തൊടുപുഴ: പൊതുപരീക്ഷ തീരുംവരെ കല്ലാനിക്കല് സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ഫോണിനോട് ചങ്ങാത്തം കൂടില്ല. ഉന്നതവിജയം നേടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ ഫോണിനോട് ബൈ പറഞ്ഞത്. ഇതോടെ ഇവിടത്തെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന മറ്റുവിദ്യാര്‍ഥികള്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ്.
ഇനി ഏകാഗ്രതയോടെ പരീക്ഷയെന്ന ഒറ്റ ലക്ഷ്യം മുന്നില്‍ക്കണ്ട് ഉന്നതവിജയത്തിലേക്ക് കുതിക്കുകയെന്നതാണ് ഇവരുടെ ഉറച്ചതീരുമാനം. ഇതിനായി മൊബൈല്‍ഫോണുകള്‍ സ്കൂളില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ് വിദ്യാര്‍ഥികള്‍. പ്രത്യേകം പേരെഴുതി സൂക്ഷിച്ചിരിക്കുന്ന മൊബൈലുകള്‍ പരീക്ഷ അവസാനിക്കുന്ന ദിവസം തിരിച്ചു നല്‍കും. മൊബൈല്‍ ഉപയോഗം വേണ്ടെന്നു വച്ചതോടെപഠനത്തില് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നുണ്ടെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.
കോവിഡ് കാലയളവിലാണ് വിദ്യാര്ഥികള്ക്കിടയല് മൊബൈല്‍ ഫോണിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചത്. സ്കൂളുകളില്‍ അധ്യയനം നിലച്ചതോടെ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു വിദ്യാര്‍ഥികളുടെ ആശ്രയം. അന്നുതുടങ്ങിയ മൊബൈല്‍ ഫോണിനോടുള്ള അടുപ്പം വിദ്യാര്‍ഥികളില്‍ എല്ലാ പരിധിയും ലംഘിച്ച് വര്‍ധിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ അഡിക്ഷനിലേക്ക് പലരുടേയും ജീവിതം വഴുതിവീഴാന്‍ കാരണമായതോടെ പഠനനിലവാരം ഗണ്യമായി താഴേക്കുപോയി.
കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായിപ്പോലും നേരിട്ടുള്ള ആശയവിനിമയം ഇല്ലാതായി. എല്ലാം ഫോണിലൂടെ ആയതോടെ ബന്ധങ്ങളുടെ ഊഷ്മളത കുറയുകയും സൗഹൃദം യാന്ത്രികമായ തലത്തിലേക്ക് വഴിമാറുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ അഡിക്ഷനിലായ നിരവധി വിദ്യാര്‍ഥികളെ അതില്‍നിന്നു മോചിപ്പിക്കാന്‍ കൗണ്‍സലിംഗും ബോധവത്കരണവും വരെ നടത്തേണ്ടി വന്നസ്ഥിതി സംജാതമാകുകയും ചെയ്തു.
എന്നാല്‍ ഇതിനോടുള്ള അഭിനിവേശം ഒഴിവാക്കി ആത്മനിയന്ത്രണവും ഉത്തരവാദിത്വബോധവും പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ ഈ തീരുമാനത്തെ അധ്യാപകരും രക്ഷകര്‍ത്താക്കളും മുക്തകണ്ഠം പ്രശംസിച്ചു. വിദ്യാര്‍ഥികളുടെ തീരുമാനം പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷാകര്‍ത്താ ക്കളും.
Students’ mobile nattuvishesham local news

