ലണ്ടൻ∙ ആഗോളതലത്തിൽ യുദ്ധഭീഷണികൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, രാജ്യരക്ഷയ്ക്കായി യുവജനങ്ങളെ സജ്ജരാക്കാൻ പുതിയ ‘ഗ്യാപ് ഇയർ’ (Gap Year) സൈനിക പരിശീലന പദ്ധതി പ്രഖ്യാപിച്ച് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം. 25 വയസ്സിൽ താഴെയുള്ള യുവാക്കൾക്കായി വിഭാവനം ചെയ്ത ഈ പൈലറ്റ് പ്രോജക്റ്റ് 2026 മാർച്ചിൽ ആരംഭിക്കും. സൈനിക ജീവിതം പരിചയപ്പെടുത്തുന്നതിനൊപ്പം അച്ചടക്കവും പ്രായോഗിക നൈപുണ്യങ്ങളും വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
‘മണിക്കൂറിനൊരു ഭർത്താവ്’ തരംഗത്തിന് വൻ ഡിമാൻഡ്; ദുബായിൽ 125 നില കെട്ടിടത്തിന് മുകളിലെ ഭീമൻ വിമാനത്തിന് പിന്നിലെ ചതി
മകളുടെ വളകാപ്പ് ചടങ്ങിലും ‘വിധവ’ എന്ന ലേബലിൽ മാറിനിൽക്കേണ്ടി വന്നു, ചേർത്തുപിടിച്ചത് യുഎഇ; സമൂഹം കൽപ്പിച്ചുതന്ന ‘കുലസ്ത്രീ’ പട്ടം ഇനി വേണ്ട
ആദ്യഘട്ടത്തിൽ 150 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളത്തോടു കൂടിയ രണ്ട് വർഷത്തെ പ്ലേസ്‌മെന്റാണ് ആർമിയിൽ ലഭിക്കുക. റോയൽ നേവിയിൽ ഇത് ഒരു വർഷമായിരിക്കും. റോയൽ എയർഫോഴ്‌സും സമാനമായ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. 13 ആഴ്ചത്തെ അടിസ്ഥാന സൈനിക പരിശീലനത്തിന് ശേഷം ഇവർക്ക് സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കാം. എന്നാൽ ഇവരെ സജീവമായ യുദ്ധമുഖങ്ങളിൽ വിന്യസിക്കില്ല എന്നത് ശ്രദ്ധേയമാണ്. പരിശീലനം പൂർത്തിയാക്കിയ ശേഷം സൈന്യത്തിൽ തന്നെ തുടരണമെന്ന് നിർബന്ധമില്ല. ഇവർക്ക് മറ്റ് തൊഴിൽ മേഖലകളിലേക്ക് മാറാനുള്ള സ്വാതന്ത്ര്യമുണ്ടാകും.
റഷ്യയിൽ നിന്നുള്ള ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സൈന്യം മാത്രമല്ല സമൂഹമൊന്നാകെ രാജ്യരക്ഷയ്ക്കായി സജ്ജരാകണം എന്ന പുതിയ നയത്തിന്റെ (Whole of Society Approach) ഭാഗമായാണ് ഈ നീക്കം. ബ്രിട്ടന്റെ ‘മക്കൾ’ ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് സൈനിക മേധാവി എയർ ചീഫ് മാർഷൽ സർ റിച്ച് നൈറ്റൺ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കളെ സൈനിക സംസ്കാരവുമായി അടുപ്പിക്കാനുള്ള സർക്കാരിന്റെ ഈ സുപ്രധാന നീക്കം.
ഓസ്‌ട്രേലിയയിൽ നിലവിൽ വിജയകരമായി നടപ്പിലാക്കുന്ന ഗ്യാപ് ഇയർ പദ്ധതിയുടെ മാതൃകയിലാണ് ബ്രിട്ടനും ഇത് നടപ്പിലാക്കുന്നത്. ഭാവിയിൽ പ്രതിവർഷം ആയിരത്തിലധികം യുവാക്കളെ ഈ പദ്ധതിയിലേക്ക് ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്ത്രീകൾക്കും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവർക്കും സൈന്യത്തോടുള്ള താൽപര്യം വർധിപ്പിക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം DefenceHQ എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)

