Breaking
23 Mar 2026, Mon

കുളിക്കാൻ മടിയുള്ളവർക്കായി! മനുഷ്യനെ ‘അലക്കിയെടുക്കാനും’ വാഷിങ് മെഷീന്‍! വില അറിയാം

തല മുതല്‍ കാല്‍ വിരലുകള്‍ വരെ മനുഷ്യരെ വൃത്തിയാക്കിയെടുക്കാനാകുന്ന ഹ്യൂമന്‍ വാഷിങ് മെഷീന്റെ വില്‍പ്പന ആരംഭിച്ചു. ഓട്ടോമാറ്റിക് സ്പാ പോഡ് പ്രോ എന്നും ഇതിന് വിവരണമുണ്ട്. ജെറ്റ് ഫൈറ്റര്‍ വിമാനങ്ങളുടെ കോക്ക്പിറ്റുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. അതിശക്തമായി കുമിളകള്‍ അയച്ചാണ് മനുഷ്യ ശരീരത്തിലെ ചെളിയും മാലിന്യങ്ങളും വാഷിങ് മെഷീന്‍ നീക്കം ചെയ്യുന്നത്. ‘വെറും 15 മിനിറ്റിനുള്ളില്‍’ മനുഷ്യ ശരീരം മെഷീനിന് വൃത്തിയാക്കാനാകുമെന്നാണ് അത് പുറത്തിറക്കിയിരിക്കുന്ന സയന്‍സ് കോ (Science Co) കമ്പനി അറിയിച്ചിരിക്കുന്നത്. പോഡ് ചുളുവില്‍ വാങ്ങാനൊക്കില്ല. വില 60 ദശലക്ഷം ജാപ്പനീസ് യെന്‍ (290,000 പൗണ്ട്) ആണ്.

സൈറ്റുകൾ പണിമുടക്കുന്നത് ലോകത്തെ അറിയിക്കുന്ന ഡൗൺഡിറ്റക്ടറും അടിച്ചുപോയി; ‘ആകെ ഡൗണായി ഗയ്സ്’!

തുടക്കത്തില്‍ തങ്ങള്‍ 40-50 ഹ്യൂമന്‍ വാഷിങ് മെഷീനുകള്‍ മാത്രമെ പുറത്തിറക്കുന്നുള്ളു എന്ന് സയന്‍സ് കോ പറയുന്നു. ഇത്ര കൂറ്റന്‍ വില നല്‍കേണ്ടിവരുന്നതിനാല്‍ ഇവയെല്ലാം തന്നെ ജപ്പാനിലെ ഏതെങ്കിലും മുന്തിയ സ്പാകളിലോ ഹോട്ടലുകളിലൊ എത്തിച്ചേരാനാണ് വഴി എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഭാവിയില്‍ പുതിയ ടെക്‌നോളജി ഉൾപ്പെടുത്താൻ സാധിച്ചാൽ വീടുകൾക്ക് താങ്ങാൻ സാധിക്കുന്ന തരത്തിലുള്ള ഹ്യൂമൻ വാഷിങ് മെഷീനുകളും പുറത്തിറക്കാൻ ഉദ്ദേശമുണ്ടെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു.

പോഡിന് നീളം 2.5 മീറ്റര്‍ (8.2 അടി) നീളവും, ഒരു മീറ്റര്‍ (3.28 അടി) വീതിയുമാണ് ഉള്ളത്. മിക്ക ആളുകള്‍ക്കും ഇതിൽ സുഖമായി ഇരുന്ന് കുളിച്ചിറങ്ങാം. ആള്‍ കയറിയ ശേഷം വാതില്‍ അടയ്ക്കപ്പെടുന്നു. തുടര്‍ന്ന് പോഡില്‍ പകുതി ഭാഗം വെള്ളം നിറയ്ക്കുന്നു. എന്നു പറഞ്ഞാല്‍, കുളിക്കാന്‍ ഇരിക്കുന്നയാള്‍ ഭാഗികമായി വെള്ളത്തിലാകുന്നു. തുടര്‍ന്ന് ഉന്നത സ്പീഡില്‍ വാട്ടര്‍ ജെറ്റുകള്‍ ഉപയോഗിച്ച് ചെറിയ വായൂ കുമിളകള്‍ അയയ്ക്കുന്നു. മൂന്നു മൈക്രോമീറ്ററില്‍ താഴെയാണ് ഇവയുടെ വ്യാസം. ഇവ ശരീരത്തില്‍ വന്ന് ഇടിക്കുമ്പോള്‍ ചെറിയ, എന്നാല്‍ ശക്തമായ മര്‍ദ്ദം അനുഭവപ്പെടും. ഇങ്ങനെയാണ് ശരീരത്തിലെ ചെളിയും മറ്റും ഇളക്കി ശുചിത്വം നല്‍കുന്നത്.

സ്വർഗ്ഗീയാനുഭൂതി

കെമിക്കലുകൾ ഉപയോഗിച്ച് വൃത്തിയാക്കാനാകാത്ത ഇലക്ട്രിക്കൽ ഘടകഭാഗങ്ങൾ ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന രീതിയാണ് പോഡിൽ ഉള്ളത്. എന്നാൽ, വെറുതെ ചെളിയും പൊടിയും ഇളക്കി വൃത്തിയാക്കുക മാത്രമല്ലത്രെ വാഷിങ് മെഷീനുകൾ ചെയ്യുന്നത്. അവ, പകരുന്ന അനുഭവം എന്നു ‘ആത്മാവിനെയും വൃത്തിയാക്കുന്നു’ എന്ന തോന്നൽ നൽകുമെന്നാണ് സയൻസ് കോ പറയുന്നത്! പ്ലാസ്റ്റിക് നിർമ്മിതമായ പോഡിൽ പലയിടത്തും പാകിയിരിക്കുന്ന സെൻസറുകൾ കുളിക്കുന്നയാളുടെ ഹൃദയമിടിപ്പ് പോലെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയും അയാൾക്ക് പരമാവധി സുഖവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്ന രീതിയിൽ കുളിപ്പിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

പോഡിൽ പ്രവർത്തിപ്പിക്കുന്ന നിർമ്മിത ബുദ്ധിയാണ് സെൻസർ ഡേറ്റ വിശകലനം ചെയ്ത് കുളിക്കുന്ന വ്യക്തിക്ക് ശാന്തതയാണോ ഉന്മേഷമാണോ തോന്നുന്നത് തുടങ്ങിയ വിവരങ്ങൾ സ്വയം മനസിലാക്കി വ്യക്തിയുടെ അപ്പോഴത്തെ മനോനിലയ്ക്ക് ചേരുന്ന ഒരു വിഡിയോ കാണിക്കുന്നതും, അത് നാഡികൾക്ക് കൂടുതൽ സാന്ത്വനം പകരുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. പോഡിനുള്ളിൽ കുളിക്കുന്ന ആൾ ഇരിക്കുന്ന കസേരയിൽ ഇലക്ട്രോകാർഡിയോഗ്രാഫ് സെൻസർ ഉണ്ട്. ഇത് ഉപയോഗിച്ചാണ് വ്യക്തി റിലാക്‌സ്ഡ് ആണോ എന്ന് മനസിലാക്കുന്നത്.

ആദ്യ ഹ്യൂമൻ വാഷിങ് മെഷീൻ പരിചയപ്പെടുത്തിയത് പാനസോണിക്

ജപ്പാൻ വേൾഡ് എക്സ്പോസിഷൻ 1970യിൽ ആയിരുന്നു ആദ്യമായി സാന്യോ ഇലക്ട്രിക് കോ (ഇപ്പോൾ പാനസോണിക് ഹോൾഡിങ്‌സ് കോർപ്) ആദ്യമായി ഹ്യൂമൻ വാഷിങ് മെഷീൻ എന്ന സങ്കൽപ്പം പരിചയപ്പെടുത്തിയത്. അതിൽ ”ഡസൻ കണക്കിന്” മസാജ് ബോളുകൾ പിടിപ്പിച്ചിരുന്നു. അത് ഒരിക്കലും വിൽപനയ്ക്ക് എത്തിച്ചില്ല. എങ്കിലും അത്തരം ഒരു ഉപകരണത്തിന്റെ സാധ്യത അത് കണ്ടവരുടെ മനസ്സിൽ കയറിക്കൂടിയിരുന്നു.

യുദ്ധാനന്തര ജപ്പാനിൽ ഒരാൾക്ക് സ്വകാര്യമായി കുളിക്കാമെന്ന തോന്നൽ പോലും ആവേശം പകർന്നിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ധനികരുടെ വീടുകളിൽ മാത്രമായിരുന്നു ബാത്ത്‌റൂമുകൾ ഉണ്ടായിരുന്നതത്രെ. അതിനാൽ സെന്റോ (sento) എന്ന് അറിയപ്പെട്ടിരുന്ന പൊതു ബാത്ത്‌റൂമുകളെയാണ് കൂടുതൽ ആളുകളും ആശ്രയിച്ചിരുന്നത്. ധനികരുടെ ഒഴികെയുള്ള വീടുകളിലേക്ക് ബാത്ത്‌റൂമുകൾ ആ കാലത്ത് പണിതു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു എന്നതാണ് ആളുകൾക്ക് സാന്യോയുടെ വാഷിങ് മെഷീൻ കണ്ടപ്പോൾ അതിനോട് അത്രമേൽ താത്പര്യം തോന്നിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഉച്ചഭാഷിണി കുറവെങ്കിലും പ്രചാരണം ഉച്ചസ്ഥായിയിൽ; നാലാം നാൾ കലാശക്കൊട്ട്

ഇങ്ങനെ സാന്യോയുടെ വാഷിങ് മെഷീൻ കാണാൻ ക്യൂ നിന്നിരുന്നവരിൽ ഒമ്പതുവയസുകാരൻ യാസുആകി എഓയാമ (Yasuaki Aoyama) ആണ് ഇന്ന് സയൻസ് കോയുടെ ചെയർമാൻ. അതാണ് ഹ്യൂമൻ വാഷിങ് മെഷീൻ എന്ന സങ്കൽപത്തിന്റെ സാധ്യതകളെക്കുറിച്ച് സ്വപ്നം കാണാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തിൽ ഒരെണ്ണം ഉണ്ടാക്കി പ്രദർശിപ്പിക്കാൻ മാത്രമായിരുന്നു കമ്പനിയുടെ ഉദ്ദേശം. എന്നാൽ, ഹ്യൂമൻ വാഷിങ് മെഷീൻ എന്ന ആശയം ആളുകൾക്ക് ആവേശം പകരുന്നു എന്നു കണ്ടതിനാലാണ് തങ്ങൾ അത് നിർമ്മിച്ചതെന്ന് കമ്പനി പറയുന്നു.

വാഷിങ് മെഷീനിൽ ഒന്നു കുളിക്കാൻ ബുക്കു ചെയ്തിരിക്കുന്നവരുടെ എണ്ണം കഴിഞ്ഞയാഴ്ച വരെ 40,000 ആണത്രെ. ഒസാക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് സയൻസ് കോ. ഒസാക്കയിലെ ഒരു ഹോട്ടൽ ഹ്യൂമൻ വാഷിങ് മെഷീന് ഓർഡർ നൽകിയിട്ടുണ്ട്. മറ്റിടങ്ങളിൽ നിന്ന് എട്ടെണ്ണത്തിനു കൂടെ ഓർഡർ ലഭിച്ചു കഴിഞ്ഞു എന്നും റിപ്പോർട്ടുകൾ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *