Breaking
29 Apr 2025, Tue

ലോകത്തെ ഏറ്റവും നല്ല കൺസ്യൂമർ ലാപ്ടോപ്, എം4 പ്രൊസസറുള്ള എയർ ശ്രേണിയുമായി ആപ്പിൾ

നിര്‍മിത ബുദ്ധി (എഐ) പ്രവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  വാങ്ങാവുന്ന ലോകത്തെ ഏറ്റവും നല്ല കണ്‍സ്യൂമര്‍ ലാപ്‌ടോപ് അവകാശവാദവുമായി ആപ്പിള്‍ കമ്പനി പുതിയ എയര്‍ സീരിസ് പരിചയപ്പെടുത്തി. കമ്പനി സ്വന്തമായി വികസിപ്പിച്ച എം4 പ്രൊസസര്‍ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. വിന്‍ഡോസ് കംപ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ ‘എഐ പിസി’ എന്ന വിവരണവുമായി വില്‍ക്കുന്ന ലാപ്‌ടോപ്പുകളില്‍ നിന്ന് ഉപയോക്താക്കളുടെ ശ്രദ്ധതിരിക്കാന്‍ ആപ്പിള്‍ തന്ത്രമാണ് ഇവിടെ കാണാനാകുന്നത്.

ആപ്പിളിന്റെ ലാപ്‌ടോപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വകഭേദമാണിത്. തുടക്ക വേരിയന്റില്‍ 10-കോര്‍ സിപിയു, 10 കോര്‍ വരെ ജിപിയു, 16ജിബി യൂണിഫൈഡ് മെമ്മറി എന്നവയാണ് ഉള്ളത്. റാം 32 ജിബി വരെ ഉള്‍ക്കൊള്ളുന്ന വില കൂടിയ മോഡലുകളും ഉണ്ട്.

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് മാക്ബുക്ക് എയര്‍ ശ്രേണി വില്‍ക്കുന്നത് എന്ന് ആപ്പിള്‍ പറയാറുണ്ട്. പുതിയ 13-ഇഞ്ച് മോഡലിന്റെ തുടക്ക വേരിയന്റിന് ഇന്ത്യയിലെ വില 99,900 രൂപയാണ്. എന്നാല്‍, 15-ഇഞ്ച് സ്‌ക്രീന്‍ വേണമെന്നുള്ളവര്‍ തുടക്ക വേരിയന്റിന് 124,900 രൂപ നല്‍കണം. ഇവ രണ്ടും മാര്‍ച്ച് 12 മുതല്‍ സ്റ്റോറുകളില്‍ വില്‍പ്പനയെക്കെത്തും എന്ന് കമ്പനി പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇറക്കിയ ഐപാഡ് പ്രോ, ഐമാക് എന്നിവയില്‍ കണ്ട അതേ പ്രൊസസര്‍ ആണ് ഇത്. കമ്പനി നല്‍കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ കാര്യക്ഷമത നല്‍കിയേക്കും. എം4 മാക്ബുക്ക് എയര്‍ രണ്ടു സ്‌ക്രീന്‍ സൈസുകളില്‍ ലഭ്യമായിരിക്കും. 13ഇഞ്ച്, 15ഇഞ്ച്. ഇവയില്‍ 12എംപി സെന്റര്‍ സ്റ്റേജ് ക്യാമറയും ഉണ്ട്. 18 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാവുന്ന ബാറ്ററിയാണ് അടക്കംചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

പുതിയ ചിപ്പിന് രണ്ട് എക്‌സ്റ്റേണൽ ഡിസ്‌പ്ലേകളിലേക്ക് വരെ സ്‌ക്രീന്‍ പകര്‍ന്നു നല്‍കാന്‍ സാധിക്കും. ഇതിനു മുമ്പുള്ള തുടക്ക ചിപ്പുകള്‍ക്ക് ഒറ്റ മോണിട്ടര്‍ സപ്പോര്‍ട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

