Breaking
8 May 2026, Fri

റഷ്യ സന്ദർശിച്ച് ഇന്ത്യൻ പ്രതിരോധക്കമ്പനികളുടെ ഉന്നതർ; ഒപ്പം അദാനി കമ്പനിയുടെ പ്രതിനിധിയും, അണിയറയിൽ വമ്പൻ നീക്കം?

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി അഞ്ചിലേറെ ഇന്ത്യൻ പ്രതിരോധക്കമ്പനികളുടെ പ്രതിനിധികൾ റഷ്യ സന്ദർശിച്ചിരുന്നെന്ന് റിപ്പോർട്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച 2022നുശേഷം ഇതാദ്യമായാണ് ഇന്ത്യൻ പ്രതിരോധ കമ്പനികളുടെ പ്രതിനിധിസംഘം റഷ്യയിലെത്തിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സന്ദർശനമെങ്കിലും ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത് ഇപ്പോഴാണ്.

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഡിഫൻസ്, ഭാരത് ഫോർജ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളാണ് റഷ്യയിലെത്തിയതെന്ന് ചില ഇംഗ്ലിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്പനികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. റഷ്യയുമായി പതിറ്റാണ്ടുകളായുള്ള പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കുകയെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് സന്ദർശനമെന്നും സൂചനകളുണ്ട്.

മെയ്ക്ക് ഇൻ ഇന്ത്യ ക്യാംപെയ്ന്റെ ഭാഗമായി ഇന്ത്യയും റഷ്യയും സംയുക്തമായി, ഇന്ത്യയിൽ ആയുധ നിർമാണ കേന്ദ്രങ്ങൾ തുടങ്ങിയേക്കും. മിഗ്-21 വിമാനങ്ങളുടെ ഉൾപ്പെടെ നിർമാണഘടകങ്ങളും ഇന്ത്യയിൽ നിർമിക്കും. ഇന്ത്യയിൽ നിർമാണശാല സ്ഥാപിച്ച് ആയുധഘടകങ്ങൾ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് റഷ്യയും പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയുടെ ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറി സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിരോധ കമ്പനികളുടെ സംഘം റഷ്യ സന്ദർശിച്ചത്. ഇതിന്റെ തുടർച്ചയായാണ്, പുട്ടിൻ ഇന്ത്യയിലെത്തിയതെന്നും റിപ്പോർട്ടുകളിലുണ്ട്.

അതേസമയം, ഇന്ത്യയും റഷ്യയും പ്രതിരോധ രംഗത്ത് കൂടുതൽ അടുക്കുന്നതിനെ അമേരിക്ക ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ശക്തികൾ കരുതലോടെയാകും കാണുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയ്ക്ക് അത്യാധുനിക ഡിഫൻസ് സാങ്കേതികവിദ്യകൾ നൽകാൻ അമേരിക്കയും മറ്റും മടിക്കുന്നതിനു പിന്നിൽ റഷ്യയുമായുള്ള ഇന്ത്യയുടെ അടുപ്പമാണ്. റഷ്യയിൽ നിന്നാണ് നിലവിൽ ഇന്ത്യയുടെ മൊത്തം ആയുധ ഇറക്കുമതിയിൽ 36 ശതമാനം എത്തുന്നതും.

പുട്ടിനുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാരത്തിന് പുറമേ പ്രതിരോധ, ഊർജ മേഖലകളിലെ സഹകരണം ഉയർത്തുന്നതിനും ഊന്നൽ നൽകിയിരുന്നു. നിലവിൽ റഷ്യയുമായി ഇന്ത്യയ്ക്ക് ഏതാണ്ട് 65 ബില്യൻ ഡോളറിന്റെ വ്യാപാരക്കമ്മിയുണ്ട്. ഇത് കുത്തനെ കുറയ്ക്കാനുള്ള സാധ്യതകളും ഇന്ത്യ തേടിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറിയ എസ്-400 മിസൈൽ സംവിധാനം റഷ്യയിൽ നിന്ന് കൂടുതലായി വാങ്ങുന്നതും ഇന്ത്യ പരിഗണിക്കുകയാണ്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html

By admin

Leave a Reply

Your email address will not be published. Required fields are marked *