93 മില്യൺ ഡോളർ (ഏകദേശം 775 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യമുള്ള ആയുധങ്ങൾ ഇന്ത്യക്ക് വിൽക്കാൻ അനുമതി നൽകി അമേരിക്ക. ജെവലിൻ മിസൈൽ സംവിധാനവും (Javelin Missile System) എം982എ1 എക്സ്കാലിബർ (M982A1 Excalibur) ഷെല്ലുകളുമുൾപ്പെടെയുള്ളവ ഇന്ത്യയിലേക്കെത്തും.
ടാങ്കുകളുടെ മുകളറ്റത്ത് (ടററ്റ്) ആക്രമിക്കുന്ന ‘ടോപ്പ് അറ്റാക്ക്’ മോഡിലുള്ളവയാണ് ഈ മിസൈല്‍.ഇന്ത്യൻ സൈനികർക്ക്, നീങ്ങുന്ന ടാങ്കുകളെ ഈ മോഡ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ പരിശ്രമത്തിൽ തകർക്കാൻ സാധിക്കും.
എക്സ്പ്ലോസീവ് റിയാക്ടീവ് ആർമർ (ERA) പോലുള്ള ശക്തമായ പ്രതിരോധ കവചങ്ങളെയും തകർക്കാന്‍ കഴിയുന്നതും അതേസമയം പോർട്ടബിളുമാണ് ജെവലിൻ മിസൈൽ സംവിധാനം. 45.7 മില്യൺ ഡോളർ (ഏകദേശം 380 കോടിയിലധികം രൂപ) ആണ് ജെവലിൻ മിസൈൽ സംവിധാനത്തിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും ചെലവെന്നാണ് കണക്കുകൂട്ടൽ.
100 ജെവലിൻ മിസൈലുകൾ, ഒരു ‘ഫ്ലൈ-ടു-ബൈ’ റൗണ്ട്, 25 കമാൻഡ്-ലോഞ്ച് യൂണിറ്റുകൾ (CLUs), പരിശീലന സഹായ ഉപകരണങ്ങൾ, സിമുലേഷൻ റൗണ്ടുകൾ, സ്പെയർ പാർട്സുകൾ, പൂർണ്ണമായ ലൈഫ് സൈക്കിൾ സപ്പോർട്ട് എന്നിവയായിരിക്കും ഇടപാടില്‍ ഉൾപ്പെടുന്നത്.
47.1 മില്യൺ ഡോളർ (ഏകദേശം 392 കോടിയിലധികം രൂപ) മതിപ്പുള്ള 216 എം982എ1 എക്സ്കാലിബർ പ്രിസിഷൻ-ഗൈഡഡ് ആർട്ടിലറി ഷെല്ലുകളാണ് രണ്ടാമത്തെ പ്രധാന ഇനം.ഈ വർഷം ആദ്യം, ഇന്ത്യൻ സൈന്യം വ്യോമപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി യുകെ ആസ്ഥാനമായുള്ള തേൽസ് (Thales) കമ്പനിയുമായി ലൈറ്റ് വെയ്റ്റ് മോഡുലാർ മിസൈൽ (LMM) സംവിധാനം വാങ്ങാനും കരാർ ഒപ്പിട്ടിരുന്നു.
ലേസർ ബീം-റൈഡിങ് ഗൈഡൻസ് രീതി ഉപയോഗിക്കുന്ന ഇത്, 6 കിലോമീറ്ററിലധികം ദൂരത്തിൽ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, യുഎവികൾ (UAVs), യുസിഎവികൾ (UCAVs) എന്നിവയെ കൃത്യതയോടെ ലക്ഷ്യമിടാൻ കഴിവുള്ളതാണ്.

