പേൾ ഹാർബർ ആക്രമണത്തെ അതിജീവിച്ച ഐറ ‘ഐക്ക്’ ഷാബ് (105) അന്തരിച്ചു. അനേകം യുഎസ് സൈനികരുടെ മരണത്തിനിടയാക്കുകയും രണ്ടാം ലോകയുദ്ധത്തിലേക്ക് അമേരിക്കയുടെ പ്രവേശനത്തിന് വഴിയൊരുക്കുകയും ചെയ്ത അപ്രതീക്ഷിത ആക്രമണത്തെ അതിജീവിച്ചവരുടെ എണ്ണം ഷാബിന്റെ മരണത്തോടെ ഒരു ഡസനോളമായി ചുരുങ്ങി.
ബഹിരാകാശ യാത്രികർക്കും നല്ല ഫ്രഷ് മത്തിക്കറിയും അയല വറുത്തതുമൊക്കെ തിന്നാൻ പറ്റിയേക്കും..
ഈ വർഷം നടന്ന ആക്രമണത്തിന്റെ 83-ാം വാർഷികാചരണത്തിലും ഷാബ് പങ്കെടുത്തിരുന്നു. ഷിക്കാഗോ സ്വദേശിയായ ഷാബ്, ഹവായിലെ പേൾ ഹാർബറിൽ ജപ്പാൻ അപ്രതീക്ഷിത ആക്രമണം നടത്തുമ്പോൾ യുഎസ്എസ് ഡോബിൻ എന്ന കപ്പലിൽ നാവികസേനയിലെ സംഗീതജ്ഞനായിരുന്നു. അന്ന് 21 വയസ്സായിരുന്നു പ്രായം. ആക്രമണം നടന്ന ദിവസം രാവിലെ വിമാനവേധ തോക്കുകൾക്ക് വെടിക്കോപ്പുകൾ നൽകാൻ സഹായിച്ചത് ഷാബായിരുന്നു.
തുടർന്നുനടന്ന യുദ്ധത്തിന്റെ ഭൂരിഭാഗം സമയവും ഷാബ് നാവികസേനയ്ക്കൊപ്പം പസിഫിക് മേഖലയിലായിരുന്നു. ഇന്നത്തെ വനുവാട്ടു എന്നറിയപ്പെടുന്ന ന്യൂ ഹെബ്രൈഡ്സ്, മരിയാന ദ്വീപുകൾ, ജപ്പാനിലെ ഒക്കിനാവ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. യുദ്ധശേഷം ഇലക്ട്രിക്കൽ എൻജിനീയറായ അദ്ദേഹം, യുഎസ് യാത്രികരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ബഹിരാകാശ ദൗത്യത്തിലും പങ്കാളിയായി. അദ്ദേഹത്തിന്റെ മകനും പിന്നീട് നാവികസേനയിൽ ചേർന്നു കമാൻഡറായാണ് വിരമിച്ചത്.
ലോകചരിത്രത്തെയും രണ്ടാം ലോകയുദ്ധത്തിന്റെ ഗതിയെയും തിരിച്ചുവിട്ട ആക്രമണമായിരുന്നു 1941ലെ പേൾ ഹാർബർ. യുഎസ് പ്രദേശമായ ഹവായിയിലെ ഹോണോലുലുവിനു സമീപം സ്ഥിതി ചെയ്യുന്ന പേൾ ഹാർബർ നാവികത്താവളത്തിൽ ജപ്പാൻ സൈന്യം പൊടുന്നനെ ആക്രമണം നടത്തി. അമേരിക്കൻ പടക്കപ്പലുകളുടെ ചുടലപ്പറമ്പായി പേൾ ഹാർബർ മാറി.ഏകദേശം 16 യുഎസ് കപ്പലുകൾക്ക് നാശം സംഭവിച്ചു. 188 വിമാനങ്ങൾ തകർക്കപ്പെട്ടു. 2335 യുഎസ് സൈനികർ കൊല്ലപ്പെട്ടു. അമേരിക്കൻ മണ്ണിൽ അതുവരെ നടന്ന ഏറ്റവും വലിയ ആക്രമണമായി ഇതു മാറി.ഇതിനു പ്രതികാരമെന്ന നിലയിലാണ് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ ആണവായുധം യുഎസ് പ്രയോഗിച്ചത്. ഇതു ലോക മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായി മാറി.
