ഇനി കൺവ്യൂഷനുമില്ല, തപ്പിതിരയലും വേണ്ട. ഗൂഗിളിൽ പത്തോ ഇരുപതോ ടാബുകൾ ഒരേസമയം തുറന്നിടുന്ന ശീലമുള്ളവരാണോ നിങ്ങൾ, നിങ്ങൾക്കുള്ള പരിഹാരവുമായി ദേ ഗൂഗിൾ എത്തി. ഈ പ്രശ്നത്തിന് ഗൂഗിൾ ക്രോം ഇപ്പോൾ ഒരു കിടിലൻ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഇനി മുതൽ ടാബുകൾ ബ്രൗസറിന് മുകളിൽ മാത്രമല്ല, വശങ്ങളിലും അടുക്കിവെക്കാം. ‘വെർട്ടിക്കൽ ടാബ്സ്’ എന്ന ഈ പുതിയ ഫീച്ചർ ക്രോമിലേക്ക് എത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ടെക് ലോകം ഏറ്റെടുത്തിരിക്കുന്നത്.
വശങ്ങളിൽ ടാബുകൾ വരുന്നതോടെ വെബ്പേജിന്റെ തലക്കെട്ട് പൂർണ്ണമായി വായിക്കാനും നമുക്ക് ആവശ്യമുള്ള ടാബ് പെട്ടെന്ന് കണ്ടെത്താനും സാധിക്കും. ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ക്രോം വിൻഡോയിൽ ജസ്റ്റ് ഒന്ന് റൈറ്റ് ക്ലിക്ക് ചെയ്ത് ഷോ ടാബ്സ് വെർട്ടിക്കലി (Show Tabs Vertically) കൊടുത്താൽ മാത്രം മതി.
അതോടൊപ്പം, വായന തടസപ്പെടാതിരിക്കാൻ മറ്റൊരു അടിപൊളി മാറ്റം കൂടി ഗൂഗിൾ കൊണ്ടുവന്നിട്ടുണ്ട്. വായനയ്ക്കിടയിൽ തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള വെബ്സൈറ്റുകളിലെ പരസ്യങ്ങളും പോപ്പ്-അപ്പുകൾക്കും പരിഹാരവുമായിട്ടാണ് ഗൂഗിൾ പുതിയ റീഡിംഗ് മോഡ് കൊണ്ടുവന്നിരിക്കുന്നത്. പേജിലെ അനാവശ്യ ബഹളങ്ങളെല്ലാം ഒഴിവാക്കി വായനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന ഒരു ഫുൾ പേജ് ഡിസൈനാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
ഇപ്പോൾ ജെമിനി എഐ പോലുള്ള അത്യാധുനിക ഫീച്ചറുകൾക്കൊപ്പം ക്രോമിനെ കൂടുതൽ സ്മാർട്ടാക്കാനാണ് കമ്പനിയുടെ നീക്കം. വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും ഈ അപ്ഡേറ്റ് എത്തും. പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് ഗൂഗിൾ വെബ് ബ്രൗസിംഗ് അനുഭവം കൂടുതൽ ലളിതമാക്കുന്നു.
technology google chrome readingmode vertical tabs

