Breaking
7 Mar 2026, Sat

എഐ നിർമാണമേഖലയിൽ: ഇനി പഴയ വീടല്ല; കാത്തിരിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങൾ

മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിർമിത ബുദ്ധി (AI) സ്വാധീനം ചെലുത്തി കഴിഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയുടെ കാര്യവും വ്യത്യസ്തമല്ല. വീടിന്റെ നിർമാണം പൂർത്തിയാകുന്നതിനും മുൻപ് തന്നെ അകവും പുറവും ഫർണിഷിങ്ങുമല്ലാം നേരിട്ടെന്നപോലെ കണ്ടു മനസ്സിലാക്കാൻ ഇന്ന് സാധിക്കും. ഇതിനുപുറമേ മൊത്തത്തിലുള്ള നിർമാണ സമയം 40 മുതൽ 50 ശതമാനം വരെ കുറയ്ക്കാനും കെട്ടിടങ്ങളിലെ പൊതുവിടങ്ങളുടെ പരിപാലന ചെലവ് കുറയ്ക്കാനും എഐ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.

നിർമാണ ഘട്ടങ്ങളിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങളും പ്രശ്നങ്ങളും മുൻകൂട്ടി പ്രവചിക്കാനും വർക്ക് ഫ്ലോ എങ്ങനെ ക്രമീകരിക്കണം എന്ന് ശുപാർശ ചെയ്യാനും എഐയ്ക്ക് സാധിക്കും. ഇതിന്റെ ഫലമായി നിർമാണം കൂടുതൽ കാര്യക്ഷമമായും വേഗതയിലും പൂർത്തിയാകും. വൻകിട പദ്ധതികളിൽ പലതിലും ഉറപ്പുനൽകിയ സമയപരിധിക്കപ്പുറം നിർമാണം പൂർത്തിയാകാൻ വേണ്ടി വരുന്നത് പരാതികൾക്ക് കാരണമാകുന്നത് പതിവാണ്. എന്നാൽ എഐ ഉൾപ്പെടുത്തുന്നത് നിർമാണം കൂടുതൽ എളുപ്പമാക്കുന്നതുകൊണ്ടുതന്നെ കൃത്യസമയത്ത് ഡെലിവറി ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് നിർമാതാക്കളും പറയുന്നു. ഉദ്ദേശിച്ച സമയത്തിൽ താഴെ മാത്രം എടുത്ത് നിർമാണം പൂർത്തിയാക്കിയ സംഭവങ്ങൾ പോലുമുണ്ട്

ഡിസൈനിങ് വേഗത്തിലാക്കുന്നു എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. റസിഡൻഷ്യൽ പദ്ധതികളിലും കമേഴ്‌സ്യൽ പദ്ധതികളിലും എഐ ടൂളുകൾ ഉപയോഗിച്ച് ഡിസൈൻ കൃത്യമായി പ്ലാൻ ചെയ്യാനും അത് നേരിട്ട് എന്നതുപോലെ കാണാനും പൊതുവിടങ്ങൾക്ക് ഏത് മെറ്റീരിയലാണ് അനുയോജ്യം എന്ന് പ്രവചിക്കാനും വരെ സാധിക്കുന്നുണ്ട്.

ADVERTISEMENT

ഓരോ കെട്ടിടത്തിനും അതിരിക്കുന്ന സ്ഥലത്തിന്റെയും വിസ്തീർണത്തിന്റെയും എന്തിന് ഉപയോഗിക്കുന്നു എന്നതിന്റെയും അടിസ്ഥാനത്തിൽ നിരവധി ഫസാഡ് ഓപ്ഷനുകൾ നൽകാൻ എഐയ്ക്ക് സാധിക്കും. ഉദ്ദേശിക്കുന്ന ചെലവിന് അനുസൃതമായി തന്നെ ഡിസൈൻ ചെയ്യാൻ സാധിക്കുന്നു എന്നത് എടുത്തു പറയേണ്ട സവിശേഷതയാണ്.

Representative Image generated using AI Assist

കെട്ടിടങ്ങളുടെ എക്സ്റ്റീരിയർ അത് നിലനിൽക്കുന്ന പ്രദേശത്തെ പരിസ്ഥിതി ഘടകങ്ങളുമായി ചേർന്നു പോകുന്നുണ്ടോ എന്നുവരെ എഐയുടെ സഹായത്തോടെ മനസ്സിലാക്കാൻ സാധിക്കും. ഹീറ്റ് റെസിസ്റ്റന്റ്, വിൻഡ് റെസിസ്റ്റന്റ് എന്നീ പ്രത്യേകതകളുള്ള സ്മാർട്ട് എക്സ്റ്റീരിയറുകൾ ഒരുക്കാൻ സഹായിക്കുന്നതിന് പുറമേ ലാൻഡ്സ്കേപ്പിങ്, ഗ്രീൻ സ്പേസുകൾ എന്നിവ ഏറ്റവും കൃത്യമായ രീതിയിൽ ഉൾക്കൊള്ളിക്കാനാവുന്ന വിധവും എ ഐ പറഞ്ഞു തരും. നിർമാണ ശേഷവും ഘടനാപരമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് വേഗത്തിൽ തിരിച്ചറിയാനും ഊർജ്ജക്ഷമത അളക്കാനുമൊക്കെ എഐയുടെ സഹായം ലഭിക്കുന്നതിലൂടെ മെയിന്റനൻസിനുള്ള അധിക ചെലവുകളും ഒഴിവായി കിട്ടും.

