ദുബായ് ∙ റമസാന്റെ പുണ്യസ്മരണകൾ ഉണർത്തി ദുബായ് പൊലീസിന്റെ മൊബൈൽ ഇഫ്താർ പീരങ്കി (അൽ റഹാൽ) നഗരവീഥികളിലൂടെയുള്ള യാത്ര തുടങ്ങി. ആദ്യദിനമായ ഇന്നലെ സബീൽ പാർക്കിലായിരുന്നു മൊബൈൽ പീരങ്കി എത്തിയത്. ഇന്നും അവിടെത്തന്നെയുണ്ടാകും. ഹത്ത മേഖലയിൽ ഹത്ത ഫോർട്ട് റൗണ്ട് എബൗട്ടിൽ നിന്നാണ് മൊബൈൽ പീരങ്കിയുടെ സന്ദർശനം ആരംഭിച്ചത്.
What you should read next
‘ചോറുള്ള പള്ളി’: ദുബായിൽ വിശപ്പിന്റെ വിളിപ്പുറത്ത് മലയാളി യുവാക്കൾ; പ്രവാസ ലോകത്തെ ‘ബിരിയാണി റൂട്ട് ‘ വൈറൽ
യുഎഇയുടെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന പീരങ്കി മുഴങ്ങുന്നത് കാണാൻ സ്വദേശികളും വിദേശികളുമടക്കം ഒട്ടേറെ പേരാണ് വിവിധ കേന്ദ്രങ്ങളിൽ ഒത്തുചൂടുന്നത്. വരും ദിവസങ്ങളിൽ ഉമ്മു സുഖീം മജ്ലിസ് (ഫെബ്രുവരി 20, 21), ജെബിആർ, ബാബ് അൽ ഷംസ് ഹോട്ടൽ, അൽ മെയ്ദാൻ ഹോട്ടൽ, ഗ്ലോബൽ വില്ലേജ്, അറ്റ്ലാന്റിസ് ഹോട്ടൽ, നാദ് അൽ ഷെബ മജ്ലിസ് എന്നിവിടങ്ങളിൽ മൊബൈൽ പീരങ്കി എത്തും. തുടർന്ന് മർഗാം, ബുർജ് ഖലീഫ, ലെഹ്ബാബ്, അൽ ഖവാനീജ് മജ്ലിസ്, മാർസ ബുളിവാർഡ്, അൽ വർഖ, വിദ ക്രീക്ക് ഹാർബർ, അൽ ബർഷ പാർക്ക് എന്നിങ്ങനെ 17 കേന്ദ്രങ്ങളിലൂടെ പ്രയാണം തുടരും.
മൊബൈൽ പീരങ്കിക്ക് പുറമെ, റമസാനിലുടനീളം ആറ് പ്രധാന കേന്ദ്രങ്ങളിൽ സ്ഥിരമായി ഇഫ്താർ പീരങ്കികൾ സജ്ജീകരിച്ചിട്ടുണ്ട്. ജെബിആർ, ബുർജ് ഖലീഫ, ദാമക് ഹിൽസ്, എക്സ്പോ സിറ്റി ദുബായ് (അൽ വസൽ പ്ലാസ), ദുബായ് ഫെസ്റ്റിവൽ സിറ്റി, വിദ ക്രീക്ക് ഹാർബർ ഹോട്ടൽ എന്നിവിടങ്ങളിലാണ് നോമ്പുതുറ സമയം അറിയിച്ചുകൊണ്ടുള്ള പീരങ്കി മുഴങ്ങുക. അറബ്-ഇസ്ലാമിക പാരമ്പര്യം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ദുബായ് പൊലീസ് വർഷങ്ങളായി പീരങ്കി മുഴക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത്.

