കണ്ണൂർ ∙ സാങ്കേതികവിദ്യയും ജനാധിപത്യവും സമന്വയിപ്പിക്കൽ എന്ന പ്രബന്ധ അവതരണത്തോടൊപ്പം അത്യാധുനിക സ്മാർട്ട് വോട്ടിങ് മെഷീൻ ഒരുക്കിയ കല്ല്യാശേരി കെപിആർ ഗോപാലൻ സ്മാരക ജിഎച്ച്എസ്എസിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി പി.വി.ശിവനന്ദിന് അഭിനന്ദന പ്രവാഹം. ദിശാ എക്സ്പോ രാജ്യാന്തര കരിയർ കോൺക്ലേവ് വേദിയിലായിരുന്നു അവതരണം. ഇൻസ്പയർ അവാർഡ് ലഭിച്ച തുകയാണ് വോട്ടിങ് മെഷീന്റെ പൂർത്തീകരണത്തിനായി ചെലവഴിച്ചത്.
ഫിംഗർപ്രിന്റ്, ആധാർ, പിൻ, റേഷൻ കാർഡ് വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ശിവാനന്ദ് അവതരിപ്പിച്ചത്. സ്മാർട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ കൂടാതെ, അലാമടിക്കുന്ന സ്മാർട്ട് കണ്ണട, ലഹരി വസ്തുക്കൾ കണ്ടെത്തുന്ന സ്കാനർ മെഷീൻ മെസേജിംഗ് സംവിധാനമുള്ള ഓട്ടമാറ്റിക് സ്കൂൾ അറ്റൻഡൻസ് സിസ്റ്റം , സ്കൂൾ ബസ് ട്രാക്കിങ് സിസ്റ്റം, ഓട്ടമേറ്റഡ് കാർ പാർക്കിങ് സിസ്റ്റം, സീബ്രാലൈൻ ക്രോസിംഗ് എലിവേറ്റർ, തുടങ്ങിയവയും ശിവനന്ദിന്റെ കണ്ടെത്തലുകളാണ്.
കണ്ണൂർ കല്യാശ്ശേരി ശിവാരാധന വീട്ടിൽ വി.പി.വിനോദ് കുമാർ, കണ്ണൂർ നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക പ്രസീത വിനോദ് ദമ്പതികളുടെ മകനാണ് ശിവനന്ദ്. സഹോദരി ശിവാനി എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

