കാലം മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകൾ മാറിമറിയുകയാണ്. ഭവനവിപണിയിലെ കാര്യവും മറിച്ചല്ല. വീടുകളെക്കുറിച്ചുള്ള സങ്കൽപം, ജീവിതശൈലി, സൗകര്യങ്ങൾ എന്നിവയിൽ പുതിയ ട്രെൻഡുകൾ കാണാൻ കഴിയും. ഇന്ത്യൻ ഭവനവിപണി ഈ വർഷം ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 2026ൽ ഭവനവിപണിയിൽ വരാൻ പോകുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്:
1. സ്വാസ്ഥ്യം അടിസ്ഥാനമാക്കിയ ഇടങ്ങൾ
ശാരീരിക-മാനസിക ആരോഗ്യം പ്രധാനമായതുകൊണ്ടുതന്നെ വെളിച്ചവും വായുസഞ്ചാരവും ധാരാളമായി ലഭിക്കുന്ന വീടുകൾക്ക് പ്രിയമേറും. അപ്പാർട്ട്മെന്റുകളായാലും സ്വതന്ത്ര വീടുകളായാലും അകത്തും പുറത്തും തുറസായ ഇടങ്ങൾ ഉൾപ്പെടുത്തുന്നവയ്ക്കാണ് കൂടുതൽ ആവശ്യക്കാർ ഉണ്ടാകുന്നത്. മാറുന്ന ജീവിത ശൈലിക്ക് അനുയോജ്യമായ സമഗ്രമായ സൗകര്യങ്ങൾക്കും പ്രാധാന്യമേറുന്നുണ്ട്. സാമൂഹിക ബന്ധങ്ങൾ നിലനിർത്തിക്കൊണ്ട് ജീവിക്കാനുള്ള സൗകര്യം വീടുവാങ്ങാനുള്ള തീരുമാനത്തെ നിർണയിക്കുന്ന ഘടകമായി മാറുന്നുണ്ടെന്ന് നിരീക്ഷകർ പറയുന്നു.
2. സുസ്ഥിരത ഓപ്ഷനല്ല, അടിസ്ഥാന ആവശ്യം
ADVERTISEMENT
തൊഴിലിടങ്ങളുടെ സാമീപ്യം ആധുനിക സൗകര്യങ്ങൾ എന്നിവക്കെല്ലാം ഉപരി സുസ്ഥിരത ഉറപ്പാക്കുന്ന വീടുകളുടെ പ്രാധാന്യം ആളുകൾ തിരിച്ചറിഞ്ഞു. കാലാവസ്ഥാ മാറ്റം, ഉയർന്ന യൂട്ടിലിറ്റി ചെലവുകൾ എന്നിവയെല്ലാം മൂലം സുസ്ഥിര ഭവനങ്ങളിലേക്ക് ജനങ്ങൾ കൂടുതലായി ആകൃഷ്ടരാകുന്നു. ഊർജക്ഷമത, സോളർ പാനലുകൾ, മഴവെള്ള സംഭരണം, മാലിന്യ സംസ്കരണം എന്നിവയെല്ലാം പരിഗണിക്കപ്പെടും.
സുസ്ഥിരത അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് സൊല്യൂഷൻസ് സ്ഥാപനമായ കാർബൺ ഗാർഡിയൻസിന്റെ റിപ്പോർട്ടനുസരിച്ച് 2032 ആകുമ്പോഴേക്കും ഇന്ത്യയുടെ ഹരിത നിർമാണ വിപണി ഏകദേശം 85 ബില്യൻ ഡോളറായി വളരും. സുസ്ഥിര ഭവനങ്ങൾക്ക് ഈ വർഷം ഡിമാൻഡ് ഏറും. ഇവയുടെ പുനർവിൽപന മൂല്യവും ഉയരും.
Representative Image generated using AI Assist
3. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭവനങ്ങൾ
കാലാവസ്ഥാ മാറ്റത്തിന്റെ ഭവിഷ്യത്തുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ പ്രതികൂല കാലാവസ്ഥകളെ ചെറുത്തുനിൽക്കാൻ ഉപകരിക്കുന്ന വീടുകൾ ആളുകൾ കൂടുതലായി തേടുന്നുണ്ട്. താപതരംഗങ്ങൾ, വേനൽക്കാലം എന്നിവ എസിയുടെയും മറ്റു കൂളിങ് സംവിധാനങ്ങളുടെയും ഉപയോഗം വർധിപ്പിക്കുന്നു. ഇത് കണക്കാക്കി സ്വാഭാവിക പരിഹാരങ്ങൾ ഉൾപ്പെടുത്തുന്ന വീടുകൾക്ക് ഡിമാൻഡ് കൂടും.
ADVERTISEMENT
ക്രോസ് വെന്റിലേഷൻ, ഷെയ്ഡുകളുള്ള ബാൽക്കണികൾ, ഹീറ്റ് റിഫ്ലെക്റ്റീവ് റൂഫുകൾ തുടങ്ങിയവ വീട് വാങ്ങാനുള്ള തീരുമാനത്തിൽ സ്വാധീനമാകും.
4. ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഡിസൈൻ
ആഡംബര ലുക്ക് എന്നതിനപ്പുറം പ്രായോഗികതയ്ക്കും ആവശ്യങ്ങൾക്കും ഉതകുന്ന തരത്തിലുള്ള ഡിസൈനുകളോട് താൽപര്യം വർധിക്കുന്നു. ഹൈബ്രിഡ് – വർക്ക് ഫ്രം ഹോം രീതികൾക്ക് അനുയോജ്യമായ സോണുകൾ, കുടുംബത്തോടൊപ്പം സമയം പങ്കിടാൻ ഇടങ്ങൾ, വ്യക്തിഗത സ്വകാര്യത എന്നിവയ്ക്കു പ്രാധാന്യമേറുന്നു. പതിവ് പാറ്റേണുകളിൽ നിന്നും മാറി ഇത്തരം ഡെഡിക്കേറ്റഡ് ഇടങ്ങളുള്ള വീടുകൾക്കാവും ഇനി കൂടുതൽ ഡിമാൻഡ്.
5. സ്മാർട്ട് ഹോമുകൾ
ADVERTISEMENT
ഹോം ഓട്ടമേഷൻ സംവിധാനങ്ങളും വീട് വാങ്ങാനുള്ള തീരുമാനത്തിൽ നിർണായക ഘടകമാകും. ഇത്തരം സൗകര്യങ്ങൾ ഫാൻസിയായല്ല, മറിച്ച് അടിസ്ഥാന ആവശ്യമായിത്തന്നെ കണക്കാക്കി തുടങ്ങിയിരിക്കുന്നു. ഇടത്തരം വീടുകളിൽ പോലും സ്മാർട്ട് ഹോം ഓട്ടമേഷൻ എത്തിക്കഴിഞ്ഞു. ഗൃഹോപകരണങ്ങൾ കണ്ട്രോൾ ചെയ്യാനും സുരക്ഷ ഉറപ്പാക്കാനും ഊർജ ഉപഭോഗം നിയന്ത്രിക്കാനുമുള്ള ടെക്നോളജികൾ ഉൾപ്പെടുത്താത്ത വീടുകൾ ഔട്ട്ഡേറ്റഡായി മാറുകയാണ്.

