Breaking
3 Feb 2026, Tue

ബുള്ളറ്റുകള്‍ക്ക് നേരെ ‘ഫ്ലയിങ് കിസ്’ അയച്ച മാദകനർത്തകി: ചാരവൃത്തിക്ക് വെടിയേറ്റുമരിച്ച മാതാഹരി

ഒന്നാം ലോകയുദ്ധവുമായി ബന്ധപ്പെട്ട് അനേകം പേർ പ്രശസ്തരായിട്ടുണ്ട്. എന്നാൽ അവരിലാരും മാതാ ഹരിയുടേതു പോലെ നിഗൂഢപ്രശസ്തി നേടിയിരിക്കില്ല. 1876ൽ മാർഗരീത്ത ജെർട്രൂഡ സെല്ലെ എന്ന പേരിൽ നെതർലൻഡ്സിലാണ് അവർ ജനിച്ചത്. സമ്പന്നമായ ഒരു ഡച്ച് കുടുംബമായിരുന്നു മാർഗരീത്തയുടേതെങ്കിലും താമസിയാതെ പിതാവിന് സാമ്പത്തികനഷ്ടങ്ങൾ വന്നു തുടങ്ങി. ഇതിനിടെ അമ്മയും മരിച്ചു. കുടുംബം ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തി.

വെറും ഒരു ഗ്രാമിന്റെ വില 10,000,000 കോടി ഡോളറോ? ഡാൻ ബ്രൗൺ നോവലിലെ ആ ഭീകരരഹസ്യം വാഴപ്പഴത്തിനുള്ളിലും!

‌പതിനെട്ട് വയസ്സ് തികഞ്ഞതോടെ മാർഗരീത്ത റുഡോൾഫ് മക്‌ലോഡ് എന്ന ഡച്ച് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. അദ്ദേഹത്തിനൊപ്പം ഇടയ്ക്ക് ഇന്തൊനീഷ്യയിലേക്കു പോയതോടെയാണ് ഇന്തൊനീഷ്യൻ നൃത്തരൂപങ്ങൾ അവർ ശ്രദ്ധിച്ചത്. വളരെ ക്രൂരനായ ഭർത്താവായിരുന്നു റുഡോൾഫ്.

അദ്ദേഹത്തോടൊപ്പമുള്ള ജീവിതം ദുസ്സഹമായി മാറിയതോടെ മാർഗരീത്ത വിവാഹമോചിതയായി. തുടർന്നാണു പാരിസിൽ മാതാ ഹരിയെന്ന പേരിൽ അവർ നർത്തന ജീവിതം തുടങ്ങിയത്. താനൊരു ഡച്ചുകാരിയാണെന്നു മറച്ചുവച്ച മാതാഹരി ഇന്ത്യക്കാരിയാണെന്നും ശ്രീലങ്കക്കാരിയാണെന്നുമൊക്കെ തരംപോലെ കള്ളം തട്ടിവിട്ടു.

നൃത്തവും വ്യത്യസ്തമായ ചുവടുകളും

ഏതായാലും വളരെപ്പെട്ടെന്നു തന്നെ പാരിസിലെ സാംസ്കാരികമേഖലയിൽ അവർ തന്റേതായ ഇടം നേടി. വളരെ കുറച്ചു വസ്ത്രങ്ങളണിഞ്ഞുള്ള അവരുടെ നൃത്തവും വ്യത്യസ്തമായ ചുവടുകളും അവർക്കു ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഇവരിൽ നല്ലൊരു പങ്കും സൈനിക ഉദ്യോഗസ്ഥരായിരുന്നു.

അക്കാലത്താണ് യൂറോപ്പിന്റെ സ്വൈരജീവിതം തകിടം മറിച്ചുകൊണ്ട് ഒന്നാം ലോകയുദ്ധമെത്തിയത്. ഇതു മാതാഹരിയെയും ബാധിച്ചു തുടങ്ങി. പണം കുറഞ്ഞു. ജർമൻ നീക്കങ്ങളറിയാനായി തങ്ങൾക്കു ചാരവൃത്തി ചെയ്യുമോയെന്നു ഫ്രഞ്ച് ചാരസംഘടനകൾ മാതാഹരിയോട് ചോദിച്ചു. മാതാഹരിയുടെ സൗഹൃദവലയത്തിൽ ധാരാളം ജർമൻ ഓഫിസർമാരുണ്ടായിരുന്നു. ഇതു മുതലെടുക്കാനായിരുന്നു അവരുടെ ശ്രമം.

ഒരു ഡബിൾ ഏജന്റായി മാറിയ മാതാഹരി

മാതാഹരി ഈ ഓഫർ ഏറ്റെടുത്തു. എന്നാൽ പിന്നീട് ഫ്രഞ്ച് സേന മാതാഹരിയെ കസ്റ്റഡിയിലെടുത്തു. ഒരു ഡബിൾ ഏജന്റായി മാറിക്കൊണ്ട് മാതാഹരി തങ്ങളുടെ രഹസ്യങ്ങൾ ജർമനിക്കു നൽകുന്നു എന്ന തോന്നലിൽ നിന്നായിരുന്നു അറസ്റ്റ്. ശക്തമായ തെളിവുകൾ അവർക്കെതിരെ ഇല്ലായിരുന്നു. പക്ഷേ മാതാഹരിയുടെ അന്ത്യവിധി കുറിക്കപ്പെട്ടിരുന്നു. 1917ൽ തന്റെ 41–ാം വയസ്സിൽ മാതാഹരിയെ ഫ്രഞ്ച് പട്ടാളം വെടിവച്ചുകൊന്നു.

ദിനോസറുകൾ മറഞ്ഞില്ലായിരുന്നെങ്കിൽ അവർ ദിനോമനുഷ്യരായേനെ! അലൻ റസലിന്റെ സിദ്ധാന്തം

കൊല്ലപ്പെടുന്നതിനു മുൻപും തന്നെ കൊലപ്പെടുത്താൻ വന്നവർക്കു നേരെ ‘ഫ്ലയിങ് കിസ്’ മാതാഹരി അയച്ചുകൊടുത്തു. ട്രഞ്ചുകളും ബുള്ളറ്റൊച്ചകളും ആർത്തനാദങ്ങളുമൊക്കെ നിറഞ്ഞ ഒന്നാം ലോകയുദ്ധത്തിന്റെ ചരിത്രത്തിലെ വേദനനിറഞ്ഞ മറ്റൊരു താളാണ് മാതാഹരി എന്ന നർത്തകി. ഈ വരുന്ന ഒക്ടോബർ 15ന് അവരുടെ മറ്റൊരു ചരമവാർഷികം കൂടി കടന്നുപോകുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *