ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ ഇന്റർനെറ്റ് ബ്രൗസറാണ് ഗൂഗിൾ ക്രോം. ഇപ്പോഴിതാ ഉപയോക്താക്കളുടെ സുരക്ഷ മുൻ നിർത്തി ഒരു സുപ്രധാന ഫീച്ചർ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് ക്രോം. ഉപയോക്താക്കൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകളുടെ വിശ്വാസ്യത പരിശോധിക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്.
‘സ്റ്റോർ റിവ്യൂസ്’ എന്ന ഈ ഫീച്ചർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പിന്തുണയിലാണ് പ്രവർത്തിക്കുന്നതെന്ന് ഉറവിടങ്ങൾ അറിയിച്ചു. വെബ്സൈറ്റിനെ കുറിച്ച് “Trust Pilot, Scam Advisor” പോലുള്ള സ്വതന്ത്ര വെബ്‌സൈറ്റുകളിൽ നിന്നുള്ള അവലോകനങ്ങൾ പ്രദർശിപ്പിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുമെന്നാണ് വിവരം.
സ്ഥിരമായി ഉപയോഗിക്കാത്ത വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ അവയുടെ വിശ്വാസ്യത ഉറപ്പിക്കാൻ പുതിയ ഫീച്ചർ ഉപയോഗപ്രദമാകും. യുആർഎൽ അഡ്രസ് ബാറിനു സമീപത്തായി എളുപ്പത്തിൽ ഫീച്ചർ കണ്ടെത്താമെന്നതും സൗകര്യമാണ്.
വെബ്സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ പലരും ഒന്നിലധികം റിവ്യൂ വെബ്സൈറ്റുകൾ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച പണമിടപാട് പോലുള്ള കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ വെബ്സൈറ്റിന്റെ വിശ്വാസ്യത പ്രധാനമാണ്. പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ തട്ടിപ്പു വെബ്സൈറ്റുകളെ എളുപ്പത്തിൽ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
വെബ്‌സൈറ്റിൻ്റെ വിശ്വാസ്യത പരിശോധിക്കുന്നതിനു പുറമെ, അപകടകരമായ വെബ്‌സൈറ്റുകളെ നീരീക്ഷിക്കാനും, ഡൗൺലോഡ് ചെയ്‌ത ഫയലുകളെ തത്സമയം സംരക്ഷിക്കാനും എഐ പവേർഡ് പ്രൊട്ടക്ഷൻ പോലുള്ള പുതിയ എഐ ഫീച്ചറുകളും ഗൂഗിൾ പുറത്തിറക്കുന്നുണ്ട്.
Content retrieved from: https://malayalam.indianexpress.com/tech/google-chrome-ai-store-reviews-feature-website-trust-legitimate-7756814.