Breaking
2 Feb 2026, Mon

വയലാർ രാമവർമയുടെ അൻപതാം ചരമവാർഷികം: ‘രാവണപുത്രി’ അരങ്ങിലേക്ക്

ഓച്ചിറ∙ വയലാർ രാമവർമയുടെ അൻപതാം ചരമവാർഷികത്തോട് അനുബന്ധിച്ച് ക്ലാപ്പന നിള കൾചറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നിള ഗാർഡൻ തിയറ്ററിൽ വയലാറിന്റെ ‘രാവണപുത്രി’ എന്ന കവിതയുടെ ദൃശ്യ കാവ്യശിൽപം ഒരുങ്ങുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും നാടക രചയിതാവും സംവിധായകനുമായ ചെറുന്നിയൂർ ജയപ്രസാദിന്റെ നേതൃത്വത്തിൽ 26നു 6നു രാവണപുത്രി അരങ്ങിലെത്തും. ഗാർഡൻ തിയറ്ററിന്റെ ഉദ്ഘാടനത്തിനു ശേഷം നടക്കുന്ന ആദ്യ കലാ അവതരണമാണ്. അനുസ്മരണ സമ്മേളനം ചലച്ചിത്ര ഗാന രചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. വയലാർ രാമവർമ ‘രാവണപുത്രി’ എന്ന കവിതയിലൂടെ രാവണന്റെ യൗവന കാലത്ത് കൊടുംകാട്ടിൽ കണ്ട വേദവതി എന്ന കാട്ടുപെണ്ണിൽ ജനിച്ച മകളാണ് സീതയെന്നു വിവരിക്കുന്നു.

വേദവതിയുടെ ശാപത്താലാണു രാവണനെ ശ്രീരാമൻ യുദ്ധത്തിൽ വധിക്കുന്നതെന്നും കവിതയിൽ പറയുന്നു. യുദ്ധം കഴിഞ്ഞ് ശ്രീരാമന്റെ അമ്പുകളേറ്റു യുദ്ധ ഭൂമിയിൽ വീണു കിടക്കുന്ന അസുര രാജാവായ രാവണൻ തന്റെ മകളായ സീതയെ ഒരു നോക്കുകാണണമെന്ന അവസാന ആഗ്രഹത്തോടെ തന്റെ മുൻ പ്രവർത്തികൾ ഓർക്കുന്ന എല്ലാ സന്ദർഭങ്ങളും ദൃശ്യ കാവ്യ ശിൽപത്തിൽ ഒരുക്കിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകൾ ഇതിൽ പൂർണമായി ഉപയോഗിച്ചിട്ടുണ്ട്. ക്ലാപ്പനയിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണക്കാരെ ഉൾപ്പെടുത്തിയാണ് ദൃശ്യ കാവ്യ ശിൽപം അരങ്ങിലെത്തിക്കുന്നത്.

കുട്ടികളെ ഉൾപ്പെടുത്തി ‘ബാലിക വസന്തം’ എന്ന നാടകവും ഒരുങ്ങുകയാണ്.കൊച്ചിൻ ഷിപ് യാഡിലെ മുൻ എൻജിനീയറായിരുന്ന ചെറുന്നിയൂർ ജയപ്രസാദ് കഴിഞ്ഞ 4 പതിറ്റാണ്ടായി നാടക രചനയിലും സീരിയൽ രചനയിലും ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് ക്ലാപ്പനയിൽ ഗാർഡൻ തിയറ്ററും അനുബന്ധ സംവിധാനങ്ങളും നിർമിച്ച് സൗജന്യ പരിശീലനം ആരംഭിച്ചത്. ഒരു പൂന്തോട്ടത്തിന്റെ മധ്യഭാഗത്ത് പൂർണമായി കറുപ്പ് നിറത്തിലാണ് ഗാർഡൻ തിയറ്റർ നിർമിച്ചത്. ആർട്ടിസ്റ്റ് സുജാതൻ ചെയർമാനും ചെറുന്നിയൂർ ജയപ്രസാദ് ഡയറക്ടറുമാണ്. നാടക രചയിതാവ് മണിലാൽ, വി.ബിനുലാൽ, കെ.ആർ.വത്സൻ എന്നിവരുടെ നേതൃത്വത്തിലാണ് നിള കൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *