Breaking
29 Apr 2025, Tue

എഐ നമ്മുടെ അന്തകനാകും; 30 വര്‍ഷത്തിനുള്ളില്‍ സര്‍വനാശം! പ്രവചിച്ച് ഹിന്‍ഡന്‍

എഐ (നിര്‍മിത ബുദ്ധി)യുടെ തലതൊട്ടപ്പന്‍ എന്നാണ് ബ്രിട്ടിഷ് കനേഡിയന്‍ കംപ്യൂട്ടര്‍ സയന്‍റിസ്റ്റും നൊബേല്‍ ജേതാവുമായ ജെഫ്രി ഹിന്‍ഡന്‍ അറിയപ്പെടുന്നത്. താന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ മാനവരാശിയുടെ ഉന്‍മൂലനത്തിന്  വഴി തെളിച്ചേക്കാമെന്ന ആശങ്ക വീണ്ടും പങ്കുവയ്ക്കുകയാണ് ഹിന്‍ഡന്‍. വരുന്ന 30 വര്‍ഷത്തിനുള്ളില്‍ നിര്‍മിത ബുദ്ധി മനുഷ്യന്‍റെ നാശത്തിന് കാരണമായിത്തീരുമെന്നാണ് ഹിന്‍ഡന്‍റെ പ്രവചനം. 10–20 ശതമാനം വരെ സാധ്യത ഇതിനുണ്ടെന്ന് അദ്ദേഹം ബിബിസി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

എഐ മനുഷ്യന്‍റെ നാശത്തിന് കാരണമായേക്കാനുള്ള സാധ്യത 10 ശതമാനം മാത്രമാണെന്നായിരുന്നു ഈ വര്‍ഷം ആദ്യം ഹിന്‍ഡന്‍ പറഞ്ഞിരുന്നത്. മനുഷ്യനെക്കാള്‍ ബുദ്ധിയുള്ള ഒന്നുമായും ഇതേവരെ ഇടപെടേണ്ടി വന്നിട്ടില്ലെന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ബുദ്ധി കുറഞ്ഞ ഒന്ന് കൂടിയ ബുദ്ധിയുള്ള മറ്റൊന്നിനെ നിയന്ത്രിക്കുന്നത് സാധാരണമല്ലെന്നും ഉദാഹരണമായി അദ്ദേഹം പറയുന്നു. ‘അമ്മയും മൂന്ന് വയസുള്ള കുഞ്ഞും മാത്രമാണ് ചൂണ്ടിക്കാട്ടാനാവുന്ന ഉദാഹരണം. മൂന്നുവയസുകാരനെ കൊണ്ട് അമ്മയെ നിയന്ത്രിക്കുന്ന നിലയിലെത്തിക്കാന്‍ പരിണാമം വളരെ പണിപ്പെട്ടിട്ടുണ്ട്’. കുഞ്ഞുങ്ങളെ പോലെയാണ് എഐ സംവിധാനങ്ങളുടെ പ്രവര്‍ത്തനമെന്നാണ് ടൊറന്‍റോ സര്‍വകലാശാലയിലെ പ്രഫസര്‍ എമിരറ്റസായ ഹിന്‍ഡന്‍ പറയുന്നത്. മൂന്ന് വയസുള്ളപ്പോള്‍ നിങ്ങള്‍ എങ്ങനെയായിരുന്നുവെന്നും ഇപ്പോള്‍ എങ്ങനെ ഇരിക്കുന്നുവെന്നും ചിന്തിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഗൂഗിളില്‍ നിന്ന് 2023 ല്‍ രാജിവച്ചതിന് പിന്നാലെയാണ് നിര്‍മിത ബുദ്ധിയെ കുറിച്ചുള്ള തന്‍റെ ആശങ്കകളും അത് മനുഷ്യര്‍ക്കുണ്ടാക്കിയേക്കാവുന്ന തലവേദനകളെയും കുറിച്ച് ഹിന്‍ഡന്‍ നിലപാടുകള്‍ തുറന്ന് പറഞ്ഞത്. തെറ്റായി ചിന്തിക്കുന്നവരുടെ കൈയില്‍ എഐ എത്തിയാല്‍ ദുരന്തമാകും ഉണ്ടാവുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അടുത്ത 20 വര്‍ഷം കൊണ്ട് എഐ ലോകത്തില്‍ അതിശയകരവും ഒപ്പം ഭീതിദവുമായ മാറ്റങ്ങളാകും കൊണ്ടുവരികയെന്നും ആലോചിക്കുമ്പോള്‍ തന്നെ ഭയമാകുന്നുവെന്നും അദ്ദേഹം പറയുന്നു. എഐ ഉപയോഗം താന്‍ വിചാരിച്ചതിലും അതിവേഗത്തിലാണ് വ്യാപകമായതെന്നും എഐ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ആവശ്യമാണെന്നും സ്വകാര്യ ടെക് കമ്പനികളെ ആശ്രയിച്ചാല്‍ അവര്‍ ലാഭക്കൊതിയോടെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന ആശങ്കയും ഹിന്‍ഡന്‍ പ്രകടിപ്പിക്കുന്നു. സുരക്ഷിതമായ എഐ ഉപയോഗത്തിനായി കൂടുതല്‍ പഠന ഗവേഷണങ്ങള്‍ നടക്കേണ്ടിയതുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Content retrieved from: https://www.manoramanews.com/technology/ai-world/2024/12/29/artificial-intellegence-could-wipe-out-humanity.html.

By admin

Leave a Reply

Your email address will not be published. Required fields are marked *