ഇന്റീരിയറിന്റെ കാര്യത്തിലേക്ക് വന്നാൽ മുറികൾക്കുള്ളിൽ നവീകരണങ്ങൾ ആവശ്യമാണെങ്കിൽ ഒറ്റ ക്ലിക്കിൽ തന്നെ ഉദ്ദേശിക്കുന്ന ഘടകങ്ങൾ എവിടെയൊക്കെ എങ്ങനെയൊക്കെ ഉൾപ്പെടുത്തണമെന്ന് കൃത്യമായി ഗൈഡ് ചെയ്യുന്ന എഐ ടൂളുകൾ സാധാരണക്കാർക്ക് പോലും ഇന്ന് പരിചിതമാണ്. ഇന്റീരിയർ പ്ലാൻ ചെയ്യുന്നത് മുതൽ നിർമാണം പൂർത്തിയാക്കുന്നത് വരെയുള്ള ഘട്ടങ്ങളിൽ പലപ്പോഴും അടിക്കടി മാറ്റങ്ങൾ ഉണ്ടാവുന്നത് പതിവാണ്. എന്നാൽ ഇൻ്റീരിയർ ഡിസൈനിങ്ങിൽ എ ഐയെ ഉൾപ്പെടുത്തുന്നതോടെ 80 ശതമാനം വരെ കൃത്യതയോടെ മുൻകൂട്ടി പ്ലാൻ ചെയ്യാൻ സാധിക്കുമെന്നതിനാൽ നിർമാണ ചെലവും നിർമാണ സമയവും കുറയ്ക്കാൻ സാധിക്കും.

ADVERTISEMENT

മൾട്ടി ഫംഗ്ഷണൽ ഫർണിച്ചറുകൾ, കോമ്പാക്ട് സ്റ്റോറേജ് സൊല്യൂഷനുകൾ എന്നിവ ലേഔട്ടിനും ഡിസൈനിങ്ങിനും ഏറ്റവും അനുയോജ്യമായി തിരഞ്ഞെടുക്കാൻ എ ഐ സഹായിക്കുന്നുണ്ട്. ദീർഘകാലം ഈടു നിൽക്കുന്ന, അധിക പരിപാലനം ആവശ്യമില്ലാത്ത, എന്നാൽ ബജറ്റ് ഫ്രണ്ട്‌ലിയായ മെറ്റീരിയലുകളുടെ നിരവധി ഓപ്ഷൻ നമുക്ക് മുന്നിലേക്ക് എത്തുന്നു. തീരുമാനങ്ങളും ഡിസൈനിങ്ങും കൃത്യമായി നടക്കുന്നതിനാൽ മെറ്റീരിയൽ പാഴാകുന്നില്ല എന്നും ഉറപ്പുവരുത്താനാകും.

ചുരുക്കി പറഞ്ഞാൽ കെട്ടിടങ്ങൾ വെറും നിർമിതികൾ എന്നതിനപ്പുറം സ്മാർട്ട് സിസ്റ്റം എന്ന പേരിൽ വിശേഷിപ്പിക്കാവുന്ന തരത്തിൽ മാറ്റിയെടുക്കാൻ എഐക്ക് സാധിക്കുന്നുണ്ട്. ഊർജക്ഷമത, കൃത്യത, സമയലാഭം എന്നിവയിലൂടെ നിർമാണ ചെലവും പരിപാലന ചിലവും ഗണ്യമായി കുറയ്ക്കാൻ എ ഐയുടെ ഉപയോഗത്തിലൂടെ സാധിക്കും എന്നതിൽ തർക്കമില്ല. നിർമാതാക്കളെ സംബന്ധിച്ചിടത്തോളം എഐയുടെ ഉപയോഗം ലാഭകരമാണെങ്കിലും ഓട്ടോമേഷൻ വർധിക്കുന്നത് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തും എന്നത് ആശങ്കകൾക്കും വഴിവയ്ക്കുന്നുണ്ട്.

പദ്ധതികളുടെ കാര്യം എടുത്താൽ എഐ ടൂളുകൾ ഉപയോഗിച്ച് ഫിനാൻഷ്യൽ ഡാറ്റ, പേഴ്സണൽ ഡാറ്റ എന്നിവ ശേഖരിക്കുന്നത് ഒരു പരിധിവരെയെങ്കിലും സുരക്ഷാ ഭീഷണിയും ഉയർത്തുന്നുണ്ട്. സർക്കാർ നിയന്ത്രണങ്ങൾ, ലോകത്തിൽ ഉണ്ടാകുന്ന പുതിയ സംഭവവികാസങ്ങൾ എന്നിവയുടെ മാറ്റങ്ങൾ വളരെ വേഗത്തിൽ പ്രതിഫലിക്കുന്ന മേഖലയാണ് റിയൽ എസ്റ്റേറ്റ്. മുൻ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള എ ഐ മോഡലുകൾക്ക് ഉത്തരം മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കാതെ വന്നാൽ ഇത് വിപണിയിലെ സാഹചര്യങ്ങൾ കൃത്യമായി പ്രവചിക്കുന്നതിന് തടസ്സമാവുകയും ചെയ്യും

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *