Breaking
21 Feb 2026, Sat

ഹൃദ്രോഗ ചികിത്സയിൽ ഇമേജിങ്ങിന് നിർണായക സ്വാധീനമെന്ന് വിദഗ്ധർ

തിരുവനന്തപുരം∙ ഹൃദയ ചികിത്സയെ സഹായിക്കുന്ന സാങ്കേതിക ഉപകരണമെന്ന നിലയിൽ നിന്ന് ചികിത്സയുടെ ദിശ നിശ്ചയിക്കുന്ന പ്രധാന ഘടകമായി ഇമേജിങ്ങ് സാങ്കേതികവിദ്യ മാറിക്കഴിഞ്ഞെന്ന് ഇന്ത്യൻ അക്കാദമി ഓഫ് ഇക്കോകാർഡിയോഗ്രാഫി (ഐഎഇ) പ്രസിഡന്റ് ഡോ. സുനിത വിശ്വനാഥൻ. ഐഎഇ കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുനിത വിശ്വനാഥൻ.

ശനിയാഴ്ച തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധർ പങ്കെടുത്തു. ‘ഇക്കോകാർഡിയോഗ്രാഫിയിലും മൾട്ടിമോഡാലിറ്റി ഇമേജിങ്ങിലും വലിയ പുരോഗതി ഉണ്ടായി. ഹൃദയത്തെ സൂക്ഷമമായി ചിത്രീകരിച്ചും, പ്രവർത്തനം കൃത്യമായി അളന്നും, രോഗാവസ്ഥ മുൻകൂട്ടി നിർണയിച്ച്, 3ഡി ഇക്കോ, സിടി എന്നിവ എഐ വഴിയുള്ള വിശകലനം ചെയ്ത് കൃത്യതയേറിയ ചികിത്സ നടപ്പിലാക്കുന്ന യുഗമാണിത്’, ഡോ. സുനിത വിശ്വനാഥൻ പറഞ്ഞു.

ഐഎഇ ദേശീയ പ്രസിഡന്റ് ഡോ. ശന്തനു സെൻഗുപ്ത മുഖ്യപ്രഭാഷണം നടത്തി. ഹൃദയം സാധാരണ പോലെ പമ്പ് ചെയ്താലും ശരിയായി പ്രവർത്തിക്കാത്ത ‘ഹാർട്ട് ഫെയില്യർ വിത്ത് പ്രിസർവ്ഡ് ഇജക്ഷൻ ഫ്രാക്ഷൻ’ എന്ന അവസ്ഥ അദ്ദേഹം വിശദീകരിച്ചു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊഴുപ്പ്, അസന്തുലിതാവസ്ഥ, അമിതഭാരം എന്നിവ കാരണം ഈ രോഗം വർധിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഹൃദയ ഇമേജിങ്ങ് ഇപ്പോൾ ചികിത്സയ്ക്ക് ദിശ കാട്ടുന്ന ‘തെറാപ്പ്യൂട്ടിക് കോംപസ്’ ആണെന്ന് ഓർഗനൈസിങ്ങ് ചെയർമാൻ ഡോ. എ.ജോർജ് കോശി പറഞ്ഞു. ചികിത്സയുടെ സമയം, രീതി, സുരക്ഷ എന്നിവ ഇന്ന് നിർണയിക്കുന്നത് ഇമേജിങ്ങാണ്.

കൃത്രിമ ബുദ്ധിയും ഓട്ടോമേഷൻ സംവിധാനങ്ങളും പരിശോധനയുടെ കൃത്യതയും വിശ്വാസ്യതയും ഉയർത്തിയതായി ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. അരുൺ ഗോപാലകൃഷ്ണൻ പറഞ്ഞു. സ്ട്രെയിൻ ഇമേജിങ്, ഇൻട്രാകാർഡിയാക് ഇക്കോ, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പോയിന്റ്-ഓഫ്-കെയർ അൾട്രാസൗണ്ട് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ വ്യാപകമായി. സങ്കീർണ ഇടപെടലുകൾ കൂടുതൽ സുരക്ഷിതമായി നടത്താൻ ഇത് സഹായിക്കുന്നുണ്ടെന്ന് ഡോ. അരുൺ ഗോപാലകൃഷ്ണൻ പറഞ്ഞു.

ADVERTISEMENT

ഐഎഇ ദേശീയ പ്രസിഡന്റ് ഡോ. ശന്തനു സെൻഗുപ്ത, ഓർഗനൈസിങ്ങ് ചെയർമാൻ ഡോ. എ.ജോർജ് കോശി, ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. അരുൺ ഗോപാലകൃഷ്ണൻ, ഐഎഇ വൈസ് പ്രസിഡന്റും സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ. സുൾഫിക്കർ അഹമ്മദ്, ഡോ. ബിനോ ബെഞ്ചമിൻ, ഡോ. അനിൽ ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഒന്നാം ദിനം ട്രാൻസോഈസോഫേജിയൽ ഇക്കോ, ടിഇഇആർ മാർഗനിർദേശം, ടാവർ, വാൽവ് ഇടപെടലുകൾ എന്നിവയിൽ സിമുലേറ്റർ പരിശീലനം നടന്നു. റൂമാറ്റിക് ഹൃദ്രോഗം, ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ, കൃത്രിമ വാൽവ് പ്രശ്നങ്ങൾ, കാൻസർ ചികിത്സയിലുള്ള ഇമേജിങ്ങ് തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. ‘ബെസ്റ്റ് കേസ് അവാർഡ്’ സെഷനുകളോടെയാണ് രണ്ടാം ദിവസം ആരംഭിച്ചത്. പോയിന്റ്-ഓഫ്-കെയർ അൾട്രാസൗണ്ടിന്റെ വിപുലമായ പ്രയോഗങ്ങളെപ്പറ്റി പ്രത്യേക പ്രഭാഷണവും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *