ടെഹ്റാൻ: ഇറാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി റെവല്യൂഷണറി ഗാര്‍ഡ്സ് ജനറല്‍ മാജിദ് എബ്നെല്‍റേസയെ നിയമിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനാണ് നിമയമന ഉത്തരവിറക്കിയത്.
ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പ്രതിരോധ മന്ത്രി അമിര്‍ നാസിര്‍ സദാ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ അമിറിന് പകരക്കാരനായാണ് മാജിദ് എബ്നെല്‍റേസ വരുന്നത്. ഫൈറ്റർ പൈലറ്റായി സൈനിക വൃത്തി ആരംഭിച്ച അമിർ നാസിര്‍ സദാ ഇറാൻ സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായ ശേഷമാണ് പ്രതിരോധ മന്ത്രി സ്ഥാനത്തേക്കും എത്തിയത്.
അതേസമയം ഇറാനിലെ മുതിര്‍ന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരെ വധിച്ചുവെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം രംഗത്തെത്തിയിരുന്നു. സൈയിദ് യഹ്യ ഹമീദി, ജലാല്‍ പൂര് ഹുസൈന് എന്നിവരെ വധിച്ചതായാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.
ഇന്റലിജന്‍സ് ഡെപ്യൂട്ടി മിനിസ്റ്ററാണ് സൈയിദ് യഹ്യ ഹമീദി. ജലാല്‍ പൂര് ഹുസൈന് ഇറാന്റെ ചാരവൃത്തി വിഭാഗത്തിന്റെ തലവനാണ്. ടെഹ്റാനിലെ ഇന്റലിജയൻസ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.
Revolutionary Guards General Majid Ebnelreza iran Acting Defence Minister

