന്ത്യൻ സാന്നിധ്യം റാഷിദായിരുന്നു. ഐഫോൺ 15 മുതൽ ആപ്പിൾ റാഷിദിന് പുതിയ ഫോണുകൾ നൽകിത്തുടങ്ങി. നിലവിൽ ആപ്പിൾ നൽകിയ ഐഫോൺ 17 പ്രോ ആണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഓരോ പുതിയ മോഡലും പുറത്തിറങ്ങുമ്പോൾ പഴയത് വാങ്ങി പുതിയത് നൽകുന്ന രീതിയാണിത്. ‘ആപ്പിൾ പാർട്ണർ’ (Apple Partner) എന്ന ഹാഷ്ടാഗ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും റാഷിദാണ്. ആപ്പിൾ സ്റ്റോറുകളിലും റാഷിദിന്റെ ചിത്രങ്ങൾ ഫീച്ചർ ചെയ്തിട്ടുണ്ട്.

Image Credit: Instagram/rashid_bin__

ADVERTISEMENT

∙ വിഷൻ പ്രോ ഫീച്ചറിങ്

ആപ്പിളിന്റെ അത്യാധുനിക ഉപകരണമായ ‘ആപ്പിൾ വിഷൻ പ്രോ’യിൽ ആറ് തവണ റാഷിദിന്റെ ചിത്രങ്ങൾ ഫീച്ചർ ചെയ്യപ്പെട്ടു. ബെംഗളൂരുവിലെയും മുംബൈയിലെയും ആപ്പിൾ സ്റ്റോറുകളിൽ മൊബൈൽ ഫൊട്ടോഗ്രഫി ടൂട്ടോറിയലുകൾക്കായി റാഷിദിന്റെ ഫോട്ടോകളും ഉപയോഗിക്കുന്നു.

ഒരു പ്രവാസിയായതുകൊണ്ട് തന്നെ ജോലി കഴിഞ്ഞ് തിരിച്ചെത്തുന്ന സമയവും വെള്ളിയാഴ്ചകളിലെ അവധി ദിനവുമാണ് റാഷിദ് തന്റെ പാഷനായി മാറ്റിവയ്ക്കുന്നത്. തന്റെ റൂമിലെ വെളിച്ചത്തെയും പരിമിതികളെയും റാഷിദ് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നു. കൂടുതലായും മാക്രോ ഫൊട്ടോഗ്രഫിയിലാണ് റാഷിദ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചുറ്റുപാടുമുള്ള മൃഗങ്ങളും പ്രകൃതിയുമാണ് അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങൾ.

∙ മൊബൈൽ ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരോട്…

തന്റെ ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ ആപ്പിളിന്റെ ഇൻബിൽറ്റ് ടൂളുകൾ അല്ലാതെ മറ്റ് തേർഡ് പാർട്ടി ആപ്പുകളൊന്നും റാഷിദ് ഉപയോഗിക്കാറില്ല. ആപ്പിൾ പോലെ ഉള്ള വമ്പൻ കമ്പനികളുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ ഫീച്ചർ ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നവരോട് റാഷിദ് തന്റെ അനുഭവത്തിൽ നിന്നും ചില നിർദേശങ്ങൾ പങ്കുവയ്ക്കുന്നു. ആപ്പിൾ പോലുള്ള കമ്പനികളുടെ ശ്രദ്ധയിൽപ്പെടാൻ ആറ് മാസമെങ്കിലും തുടർച്ചയായി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക. ഫൊട്ടോഗ്രഫിയിൽ ഏറ്റവും പ്രധാനം വെളിച്ചമാണ്. കടുത്ത വെളിച്ചം (Harsh Light) ഒഴിവാക്കി പുലർച്ചെയോ വൈകുന്നേരമോ ഉള്ള വെളിച്ചം ഉപയോഗിക്കുക. പല ആംഗിളുകളിൽ ഫോട്ടോ എടുക്കുക. ക്രോപ്പിങ്ങിലും എഡിറ്റിങ്ങിലും പരീക്ഷണങ്ങൾ നടത്തുക. വ്യക്തികളുടെ ചിത്രങ്ങളാണ് എടുക്കുന്നതെങ്കിൽ അവരുടെ രേഖാമൂലമുള്ള സമ്മതം വാങ്ങാൻ മറക്കരുത്.

ADVERTISEMENT

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം rashid_bin__ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന്)

By admin

Leave a Reply

Your email address will not be published. Required fields are marked *