ലോകരാഷ്ട്രീയത്തിൽ തന്നെ ഓളങ്ങളുയർത്തുന്നയാളാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ പരാമർശങ്ങൾ ലോകമെമ്പാടും ചലനങ്ങളും കോളിളക്കങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണു കുറച്ചുനാളായി.ഇപ്പോഴിതാ ട്രംപ് അടുത്ത വെടിപൊട്ടിച്ചിരിക്കുകയാണ്. യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലേക്കു തിരിച്ചുപോകണമെന്നും അവിടത്തെ ബാഗ്രാം എയർബേസ് തിരിച്ചുപിടിക്കണമെന്നുമാണു ട്രംപിന്റെ പരാമർശം. എന്നാൽ ഇതു സാധ്യമല്ലെന്ന് അഫ്ഗാനിസ്ഥാൻ അറിയിച്ചിട്ടുണ്ട്. എന്താണ് ബാഗ്രാം?
ഗാലക്സി എസ് 24 സീരീസ് ഇനി വിലക്കുറവിൽ സ്വന്തമാക്കാം; ഓഫറുകളും വിവരങ്ങളും അറിയാം
അഫ്ഗാനിലെ പാർവൻ പ്രവിശ്യയിൽ പൗരാണിക നഗരമായ ബാഗ്രാമിനു സമീപം നിലനിന്നിരുന്ന വ്യോമത്താവളം അഫ്ഗാനിലെ യുഎസിന്‌റെ ഏറ്റവും വലിയ എയർബേസായിരുന്നു. കാബൂളിൽ നിന്നു 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്ത എയർബേസ് വഴി, പ്രക്ഷുബ്ധമായ അഫ്ഗാൻ- പാക്കിസ്ഥാൻ അതിർത്തിയിലും നിയന്ത്രണം പുലർത്താൻ യുഎസിനു കഴിഞ്ഞിരുന്നു.ഉസാമ ബിൻ ലാദനെ കൊലപ്പെടുത്താൻ വേണ്ടിയുള്ള ഓപ്പറേഷൻ നെപ്ട്യൂൺ സ്പിയർ ദൗത്യത്തിന്‌റെ തുടക്കവും ഇവിടെ നിന്നായിരുന്നു.
വലിയ യുദ്ധവിമാനങ്ങളും കാർഗോകളും കൈകാര്യം ചെയ്യാൻ ശേഷിയുള്ള എയർബേസിന്‌റെ നിയന്ത്രണം യുഎസ് വ്യോമസേനയുടെ 455ാം എക്‌സ്‌പെഡീഷണറി വിങ്ങാണു കൈയാളിയിരുന്നത്. 1959ൽ ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് യുഎസിന്‌റെ സഹായത്തോടെയായിരുന്നു ബേസ് നിർമിച്ചത്. അക്കാലത്ത് യുഎസ് പ്രസിഡന്‌റായിരുന്ന ഡ്വൈറ്റ് ഐസനോവർ ബാഗ്രാമിൽ പറന്നിറങ്ങിയിരുന്നു.
1976ലാണ് ബൃഹത്തായ റൺവേ ഇവിടെ പണിയുന്നത്. തുടർന്ന് 4 വർഷത്തോളം ബേസ്, അഫ്ഗാൻ വ്യോമസേനയുടെ നിയന്ത്രണത്തിൽ നിലനിന്നു. പിന്നീട് സോവിയറ്റ് നിയന്ത്രണത്തിലായി.സോവിയറ്റ് യൂണിയൻ പോയ ശേഷം വിവിധ ഗ്രൂപ്പുകൾ എയർബേസ് നിയന്ത്രിച്ചു.
ഇസ്രയേൽ ഖത്തറിലേക്കയച്ചത് സ്റ്റെൽത്ത് ഫൈറ്ററുകൾ? വ്യോമ പ്രതിരോധ സംവിധാനങ്ങളെ എങ്ങനെ മറികടന്നു?
1999ൽ ഈ ബേസിന്‌റെ നിയന്ത്രണം ഭാഗികമായി താലിബാന്‌റെയും വടക്കൻ സഖ്യത്തിന്‌റെയും കൈകളിലായിരുന്നു. 2000ൽ താലിബാൻ പൂർണ നിയന്ത്രണം നേടി. പിന്നീട് യുദ്ധകാലത്ത്, യുഎസ് സേന ബേസ് നിയന്ത്രിക്കുകയും അവിടെ വലിയ വികസനങ്ങൾ കൊണ്ടുവരികയും ചെയ്തിരുന്നു. യുഎസ് അഫ്ഗാൻ വിട്ടതോടെ ബാഗ്രാം എയർബേസ് ചൈനയുടെ നിയന്ത്രണത്തിലായെന്ന മട്ടിൽ അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

