അധികാരശ്രേണിയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് ആമസോണ്‍. വിവിധ തലങ്ങളിലായി മധ്യനിര മാനേജ്‌മെന്റ് തസ്തികകളിലെ വര്‍ധനവ് തീരുമാനങ്ങളെടുക്കുന്നതില്‍ കാലതാമസം സൃഷ്ടിക്കുന്നതിനാല്‍ കമ്പനിയുടെ അധികാരശ്രേണി ലഘൂകരിക്കുകയാണ് ലക്ഷ്യമെന്ന് ആമസോണ്‍ സി.ഇ.ഒ ആന്‍ഡി ജാസി വ്യക്തമാക്കി. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും കൂടുതല്‍ ചടുലമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടുള്ള പുനഃസംഘടനയാണ് ലക്ഷ്യമിടുന്നത്.
ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍, ജാസി നിലവിലെ ഘടനയെ വിമര്‍ശിച്ചു. കമ്പനിയിലേക്ക് ധാരാളം ആളുകളെ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ധാരാളം മിഡില്‍ മാനേജര്‍മാരെയാണ് നേടുന്നത്. ഈ മധ്യനിര മാനേജ്‌മെന്റിന്റെ എണ്ണം പലപ്പോഴും അനാവശ്യമായ ഉദ്യോഗസ്ഥമേധാവിത്വത്തിലേക്ക് നയിക്കുകയും കമ്പനിയുടെ പുരോഗതിയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ പ്രീ മീറ്റിങ്ങിലും തീരുമാനങ്ങളെടുക്കേണ്ട മീറ്റിങ്ങുകളിലും ഉണ്ടാകും. എന്നാല്‍ ശുപാര്‍ശകള്‍ നല്‍കുകയോ നേട്ടങ്ങള്‍ കൈവരിക്കുകയോ ചെയ്യുകയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മനേജര്‍ തലം കുറച്ച് വ്യക്തികള്‍ക്ക് അവരുടെ ജോലിയില്‍ കൂടുതല്‍ അവകാശം നല്‍കുന്നതുവഴി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പുനഃസംഘടനയുടെ ലക്ഷ്യം. തീരുമാനമെടുക്കല്‍ പ്രക്രിയകള്‍ വേഗത്തിലാക്കുക, ഉത്തരവാദിത്ത സംസ്‌കാരം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഉദ്യോഗസ്ഥ ഘടനയിലെ ഈ മാറ്റത്തിന് പിന്നിലുണ്ട്. അദ്ദേഹം വ്യക്തമാക്കി.