ഇന്നത്തെ പോലെയുള്ള അപ്രമാദിത്വം ഇല്ലായിരുന്നെങ്കിലും ശക്തമായ രാജ്യമായിരുന്നു അന്നും യുഎസ്. മികവുറ്റ ത്രിതല സൈന്യമുള്ള രാജ്യം. എന്നിട്ടും എന്തു കൊണ്ട് ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചു. രണ്ടുനഗരങ്ങളുടെ നാശത്തിനു വഴിയൊരുക്കിയ ആണവ ബോംബ് ആക്രമണത്തിനുള്ള പ്രകോപനം എന്തുകൊണ്ട് സൃഷ്ടിച്ചു.
ഇതിനു വിവിധ കാരണങ്ങൾ പറയപ്പെടുന്നു. എന്നാൽ എണ്ണയും മറ്റ് വ്യാവസായിക വസ്തുക്കളുമായിരുന്നു ഇതിന്റെ പ്രധാനകാരണമെന്നാണ് ജപ്പാനിലെ ഇംപീരിയൽ വാർ മ്യൂസിയത്തിന്റെ പക്ഷം.ഇരുപതാം നൂറ്റാണ്ടിൽ ഒരുപാട് സാമ്രാജ്യ മോഹങ്ങളുള്ള ഒരു രാജ്യമായിരുന്നു ജപ്പാൻ. തങ്ങളുടെ വ്യാവസായിക മേഖലയുടെയും സാമ്പത്തിക മേഖലയുടെയും ത്വരിത വികസനം ഇതു ലക്ഷ്യമിട്ട് അവർ ചെയ്തു. എന്നാൽ പ്രകൃതിവിഭവങ്ങളുടെയും ഇന്ധനങ്ങളുടെയും അഭാവം അവരെ ഉലച്ചിരുന്നു.രാജ്യത്തേക്കുള്ള 94 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയായിരുന്നു അക്കാലത്ത് ജപ്പാൻ. ചൈനയുമായി ഇടയ്ക്ക് നടന്ന മഞ്ചൂറിയൻ യുദ്ധം കൂടുതൽ ഇന്ധന പ്രതിസന്ധിയിലേക്കു ജപ്പാനെ തള്ളിവിട്ടു.ലോകരാഷ്ട്രീയത്തിൽ അധികം ഇടപെടാതെ നിന്ന യുഎസ് സജീവമായിത്തുടങ്ങിയ നാളുകൾ കൂടിയായിരുന്നു അത്. ആയിടയ്ക്ക് വിയറ്റ്നാമിൽ ജപ്പാൻ നടത്തിയ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസ് അമേരിക്കയിലുള്ള ജപ്പാന്റെ സ്വത്തുക്കൾ മരവിപ്പിക്കുകയും അവർക്ക് എണ്ണയും മറ്റ് വ്യാവസായിക വസ്തുക്കളും വിൽക്കുന്നത് നിർത്തുകയും ചെയ്തു.
വീൽചെയറിൽ ആകാശ അതിരുതൊട്ട് മിഖയ്ല; ചരിത്രം തിരുത്തിയ ബ്ലൂ ഒറിജിൻ, ‘കരുതൽ’ എന്തൊക്കെയെന്ന് അറിയാം
ഇതിനെതിരെ യുഎസിനെ വിരട്ടാനും തങ്ങൾക്കെതിരെയുള്ള നടപടികളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനുമായാണു ജപ്പാൻ യുഎസിനെ ആക്രമിച്ചതെന്ന് ഇംപീരിയൽ വാർ മ്യൂസിയം ചൂണ്ടിക്കാട്ടുന്നു. പസിഫിക് മേഖലയിൽ ഇതോടെ തങ്ങൾക്ക് ആധിപത്യം കൈവരുമെന്നും അവർ കരുതി. ഒരു ചൂതാട്ടമായിരുന്നു അത്. എന്നാൽ നീക്കം വിപരീത ഫലമാണ് ഉളവാക്കിയത്.
Pearl Harbour attack
Defence Sector
World War II
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