എം4 മാക്‌സ്, എം3 അള്‍ട്രാ പ്രൊസസറുകളില്‍ പ്രവര്‍ത്തിക്കുന്ന മാക് സ്റ്റുഡിയോ

വിഡിയോ എഡിറ്റര്‍മാര്‍, കോഡര്‍മാര്‍, ഗ്രാഫിക് ഡിസൈനേഴ്‌സ് തുടങ്ങിയ മേഖലയിലുള്ളവര്‍ അടക്കമുള്ള പവര്‍ യൂസര്‍മാരെ ലക്ഷ്യമിട്ട് ഇറക്കുന്ന മാക് സ്റ്റുഡിയോ ശ്രേണിയും പുതുക്കി. കരുത്തന്‍ സിപിയു മാത്രമായി വില്‍ക്കുന്ന മാക് സ്റ്റുഡിയോയെ മാക് മിനി മോഡലിന്റെ കരുത്തന്‍ വേര്‍ഷന്‍ എന്നു വേണമെങ്കിലും വിളിക്കാം.

അലുമിനിയം ഉപയോഗിച്ച് ക്യൂബ് ആകാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന മാക് സ്റ്റുഡിയോയുടെ യുഎസ്ബി-സി പോര്‍ട്ടുകളും, കാര്‍ഡ് റീഡറും മുമ്പില്‍ തന്നെയാണ് ഉള്ളത്. എയര്‍ ശ്രേണിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എം4 പ്രൊസസറിനെക്കാള്‍ കരുത്തുറ്റ എം4 മാക്‌സ് ആണ് ഇതില്‍.

എം4 മാക്‌സ് പ്രൊസസറിന് 16-കോര്‍ സിപിയു വരെയും, 40-കോര്‍ ജിപിയു വരെയും ഉള്ള വേരിയന്റുകള്‍ ഉണ്ടായിരിക്കും. സെക്കന്‍ഡില്‍ അര ടിബി യുണിഫൈഡ് മെമ്മറി ബന്‍ഡ് വിഡ്തും ഉണ്ട്. എം1 മാക്‌സ് പ്രൊസസറിനേക്കാള്‍ 3 മടങ്ങ് വേഗതയാര്‍ന്ന ന്യൂറല്‍ എഞ്ചിനും അടക്കംചെയ്തിരിക്കുന്നു.

എം4 മാക്‌സിലുള്ള ജിപിയുവില്‍ നൂതന ഗ്രാഫിക്‌സ് ആര്‍കിടെക്ചര്‍, ഹാര്‍ഡ്‌വെയര്‍ ആക്‌സലറേറ്റഡ് മെഷ് ഷെയ്ഡിങ്, രണ്ടാം തലമുറയിലെ റേ ട്രേസിങ് എഞ്ചിന്‍ എന്നിവയും ഉണ്ട്. എം4 മാക്‌സ് മാക് സ്റ്റുഡിയോയുടെ പ്രാരംഭ വേരിയന്റിന് 32 ജിബി യൂണിഫൈഡ് മെമ്മറിയാണ് ഉള്ളത്. ആവശ്യമുള്ളവര്‍ക്ക് ഇത് 128ജിബി വരെ വര്‍ദ്ധിപ്പിക്കുയും ചെയ്യാം.

പുതിയ മാക് സ്റ്റുഡിയോയില്‍ ആപ്പിള്‍ ഇന്റലിജന്‍സ് കൂടുതല്‍ സുഗമമായി പ്രവര്‍ത്തിക്കും എന്ന് എടുത്തുപറയേണ്ട കാര്യമല്ലല്ലോ. എഐ-പ്രയോജനപ്പെടുത്തിയുള്ള എഴുത്ത് ടൂളുകള്‍, എഡിറ്റിങ് ഫീച്ചറുകള്‍ തുടങ്ങി പുന:ക്രമീകരിച്ച സിരി വരെ ഉണ്ട്.

