Breaking
29 Apr 2025, Tue

വിസർജ്യം നിറച്ച ബലൂണുകൾ, വിമാനങ്ങളുടെ ജിപിഎസ് ഹാക്കിങ്; ജയിക്കാൻ എന്തും ചെയ്യും കിം ജോങ് ഉന്‍

ഉത്തര കൊറിയ ജിപിഎസ് സിഗ്‌നലുകളിൽ കൃത്രിമത്വം കാട്ടുന്നതുകാരണം തങ്ങളുടെ വിമാന– സമുദ്ര ഗവേഷണം സ്തംഭിക്കുന്നതായി ദക്ഷിണ കൊറിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ലോകം കേട്ടത്. യുദ്ധരംഗത്ത്  മനശാസ്ത്ര, ഇലക്ട്രോണിക് വഴികൾ ഉത്തര കൊറിയ തേടുന്നതിന്റെ ഉദാഹരണമായാണ് ഇതു വ്യാഖ്യാനിക്കപ്പെടുന്നത്.

ജിപിഎസിൽ കൃത്രിമത്വം കാട്ടാനുള്ള ഉത്തര കൊറിയയുടെ ശ്രമങ്ങൾ അതിർത്തി പ്രദേശങ്ങളിലെ ഉത്തരകൊറിയൻ നഗരങ്ങളായ കെസോങ്ങിൽനിന്നും ഹെയ്ജുവിൽനിന്നും തങ്ങൾ കണ്ടെത്തിയെന്നും ദക്ഷിണ കൊറിയ അറിയിച്ചു.

നിരവധി വിമാനങ്ങൾക്കും സമുദ്രയാനങ്ങൾക്കും ഇതുമൂലം മുടക്കം സംഭവിച്ചെന്നും ദക്ഷിണകൊറിയ അറിയിച്ചു. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഇഞ്ചിയോൺ വിമാനത്താവളം ഉത്തര കൊറിയയുടെ സമീപ മേഖലയിലാണെന്നുള്ളതും ദക്ഷിണ കൊറിയയെ ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്.,പ്രക്ഷുബ്ധമായ ഉത്തര–ദക്ഷിണ കൊറിയൻ ബന്ധത്തിൽ  നല്ല ഒരു പ്രകോപനം കിം ജോങ് ഇടയ്ക്ക് സൃഷ്ടിച്ചിരുന്നു.

വിസർജ്യവുമായി പറന്നെത്തുന്ന ബലൂണുകൾ

അനേകം ബലൂണുകളിലായി വിസർജ്യവും മാലിന്യങ്ങളും ദക്ഷിണ കൊറിയയിലേക്ക് പറത്തിവിട്ടു. ഇതിൽ പലതും അവിടെ പൊട്ടിവീണു. പരമ്പരാഗത യുദ്ധ, ഭീഷണി രീതിയിൽ നിന്നു മാറിയുള്ള ഒരു രീതിയായിരുന്നു ഇത്.ദക്ഷിണ കൊറിയയിൽ നിന്നുള്ള സാമൂഹിക സംഘടനകളും മറ്റും കിം ജോങ്ങിനെ വിമർശിച്ച ലഘുലേഖകളുമായി ബലൂണുകൾ ഉത്തര കൊറിയയിലേക്ക് വിടാറുണ്ട്. ഇതിന്റെ പ്രതികാരമായിരുന്നു അന്നത്തെ ഉത്തര കൊറിയയുടെ നീക്കം. അന്നത്തെ ബലൂൺ യുദ്ധത്തിൽ ഇഞ്ചിയോൺ വിമാനത്താവളം അടച്ചിടേണ്ടി വന്നു.

1945ലാണ് കൊറിയൻ കരയെ യുഎസിന്റെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തിൽ ദക്ഷിണ, ഉത്തര കൊറിയകളായി വിഭജിച്ചത്. ഇതെത്തുടർന്ന് കൊറിയൻ പ്രതിസന്ധി ഉടലെടുക്കുകയും ഇതു 1950 മുതൽ 53 വരെ നീണ്ടു നിന്ന പ്രശസ്തമായ കൊറിയൻ യുദ്ധത്തിലേക്കു നയിക്കുകയും ചെയ്തു. ലക്ഷക്കണക്കിനു പേരാണ് അന്ന് ഇരുകൊറിയകളിലുമായി കൊല്ലപ്പെട്ടത്. പിന്നീടും ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ടെങ്കിലും യുദ്ധങ്ങളിലേക്കു നയിച്ചില്ല.

ആണവ ആയുധങ്ങൾ ഉത്തര കൊറിയയ്ക്കുള്ളത് ചെറിയ മേൽക്കൈ അവർക്കു നൽകുന്നു. 30 മുതൽ 40 വരെ ആണവ പോർമുനകൾ അവർക്കുണ്ടെന്നാണു കരുതപ്പെടുന്നത്. ദക്ഷിണ കൊറിയയ്ക്ക് ആണവായുധമില്ല. എങ്കിലും പുതിയ സാഹചര്യങ്ങളിൽ അവരും ആണവായുധ വികസനം തുടങ്ങുമോയെന്ന സംശയം നിലനിൽക്കുന്നു.

ഉത്തര കൊറിയയിൽ നിന്നുള്ള മിസൈൽ ഭീഷണി നേരിടാൻ പ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള പദ്ധതി ദക്ഷിണ കൊറിയ നടപ്പാക്കുന്നുണ്ട്.

Content retrieved from: https://www.manoramaonline.com/technology/defence/2024/11/10/north-korea-gps-manipulation.html.

By admin

Leave a Reply

Your email address will not be published. Required fields are marked *