ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്ന മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആരോപണത്തിന് മറുപടി നല്‍കി യൂറോപ്യന്‍ കമ്മീഷന്‍. ഏതെങ്കിലും ഒരു നിയമപരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ലെന്നും പ്ലാറ്റ്‌ഫോമുകളോട് നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും കമ്മീഷന്‍ പറയുന്നു.
സെന്‍സര്‍ഷിപ്പിന് നിയമസാധുത നല്‍കുന്നതിനും പുതിയതായി എന്തെങ്കിലും അവിടെ നിര്‍മിക്കുന്നത് പ്രയാസത്തിലാക്കുന്ന നിയമങ്ങളുടെ എണ്ണം യൂറോപ്പില്‍ വര്‍ധിക്കുകയാണെന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ വാക്കുകള്‍.
എന്നാല്‍ ഏതെങ്കിലും ഒരു നിയമപരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ യൂറോപ്പിലെ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളെ നിര്‍ബന്ധിക്കുന്നില്ലെന്നും കുട്ടികള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും ദോഷകരമായേക്കാവുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ മാത്രമാണ് ആവശ്യപ്പെടാറുള്ളത്. സെന്‍സര്‍ഷിപ്പ് ആരോപണത്തെ പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.
യുഎസില്‍ മെറ്റയുടെ കീഴിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വസ്തുതാ പരിശോധന നിര്‍ത്തലാക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. പകരം നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളോട് ചേര്‍ന്ന് ആഗോള തലത്തില്‍ സോഷ്യല്‍ മീഡിയാ സെന്‍സര്‍ഷിപ്പ് ഒഴിവാക്കുന്നതിനായി പ്രവര്‍ത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
തങ്ങളുടെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളുടെ വസ്തുതാ പരിശോധന നടത്തുന്നതിന് പുറത്തുനിന്നുള്ള സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നത് നിര്‍ത്തലാക്കി, ഇലോണ്‍ മസ്‌കിന്റെ എക്‌സിലേതിന് സമാനമായ കമ്മ്യൂണിറ്റി നോട്ട്‌സ് സംവിധാനം അവതരിപ്പിക്കാനാണ് മെറ്റയുടെ പദ്ധതി. ഉള്ളടക്കങ്ങള്‍ വിലയിരുത്താനും അവയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും മറ്റുള്ളവരെ അറിയിക്കാനും ഉപഭോക്താക്കളെ തന്നെ ഏല്‍പ്പിക്കുന്ന രീതിയാണിത്. പുറത്തുനിന്നുള്ള സ്ഥാപനങ്ങളിലെ വസ്തുതാ പരിശോധകര്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും പക്ഷപാതിത്വം കാണിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മെറ്റയുടെ ഈ തീരുമാനം.
അതേസമയം, ഈ രീതി യൂറോപ്പില്‍ നടപ്പിലാക്കണമെങ്കില്‍ മെറ്റ ആദ്യം അതിന്റെ വെല്ലുവിളികള്‍ പഠിക്കണമെന്നും ആ റിപ്പോര്‍ട്ട് യൂറോപ്യന്‍ യൂണിയന് നല്‍കണമെന്നും കമ്മീഷന്‍ പറയുന്നു. ഉള്ളക്കങ്ങള്‍ പരിശോധിക്കുന്നതിന് ഏതെങ്കിലും രീതി അവലംബിക്കണമെന്ന് യൂറോപ്പ് നിര്‍ദേശിക്കുന്നില്ലെന്നും കമ്മ്യൂണിറ്റി നോട്ട്‌സ് ഒരു സാധ്യതയാണെന്നും എന്നാല്‍ അത് ഫലപ്രദമാകുന്നുണ്ടോ എന്ന് മാത്രമാണ് തങ്ങള്‍ നോക്കുന്നതെന്നും കമ്മീഷന്‍ വക്താവ് പറഞ്ഞു.
Content retrieved from: https://www.mathrubhumi.com/technology/news/eu-rejects-zuckerbergs-social-media-censorship-claims-1.10237625.