മാക് സ്റ്റുഡിയോയ്ക്ക് എം3 മാക്‌സ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഒരു വേരിയന്റും ആപ്പിള്‍ പ്രദര്‍ശിപ്പിച്ചു. മാക് സ്റ്റുഡിയോയുടെ തുടക്ക വേരിയന്റിന്റെ വില 219,400 രൂപ ആയിരിക്കും. ഇതിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചു. മാര്‍ച്ച് 12ന് വില്‍പ്പനയ്‌ക്കെത്തും. റാമും, പ്രൊസസറുമൊക്കെ ഉപയോക്താവിന്റെ ആവശ്യാനുസരണമോ കീശയുടെ വലിപ്പമനുസരിച്ചോ കോണ്‍ഫിഗര്‍ ചെയ്ത് വാങ്ങാം.

മാക് സ്റ്റുഡിയോ ആപ്പിള്‍ ആദ്യമായി പരിചയപ്പെടുത്തിയത് 2022ല്‍ ആയിരുന്നു. അത് കമ്പനിയുടെ 27-ഇഞ്ച് സ്റ്റുഡിയോ ഡിസ്‌പ്ലെയുമായി പെയര്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാമെന്നായിരുന്നു കമ്പനി പറഞ്ഞത്. ആപ്പിള്‍ ചിപ് ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സ്റ്റുഡിയോ ഡിസ്‌പ്ലെക്ക് 5കെ റെസലൂഷനായിരുന്നു ഉണ്ടായിരുന്നത്. ബില്‍റ്റ്-ഇന്‍ സ്പീക്കര്‍, ക്യാമറ തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ മേന്മകളും ഉണ്ടായിരുന്നു.

പുതിയ മാക് സ്റ്റുഡിയോയും ഈ ഡിസ്‌പ്ലെയുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍ കൂടുതല്‍ മികച്ച പ്രടനം ലഭിച്ചേക്കും. കുറച്ചുകൂടെ പ്രൊഫഷണല്‍ സ്‌ക്രീനും ഫീച്ചറുകളും വേണമെന്നുള്ളവര്‍ക്ക് ആപ്പിളിന്റെ ഏറ്റവും മികച്ച പ്രോ എക്‌സ്ഡിആര്‍ ഡിസ്‌പ്ലെയും പരിഗണിക്കാം. ആപ്പിള്‍ വില്‍ക്കുന്ന ഡിസ്‌പ്ലെ വാങ്ങേണ്ടന്നുള്ളവര്‍ക്ക് ഏതു ഡിസ്‌പ്ലെയും ഉപയോഗിക്കാം.

ഐപാഡ് 11-ാം തലമുറയും, ഐപാഡ് എയര്‍ 7-ാം തലമുറയും പരിചയപ്പെടുത്തി

‌എ16 പ്രൊസസര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 11-ാം തലമുറയിലെ ഐപാഡും, എം3 പ്രൊസസര്‍ ഉള്ള 7-ാം തലമുറയിലെ ഐപാഡ് എയറും ആപ്പിള്‍ പരിചയപ്പെടുത്തി. 11-ാം തലമുറയിലെ ഐപാഡ് ശ്രേണിയുടെ വില ആരംഭിക്കുന്നത് 34,900 രൂപ മുതലാണ്. ഇതിന് 128ജിബി സംഭരണശേഷിയാണ് ഉള്ളത്. എന്നാല്‍, എഐ ഫീച്ചറുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന ഒരു ടാബ് ആണ് വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഐപാഡ് എയര്‍ ആയിരിക്കും കൂടുതല്‍ ഉചിതം.

ഐപാഡ് എയര്‍ 7-ാം തലമുറയ്ക്ക് രണ്ടു വേരിയന്റുകളുണ്ട്-11-ഇഞ്ചും, 13-ഇഞ്ചും. ഇവയുടെ വില ആരംഭിക്കുന്നത് യഥാക്രമം 59,900 രൂപയും 79,900 രൂപയും മുതലായിരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *