Breaking
29 Apr 2025, Tue

30 ഹെക്ടറോളം വിസ്തൃതിയുള്ള തടങ്കൽപ്പാളയം, ഒരു ദിവസം ജയിൽ ചാടിയത് 1104 സൈനികർ; കൗറ ബ്രേക്ഔട്ട് ഇങ്ങനെ

രണ്ടാം ലോകയുദ്ധം യൂറോപ്പിൽ മാത്രമായിരുന്നില്ല നടന്നത്. ഏഷ്യൻ രാജ്യമായ ജപ്പാനും രണ്ടാംലോകയുദ്ധത്തിലെ പ്രധാന കക്ഷികളിൽ ഒരാളായിരുന്നു.രണ്ടാംലോകയുദ്ധത്തിലെ ഏറ്റവും വലിയ ജയിൽച്ചാട്ടമായിരുന്നു കൗറ ബ്രേക് ഔട്ട്. 1940ൽ ഓസ്ട്രേലിയയിലെ ഒരു ചെറുപട്ടണമായിരുന്നു കൗറ. മൂവായിരത്തോളം പേർ മാത്രമായിരുന്നു കൗറയിൽ താമസം. രണ്ടാം ലോകയുദ്ധം നടന്ന കാലഘട്ടത്തിൽ കൗറയിൽ ഒരു വലിയ തടങ്കൽപ്പാളയം പ്രവർത്തിച്ചിരുന്നു. ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യുദ്ധത്തടവുകാരായിരുന്നു കൗറയിൽ. 30 ഹെക്ടറോളം വിസ്തൃതിയുള്ള തടങ്കൽപ്പാളയമായിരുന്നു കൗറ.

യുദ്ധത്തിൽ കീഴടങ്ങുക എന്നാൽ ഏറ്റവും വലിയ നാണക്കേടായി ജപ്പാൻ സേന കരുതിപ്പോന്നു. യുദ്ധത്തടവുകാരായി ശത്രുരാജ്യത്ത് കഴിയുന്നതിന്റെ നാണക്കേട് അവരെ അലട്ടി. ശക്തമായ കാവൽ സംവിധാനങ്ങളുണ്ടായിരുന്ന ക്യാംപായിരുന്നു കൗറയിലേത്. ക്യാംപിനു ചുറ്റും മുള്ളുവേലികളാൽ നിർമിച്ച വേലികളും 6 ഗാർഡ് ടവറുകളും എപ്പോഴും റോന്തു ചുറ്റുന്ന പാറാവുകാരും അവിടെയുണ്ടായിരുന്നു.എങ്കിലും രക്ഷപ്പെടാൻ കുറേ ജാപ്പനീസ് സൈനികർ തീരുമാനിച്ചു.

മുള്ളുവേലികൾ തകർത്തു ജയിൽചാട്ടം

1944 ഓഗസ്റ്റ് 5 പുലർച്ചെയാണ് ഇതിനായി അവർ തിര‍ഞ്ഞെടുത്ത സമയം. ക്യാംപിനുള്ളിൽ തങ്ങളുടെ താമസസ്ഥലത്തിനു തീയിട്ടശേഷം മൂർച്ചപ്പെടുത്തിയ ഇരുമ്പും ബേസ്ബോൾ ബാറ്റുകളുമെല്ലാമായി ജപ്പാൻകാർ മുള്ളുവേലികൾ തകർത്തു മുന്നോട്ടുനീങ്ങി. ഓസ്ട്രേലിയൻ സൈന്യം രംഗത്തെത്തിയെങ്കിലും അവർ എണ്ണത്തിൽ കുറവായിരുന്നു. ഇടയ്ക്ക് വെടിവയ്പിൽ ഇലക്ട്രിക് ലൈനിന് തകരാർ പറ്റി വൈദ്യുതിയും നഷ്ടമായി.

1104 ജാപ്പനീസ് സൈനികർ ഇങ്ങനെ രക്ഷപ്പെട്ടെന്നാണു കണക്ക്. എന്നാൽ ആ രക്ഷപ്പെടൽ താൽക്കാലികം മാത്രമായിരുന്നു. 231 സൈനികർ മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വെടിവയ്പില്‍ മരിച്ചവും ആത്മഹത്യ ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. ബാക്കിയുള്ളവരെ ഓസ്ട്രേലിയ പിടികൂടി.

ഇപ്പോൾ കൗറ രാജ്യാന്തര സൗഹൃദത്തിന്റെ പ്രതീകമാണ്. ജപ്പാനും ഓസ്ട‌്രേലിയയുമായുള്ള ഊഷ്മള ബന്ധത്തിന്റെ അടയാളമാണ് ഇപ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ജാപ്പനീസ് പൂന്തോട്ടം.

Content retrieved from: https://www.manoramaonline.com/technology/defence/2024/11/13/the-cowra-breakout-remembering-and-reflecting-on-australias-biggest-prison-escape.html.

By admin

Leave a Reply

Your email address will not be published. Required fields are marked *