Breaking
23 Mar 2026, Mon

എഐയും ട്രംപും നയിക്കുന്ന അനിശ്ചിതത്വത്തിന്റെ കാലം; ഭാവി പ്രവചനാതീതം, ‘ടെക്സ്പെക്റ്റേഷൻസ് 2026’ന് തുടക്കമായി

നൂതന ആശയങ്ങളും പുത്തൻ കണ്ടുപിടിത്തങ്ങളുമായി അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് ഡിജിറ്റൽ ലോകം. ഈ ഡിജിറ്റൽ ലോകത്തെ പുത്തൻ സാധ്യതകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിപ്ലവകരമായ മാറ്റങ്ങളും ചർച്ചയാകുന്ന ഏറ്റവും വലിയ ഡിജിറ്റല്‍ സംഗമത്തിന് കൊച്ചിയിൽ തുടക്കമായി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചയിലൂടെയും, മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയും, എഐയും ഡോണൾഡ് ട്രംപും നയിക്കുന്ന അനിശ്ചിതത്വം നിറഞ്ഞ ലോകത്തിലൂടെയുമാണ് ഈ കാലത്തെ അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് സ്വാഗത പ്രസംഗത്തില്‍ മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു. അത്തരമൊരു കാലത്തിൽ ‘ഇന്ന്’ എന്നതിനപ്പുറത്തേക്ക് ഭാവി എന്താകുമെന്നു പ്രവചിക്കുക പോലും വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പണ്ട്, പതിറ്റാണ്ടുകളെ മുൻനിർത്തി ആസൂത്രണം ചെയ്തിരുന്ന ഭാവി, ഇന്ന് മാസങ്ങൾക്കുള്ളിൽ മാറിമറിയുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, മാനുഷിക മൂല്യങ്ങളിലൂന്നിയ പത്രപ്രവർത്തനമാണ് മനോരമ ഓൺലൈൻ കാഴ്ചവയ്ക്കുന്നത്. കോവിഡ് മഹാമാരി മുതൽ എഐ വിപ്ലവം വരെയുള്ള മാറ്റങ്ങളെ തകർച്ചകളായല്ല, മറിച്ച് സ്വയം പുതുക്കലിനും വളർച്ചയ്ക്കുമുള്ള അവസരങ്ങളായാണ് മനോരമ ഓൺലൈൻ കാണുന്നത്. സമൂഹത്തിന്റെ ‘ആർക്കിടെക്ചർ’ ആയി ടെക്നോളജി മാറുന്ന കാലമാണ്. എല്ലാ മേഖലയിലും സാങ്കേതികത ഇടപെടുന്നു. ‘എഐ ഫസ്റ്റ്’ ടെക്നോളജി എങ്ങനെ ലോകത്തെ മാറ്റിമറക്കുമെന്നതാണ് ടെക്സ്പെക്റ്റേഷൻസ് അന്വേഷിക്കുന്നതെന്നും മറിയം മാമ്മൻ മാത്യു പറഞ്ഞു.

മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ഡിജിറ്റൽ ഉച്ചകോടി ‘ടെക്സ്പെക്റ്റേഷൻസ് 2026’ വേദിയിൽ ആശംസ പ്രസംഗം നടത്തുന്ന ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ്

വരും കാലത്ത് എഐ തീരുമാനങ്ങൾ എടുക്കുന്ന സ്ഥിതിയിലേക്കു വരും. എല്ലാം റോബർട്ടുകളെ പോലെ പ്രവർത്തിക്കും. പ്രതീക്ഷകൾക്ക് അപ്പുറമുള്ള ലോകമാണ് വരാനുള്ളത്. ടെക്നോളജിയെന്നത് എല്ലാ കാര്യങ്ങളിലേക്കും അദൃശ്യസാന്നിധ്യമാകുമെന്നും ആശംസ പ്രസംഗത്തിൽ ടോം ജോസഫ് പറഞ്ഞു.

മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ഡിജിറ്റൽ ഉച്ചകോടി ‘ടെക്സ്പെക്റ്റേഷൻസ് 2026’ ഹോട്ടൽ ക്രൗൺ പ്ലാസയിലാണ്. സാങ്കേതികവിദ്യ, വാണിജ്യം, ആരോഗ്യം, മാധ്യമം, വിനോദം എന്നീ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്ന സംഗമം ‘ക്രിസ്റ്റൽ ബോളിങ് 2030’ എന്ന പ്രമേയത്തിൽ ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ്

ADVERTISEMENT

2030-ലേക്ക് ഒരു ജാലകം

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തെയും ബിസിനസിനെയും എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ കൃത്യമായ രൂപരേഖ തയ്യാറാക്കുകയാണ് ടെക്സ്പെക്റ്റേഷൻസ് എന്ന ഈ സംഗമത്തിന്റെ ലക്ഷ്യം. 2016-ൽ ആരംഭിച്ച ടെക്സ്പെക്റ്റേഷൻസ്, പത്താം വർഷത്തിലെത്തുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഉച്ചകോടികളിൽ ഒന്നായി വളർന്നു കഴിഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വമ്പന്‍ മാറ്റങ്ങള്‍, വാര്‍ത്തകളുടെ ലോകത്തെ എഐ പ്രതീക്ഷകള്‍, ആരോഗ്യ മേഖലയിലെ നവ സാധ്യതകൾ, ഡാറ്റ അനലറ്റിക്‌സിന്റെ വിസ്മയലോകം, സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍കിട ബ്രാന്‍ഡുകള്‍ക്കും വേദിയൊരുക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും സംരംഭക വിപ്ലവങ്ങള്‍ തുടങ്ങിവയെല്ലാം ഇത്തവണ ചര്‍ച്ചകളിൽ ഇടം പിടിക്കും.

പ്രധാന സെഷനുകളും അതിഥികളും

ADVERTISEMENT

സാങ്കേതികവിദ്യ, വാണിജ്യം, ആരോഗ്യം, മാധ്യമം, വിനോദം എന്നീ മേഖലകളിലെ ആഗോള തലത്തിലുള്ള വിദഗ്ധരാണ് ഇന്ന് വേദിയിലെത്തുന്നത്. ആമസോൺ വെബ് സർവീസസ് ഇന്ത്യ-സൗത്ത് ഏഷ്യ പ്രസിഡന്റ് സന്ദീപ് ദത്ത, അഡോബി വൈസ് പ്രസിഡന്റ് മൻമീത് ധോഡി, ടെക് മഹീന്ദ്ര നെക്സ്റ്റ് ജെൻ സർവീസസ് പ്രസിഡന്റ് കുനാൽ പുരോഹിത്, പ്രമുഖ മാധ്യമപ്രവർത്തകയും ബീറ്റ്‌റൂട്ട് ന്യൂസ് സ്ഥാപകയുമായ ഫയ ഡിസൂസ. ടാലി സൊല്യൂഷൻസ് എംഡി തേ‍ജസ് ഗോയങ്ക, ഒമ്നികോം അഡ്വർടൈസിങ് ഇന്ത്യ എംഡി ആദിത്യ കാന്തി. ചലച്ചിത്ര താരങ്ങളായ ജയസൂര്യ, രമേഷ് പിഷാരടി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. സെഷനുകളെപ്പറ്റി അറിയാം

ബ്രേക്ക് എവേ സെഷനുകൾ

ഇത്തവണത്തെ പ്രധാന പ്രത്യേകത തിരഞ്ഞെടുത്ത 30 പേർക്ക് വീതം പങ്കെടുക്കാവുന്ന പ്രത്യേക ബ്രേക്ക് എവേ സെഷനുകളാണ്. വ്യവസായ–സാങ്കേതിക ലോകത്തെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും സംശയങ്ങൾ തീർക്കാനും ഈ സെഷനുകൾ അവസരമൊരുക്കും.

പ്രമുഖ കമ്പനികളുടെ മേധാവികൾ, വൈസ് പ്രസിഡന്റുമാർ, സീനിയര്‍ മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, ബോര്‍ഡ് അംഗങ്ങള്‍, ഐടി എന്‍ജിനീയര്‍മാര്‍, ഡവലപ്പര്‍മാര്‍, സംരംഭകര്‍, ബിസിനസ് പങ്കാളികള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രഫഷനലുകള്‍, പ്രഫസര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് കണ്‍സല്‍റ്റന്റുമാര്‍, എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവര്‍ ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ ഭാഗമാകും. റജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് പ്രവേശനം. ടെക്സ്പെക്‌റ്റേഷൻസ് 2026നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *