കൊല്ലം∙ കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന നെൽക്കർഷകർക്കു വിള സംരക്ഷണത്തിനായി നൂതന സാങ്കേതികവിദ്യയുമായി അമൃത സർവകലാശാല. സർവകലാശാലയ്ക്കു കീഴിലുള്ള അമൃത ടെക്നോളജി എനേബ്ലിങ് സെന്റർ വികസിപ്പിച്ച നെല്ലുണക്ക് യന്ത്രമാണു ശ്രദ്ധേയമാകുന്നത്. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ വികസിപ്പിച്ച നിയന്ത്രിത അന്തരീക്ഷ വിളവെടുപ്പ് ഉണക്കൽ സംവിധാനം ഉപയോഗിച്ചു പോഷക-ഔഷധ ഗുണങ്ങളോ സുഗന്ധമോ നഷ്ടപ്പെടാതെ നെല്ല് ഏകീകൃത താപനിലയിൽ ഉണക്കിയെടുക്കാൻ സാധിക്കും. മഴ കാരണം ഈർപ്പം തങ്ങി പൂപ്പൽ പിടിക്കുന്നതു മൂലമുള്ള നഷ്ടം ഒഴിവാക്കാം.
കേരളത്തിൽ മഴക്കാലം നെൽക്കൃഷിയെ സാരമായി ബാധിച്ചിരുന്നു. ഈ വെല്ലുവിളി മറികടക്കാനാണ് അമൃത പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. ഞവര, ജീരകശാല, ഗന്ധകശാല, രക്തശാലി തുടങ്ങിയ കേരളത്തിന്റെ പൈതൃക നെല്ലിനങ്ങളെ സംരക്ഷിക്കുകയും അവയുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കുകയുമാണു ലക്ഷ്യം. അമൃത വിശ്വവിദ്യാപീഠം ചാൻസലർ മാതാ അമൃതാനന്ദമയിയുടെ നിർദേശപ്രകാരമാണു വിഷയത്തിൽ ഗവേഷണം ആരംഭിച്ചത്. ഡീൻ ഡോ. കൃഷ്ണശ്രീ അച്യുതന്റെ നേതൃത്വത്തിലാണു യന്ത്രം വികസിപ്പിച്ചത്.
400 കിലോ നെല്ല്
അമൃത സർവകലാശാല വികസിപ്പിച്ച നെല്ലുണക്കു യന്ത്രത്തിന് ഒരേസമയം 400 കിലോഗ്രാം നെല്ല് ഉണക്കാനാകും. 4 മണിക്കൂറാണ് ഉണക്കാനെടുക്കുന്ന സമയം.

