വാട്സാപ് വിഡിയോ കോളിലെ ‘സ്ക്രീൻ മിററിങ്’ സംവിധാനം ഉപയോഗിച്ച് പണം തട്ടുന്ന പുതിയ രീതിക്കെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ബാങ്കുകൾ. ഫോണിലെ സ്വകാര്യ വിവരങ്ങളും ബാങ്കിങ് പാസ്വേഡുകളും ചോർത്തി പണം തട്ടുന്ന അതീവ ഗുരുതരമായ തട്ടിപ്പ് രീതിയാണിത്.
വാട്സാപ് വിഡിയോ കോൾ എടുക്കുമ്പോൾ സൂക്ഷിക്കുക; ‘സ്ക്രീൻ മിററിങ്’ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ബാങ്കുകൾ
വിശ്വസനീയമായ സ്ഥാപനങ്ങളിൽ നിന്നോ ബാങ്കുകളിൽ നിന്നോ ആണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ സമീപിക്കുന്നത്. ബാങ്ക് അക്കൗണ്ടിലോ കാർഡിലോ എന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടെന്നും അത് ഉടൻ പരിഹരിച്ചില്ലെങ്കിൽ സേവനം തടസ്സപ്പെടുമെന്നും പറഞ്ഞ് ഇവർ ഉപഭോക്താവിനെ പരിഭ്രാന്തിയിലാക്കുന്നു. ഈ ‘പ്രശ്നം’ പരിഹരിക്കാനായി തങ്ങളുടെ നിർദേശങ്ങൾ അനുസരിക്കാൻ ഇവർ ആവശ്യപ്പെടുന്നു.
തുടർന്ന് പ്രശ്നപരിഹാരത്തിനായി വാട്സാപ് വിഡിയോ കോൾ ചെയ്യാൻ തട്ടിപ്പുകാർ നിർദേശിക്കും. സംസാരിക്കുന്നതിനിടയിൽ പ്രശ്നം കൃത്യമായി മനസ്സിലാക്കാൻ സ്ക്രീൻ ഷെയർ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെടും. തട്ടിപ്പ് തിരിച്ചറിയാതെ ഉപഭോക്താവ് വാട്സാപ്പിലെ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ എനേബിൾ ചെയ്യുന്നതോടെ ഫോണിലെ ദൃശ്യങ്ങൾ തട്ടിപ്പുകാർക്ക് തത്സമയം കാണാൻ സാധിക്കുന്നു.
ചൈനയ്ക്ക് അടിച്ചത് ബമ്പർ ലോട്ടറി, അവഗണിച്ചിരുന്ന ആ ചെടിയിലുള്ളത് അപൂർവ ലോഹങ്ങൾ; ആ ‘നിധിവേട്ട’ ഇങ്ങനെ
സ്ക്രീൻ ഷെയറിങ് ഓൺ ആയിക്കഴിഞ്ഞാൽ പിന്നെ ഫോണിൽ വരുന്ന ഒടിപി (OTP), പാസ്വേഡുകൾ, ബാങ്കിങ് വിവരങ്ങൾ എന്നിവയെല്ലാം തട്ടിപ്പുകാർക്ക് നേരിട്ട് ലഭിക്കും. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിലെ പണം അവർ ചോർത്തും. അപരിചിതരുമായുള്ള വീഡിയോ കോളുകളിൽ സ്ക്രീൻ ഷെയറിങ് ഒഴിവാക്കണമെന്നും ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്നും സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

